( അൽ മാഇദ ) 5 : 94

يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَنْ يَخَافُهُ بِالْغَيْبِ ۚ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ കൈകള്‍ക്കും അമ്പുകള്‍ക്കും എ ത്തിപ്പെടാവുന്ന വിധത്തില്‍ വേട്ടമൃഗങ്ങളില്‍ നിന്നുള്ളവയെ അയച്ച് അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും; നിങ്ങളില്‍ ആരാണ് അവനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നതെന്ന് അല്ലാഹുവിന് അറിയുന്നതിന് വേണ്ടി, അപ്പോള്‍ ആരാണോ അതിന് ശേഷം പരിധിലംഘിക്കുന്നത്, അപ്പോള്‍ അ വന് വേദനാജനകമായ ശിക്ഷയാണുള്ളത്.

5: 1-2 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മക്കയിലേക്കുള്ള തീര്‍ത്ഥാടകര്‍ പാലിക്കേണ്ട വിധിവിലക്കുകളോടനുബന്ധിച്ച് അവതരിപ്പിച്ചിട്ടുള്ളതാണ് ഈ സൂക്തം. 2: 155-157 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കിയതില്‍ അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. 'വേട്ടയാടല്‍ നിഷിദ്ധമായ ഇഹ്റാമിന്‍റെ അവസ്ഥയില്‍ നിങ്ങളുടെ കൈകള്‍ക്കും അമ്പുകള്‍ക്കും എത്തിപ്പെടാവുന്ന വിധത്തില്‍ വേട്ടമൃഗങ്ങളെ അയച്ച് അല്ലാഹു നിങ്ങളെ പരീക്ഷിക്കും; നിങ്ങളില്‍ ആരാണ് അവനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നതെന്ന് അറിയുന്നതിന് വേണ്ടി' എന്നതിന്‍റെ ഇക്കാലത്തേക്കുള്ള ഒരു മൗഇളത്ത്: ലോകമൊട്ടുക്കുള്ള ലക്ഷക്കണക്കായ ഫുജ്ജാറുകള്‍ ആത്മാവില്ലാതെ ചര്യാപരമായി ഹജ്ജിനും ഉംറക്കും വേണ്ടി ഒത്തുകൂടുമ്പോഴുണ്ടാകുന്ന തിക്കിലും തിരക്കിലും ഇടകലരുന്ന ആത്മാവിന്‍റെ വസ്ത്രം ധരിക്കാത്ത സ്ത്രീകളെക്കൊണ്ട് ഇഹ്റാമിന്‍റെ വസ്ത്രം ധരിച്ച പുരുഷന്മാരെയും ആരോഗ്യദൃഢഗാത്രരായ പുരുഷന്മാരൊക്കൊണ്ട് സ്വന്തം ഇണയില്‍ നിന്ന് പൂര്‍ണ്ണമായ ലൈംഗിക സംതൃപ്തി ലഭിച്ചിട്ടില്ലാത്ത, കാമം ഒടുങ്ങിയിട്ടില്ലാത്ത സ്ത്രീകളെയുമാണ് ഇന്ന് പരീക്ഷിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍വ്വഹിച്ച ഹജ്ജ് മാത്രമല്ല, ജീവിതം തന്നെ നഷ്ടപ്പെടുത്തിയാണ് അവര്‍ മടങ്ങി വരുന്നത്. തുടര്‍ന്നുള്ള അവരുടെ കോഴി കൊത്തുന്ന വേഗതയിലുള്ള നമസ്കാരങ്ങളില്‍ അവിടെ വെച്ച് കണ്ട ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സ്ത്രീപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് അവര്‍ പിരടിയിലുള്ള കര്‍മരേഖയില്‍ റിക്കാര്‍ഡ് ചെയ്തുകൊണ്ടിരിക്കുക. അതുവഴി അവരുടെ ഹജ്ജും ഉംറയും അതിനുമുമ്പുള്ളതിനേക്കാള്‍ അവരെ കൂടുതല്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് അദ്ദിക്റിനെ ഉള്‍ക്കാഴ്ചദായകമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മന സ്സിലാക്കാം.

അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 36: 11; 67: 12 സൂക്തങ്ങളില്‍ പറഞ്ഞതുപോലെ നാഥനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുന്നവനാണ്. 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന വിശ്വാസി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. സൂക്തത്തില്‍ അല്ലാഹുവിന് അറിയുന്നതിനുവേണ്ടി എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ത്രികാലജ്ഞാനിയായ, ഉറക്കവും മയക്കവുമില്ലാത്ത നാഥന് അറിയുന്നതിനുവേണ്ടി എന്നല്ല, മറിച്ച് നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസിക്ക് ആരാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും യഥാര്‍ത്ഥ കാഫിറുകളെന്നും തിരിച്ചറിയുന്നതിനുവേണ്ടി എന്നാണ്. 4: 79; 5: 8, 48; 6: 165; 48: 8 വിശദീകരണം നോക്കുക.