مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ
അല്ലാഹുവിന് ഏറ്റവും നല്ല ഒരുകടം നല്‍കുന്നവന്‍ ആരുണ്ട്? അപ്പോള്‍ അവന് അത് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്, അല്ലാഹുവാണ് ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്യുന്നത്, അവനിലേക്ക് തന്നെയാണ് നിങ്ങളെല്ലാവരും തിരിച്ചയക്കപ്പെടുന്നതും.
യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ടുള്ള സൂക്തം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് യുദ്ധത്തിന് ആവശ്യമായ ആയുധം, വാഹനം, ഭക്ഷണം മുതലായ യുദ്ധപാഥേയങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി സമ്പത്ത് ചെലവഴിക്കണമെന്ന് കല്‍പിക്കുകയാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നവരുടെ ഉപമ 2: 261 ല്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരു വിത്ത് പാകുന്നതുപോലെയാണ് അത്, ആ വിത്ത് ഏഴ് കതിരുകളുമായി മുളച്ചുവരുന്നു. ഓരോ കതിരിലും നൂറ് മണികളുമുണ്ട്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹുവാണ് ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്യുന്നത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ചിലര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ വിശാലമാക്കിക്കൊടുക്കുന്നതും മറ്റുചിലര്‍ക്ക് പരിമിതമാക്കിക്കൊടുക്കുന്നതും വിജയപരാജയങ്ങള്‍ നല്‍കുന്നതുമെല്ലാം അല്ലാഹു തന്നെയാണ് എന്നാണ്. 5: 12; 57: 18; 64: 17; 73: 20 വിശദീകരണം നോക്കുക.
ഈ സൂക്തം അവതരിച്ചപ്പോള്‍, മദീനയിലുള്ള ജൂതന്മാരും കപടവിശ്വാസികളും, അല്ലാഹു മനുഷ്യരില്‍ നിന്ന് കടം ചോദിക്കുന്ന അവസ്ഥയില്‍ പാപ്പരായിരിക്കുന്നു എന്ന് പരിഹസിച്ചതിന് മറുപടിയായിട്ടാണ് 5: 64 അവതരിപ്പിച്ചത്. നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക എന്നുപറഞ്ഞാല്‍ കാഫിറുകളായവര്‍ വിശ്വാസികളായവരോട് 'അല്ലാഹു ഭക്ഷിപ്പിക്കാന്‍ ഉദ്ദേശിക്കാത്തവരെ ഞങ്ങള്‍ ഭക്ഷിപ്പിക്കുകയോ, നിങ്ങള്‍ക്കെന്തുപറ്റി, അത് അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കലല്ലേ' എന്ന് ചോദിക്കുമെന്ന് 36: 47 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് യുദ്ധമില്ല, മറിച്ച് അദ്ദിക്ര്‍ മൂടിവെച്ച കാഫിറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. കൂടാതെ പ്രപഞ്ചനാഥനായ അല്ലാഹുവിനെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടിയും മനുഷ്യരെ ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടിയും അവര്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനുവേണ്ടിയും 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും കാരുണ്യവും ഐശ്വര്യവുമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-ദേശ-വര്‍ണ്ണ-ഭാഷാ വ്യത്യാസമില്ലാതെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും അതിനുവേണ്ടി സര്‍വ്വകഴിവുകളും ഉപയോഗപ്പെടുത്തുകയുമാണ് ഇന്ന് വിശ്വാസി ചെയ്യേണ്ടത്. 2: 195; 9: 67-68 വിശദീകരണം നോക്കുക.