( അൽ അന്‍ആം ) 6 : 6

أَلَمْ يَرَوْا كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنْ قَرْنٍ مَكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّنْ لَكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِمْ مِدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِنْ تَحْتِهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَنْشَأْنَا مِنْ بَعْدِهِمْ قَرْنًا آخَرِينَ

അവര്‍ക്കുമുമ്പുള്ള എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത് എന്ന് അവര്‍ കണ്ടിട്ടില്ലേ? നാം നിങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്ത അധികാരവും പ്രതാ പവും ഭൂമിയില്‍ അവര്‍ക്ക് നല്‍കിയിരുന്നു, അവരുടെമേല്‍ നാം ആകാശത്തു നിന്ന് നിരന്തരം മഴ വര്‍ഷിപ്പിക്കുകയും അവരുടെ താഴ്ഭാഗങ്ങളിലൂടെ ഒഴുകുന്ന നദികള്‍ നാം ഉണ്ടാക്കുകയും ചെയ്തു, എന്നാല്‍ അവരുടെ തന്നെ കുറ്റകൃ ത്യങ്ങളുടെ ഫലമായി നാം അവരെ നശിപ്പിക്കുകയും അവര്‍ക്കുശേഷം തല്‍ സ്ഥാനത്ത് മറ്റൊരു തലമുറയെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

എത്രയെത്ര തലമുറകളെയാണ് അവര്‍ക്കുമുമ്പ് നാം നശിപ്പിച്ചിട്ടുള്ളത്, അവര്‍ ഇവരേക്കാള്‍ പ്രൗഢിയും പ്രതാപവുമെല്ലാമുള്ള ശക്തന്മാരായിരുന്നു. (ശിക്ഷ വന്നപ്പോള്‍) അവര്‍ നാടുനീളെ പരക്കം പാഞ്ഞു, അവര്‍ക്ക് വല്ല അഭയസ്ഥാനവും കിട്ടിയോ എന്ന് 50: 36 ലും; ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കരിച്ചു, അവര്‍ അഹങ്കാരത്തോടെ ചോദിക്കുകയും ചെയ്തു: ഞങ്ങളേക്കാള്‍ ശക്തന്മാരായി ആരുണ്ട്, അവരെ സൃഷ്ടിച്ച അല്ലാഹു അവരേക്കാള്‍ ശക്തനാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലെയോ, അവര്‍ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവരായിരുന്നു എന്ന് 41: 15 ലും പറഞ്ഞിട്ടുണ്ട്. 22: 46 ല്‍, അവര്‍ ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയിട്ടില്ലേ, അതോ അവര്‍ക്ക് ചിന്തിക്കാനുള്ള ഹൃദയങ്ങളില്ലേ, അല്ലെങ്കില്‍ കേള്‍ക്കാനുള്ള ചെവികളില്ലേ, അല്ല; നിശ്ചയം അവരുടെ കണ്ണുകള്‍ക്കല്ല അന്ധത, മറിച്ച് നെഞ്ചുകളുടെ ഉള്ളിലുള്ള ഹൃദയങ്ങള്‍ക്കാണ് അന്ധത എന്നുപറഞ്ഞിട്ടുണ്ട്. 

വിവിധ കാലഘട്ടങ്ങളില്‍ നശിപ്പിക്കപ്പെട്ടിട്ടുള്ള നാടുകളിലൂടെ സഞ്ചരിച്ച് അവരുടെ അവശിഷ്ടങ്ങളില്‍ നിന്ന് പാഠം അന്വേഷിച്ചറിയുകയും ഹൃദയം കൊണ്ട് ചിന്തിച്ച് മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും വേണമെന്നാണ് അല്ലാഹു കല്‍പിക്കുന്നത്. പൂര്‍വ്വികര്‍ക്ക് ഇന്നുള്ളവരേക്കാള്‍ പ്രതാപവും ശക്തിയും നല്‍കിയിട്ടുണ്ടായിരുന്നു എന്ന് അവരുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്. സമൂദ് ജനത പാറ തുരന്നുകൊണ്ട് റൂമുകളും ഹാളുകളും നിര്‍മിച്ചിരുന്നതായി കാണാം. ബി.സി.ഇ. 5000-നുമുമ്പ് ജീവിച്ചിരുന്ന മോഹന്‍ജദാരോ, ഹാരപ്പ എന്നിവിടങ്ങളിലെ ജനത കുളിമുറികളും അഴുക്കുചാലുകളും കക്കൂസുകളും നിര്‍മ്മിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ബി.സി.ഇ. 2000-ല്‍ ജീവിച്ചിരുന്ന ജനത ആയിരക്കണക്കിന് ടണ്‍ ഭാരമുള്ള പാറക്കല്ലുകള്‍ കൊണ്ട് അറുപതും എഴുപതും അടി ഉയരങ്ങളുള്ള കെട്ടിടങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് അമേരിക്കയിലും മറ്റും ഇന്നും കാണാം. ക്രെയിനില്ലാത്ത അക്കാലത്ത് ആരാണ് അത്തരം നിര്‍മ്മിതികള്‍ ഉണ്ടാക്കിയത്? അപ്പോള്‍ ആധുനിക ജനത അവരുടെ ശാസ്ത്രീയ പുരോഗതിയില്‍ അഭിമാനിച്ച് അഹങ്കരിക്കരുതെന്നും അല്ലാഹുവിന്‍റെ മുമ്പില്‍ വിനീതരാകണമെന്നും അദ്ദിക്ര്‍ കൊണ്ട് മാത്രമേ പ്രൗഢരാകാവൂ എന്നുമാണ് അല്ലാഹു പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ഫുജ്ജാറുകളുമാണ് ആരും ചോദിക്കാനില്ല, ആരോടും ഉത്തരം പറയാനുമില്ല എന്ന മട്ടില്‍ പരലോകത്തെ തള്ളിപ്പറഞ്ഞുകൊണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ ധൂര്‍ത്തിലും പൊങ്ങച്ചപ്രകടനങ്ങളിലും നശീകരണപ്രവര്‍ത്തനങ്ങളിലുമെല്ലാം മുഴുകിയിട്ടുള്ളതെന്ന് അദ്ദിക്റിനെ ത്രാസ്സും മൗഇളത്തുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മനസ്സിലാക്കാം. 4: 82, 131-133; 5: 65-66, 38: 8 വിശദീകരണം നോക്കുക.