( അല്‍ ബഖറ ) 2 : 193

وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انْتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ

നാശമുണ്ടാകാതിരിക്കുന്നതുവരെയും ദീന്‍ അല്ലാഹുവിന് മാത്രമാകുന്നതുവരെയും നിങ്ങള്‍ അവരോട് യുദ്ധംചെയ്യുക, ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍ അപ്പോള്‍ അക്രമികളോടല്ലാതെ ശത്രുതയില്ല.

അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചതിന്‍റെ പേരിലും അവനിലേക്ക് മനുഷ്യരെ വിളിച്ചു എന്നതിന്‍റെ പേരിലും സ്വന്തം വീടുകളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നാടുകളില്‍ നിന്നും പുറത്താക്കപ്പെട്ട വിശ്വാസികള്‍ക്ക് യുദ്ധത്തിന് അനുവാദം കൊടുത്തുകൊണ്ട് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളാണ് ഇവ. 'നാശമുണ്ടാകാതിരിക്കുന്നതുവരെയും ദീന്‍ അല്ലാഹുവിന് മാത്രമാകുന്നതുവരെയും നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക' എന്നതിന്‍റെ വിവക്ഷ എല്ലാവരും വിശ്വാസികളാകുന്നതുവരെ യുദ്ധം ചെയ്യണമെന്നല്ല. അങ്ങനെയായാല്‍ അത് 2: 256 ല്‍ 'സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞിരിക്കുന്നു എന്നിരിക്കെ ദീനില്‍ നിര്‍ബന്ധമില്ല' എന്ന് പറഞ്ഞതിന് വിരുദ്ധമാകും. മറിച്ച് 3: 19 ല്‍ വിവരിച്ച പ്രകാരം മൊത്തം മനുഷ്യര്‍ക്ക് പ്രപഞ്ചനാഥന്‍ തൃപ്തിപ്പെട്ട അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഏക ജീവിതവ്യവസ്ഥയായ ഇസ്ലാം അനുസരിച്ച് ഏതൊരു വിശ്വാസിക്കും ജീവിക്കാന്‍ അവസരമുണ്ടാകുന്നതുവരെ എന്നാണ്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ നാഥന്‍റെ മാര്‍ഗത്തിലുള്ള യുദ്ധമോ വധമോ ഇല്ല. എന്നാല്‍ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ട ഇക്കാലത്ത് അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 9: 73 ല്‍ വിവരിച്ച പ്രകാരം അതിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും ആ ഗ്രന്ഥം കൊണ്ട് അധികരിച്ച ജിഹാദ് നടത്തേണ്ടതാണ്. മനുഷ്യരുടെ ഐക്യം രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യാനും വാഴ്ത്താനും അവസരം ഒരുക്കുകയും ചെയ്യുക എന്നത് ചിന്താശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ്. ഇക്കാര്യം മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടി 2: 62 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ ലോകരില്‍ എത്തിച്ചുകൊടുക്കല്‍ തന്നെയാണ് 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥനെ സഹായിക്കല്‍. അതുതന്നെയാണ് നാഥന്‍റെ സഹായം തിരിച്ച് കിട്ടാനുള്ള മാര്‍ഗവും അദ്ദിക്റിന്‍റെ വഴിയില്‍ ഉറച്ച് നില്‍ക്കാനുള്ള മാര്‍ഗവും. 1: 7; 2: 165-167; 8: 39-40; 48: 6 വിശദീകരണം നോക്കുക.