فَلَنَقُصَّنَّ عَلَيْهِمْ بِعِلْمٍ ۖ وَمَا كُنَّا غَائِبِينَ
അങ്ങനെ അവരുടെമേല്‍ നാംതന്നെ തികഞ്ഞ അറിവോടുകൂടി കഴിഞ്ഞു പോയതെല്ലാം വിവരിച്ചു കൊടുക്കുന്നതാണ്, നാം അവരില്‍നിന്ന് മറഞ്ഞ് നില്ക്കുന്നവനൊന്നുമായിരുന്നില്ല.
അടിമകളുടെ കുറ്റങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനും വലയം ചെയ്തുകൊണ്ടിരിക്കുന്നവനുമായ, ത്രികാലജ്ഞാനിയായ നാഥന് വിചാരണാനാളില്‍ ഓരോരുത്തരോടും അവരുടെ ഇഹത്തിലെ പ്രവൃത്തികളെക്കുറിച്ച് വിവരം പറഞ്ഞുകൊടുക്കും എന്ന് പറഞ്ഞാല്‍ അവര്‍ ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-15; 18: 49; 23: 62-63; 36: 12; 45: 28-31; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ കര്‍മരേഖ പുറത്തെടുത്ത് കൊടുത്ത് അവരവരെക്കൊണ്ടുതന്നെ വായിപ്പിച്ച് വിചാരണ നടത്തുമെന്നാണ്. നാഥനെ കണ്ടുമുട്ടണമെന്ന ബോധമില്ലാതെ ഇവിടെ ജീവിക്കുന്ന ഫുജ്ജാറുകള്‍ക്കും നാഥനും ഇടയില്‍ കാണാത്ത ഒരു മറയിടപ്പെടുന്നതാണ് എന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരാണോ അദ്ദിക്റിനെ തെളിവായും സാക്ഷിയായും ത്രാസ്സായും ഇവിടെ വെച്ച് ഉപയോഗപ്പെടുത്തിയത്, അവര്‍ക്ക് മാത്രമാണ് വിധിദിവസം കര്‍മരേഖ വലതുകൈയില്‍ നല്കപ്പെടുകയും സന്തോഷത്തോടെ വായിക്കാന്‍ കഴിയുകയും ചെയ്യുക.
വിധിദിവസം, ഓരോരുത്തരുടെയും പിരടിയിലുള്ള കര്‍മരേഖ പുറത്തെടുത്ത് നല്കി വിചാരണ നടത്തുമ്പോള്‍ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അവരുടെ കര്മരേഖയിലുള്ളതില് കുണ്ഠിതപ്പെട്ടുകൊണ്ട്: 'ഓ, ഞങ്ങളുടെ നാശം! ഇത് എന്തൊരു ഗ്രന്ഥമാണ്, ചെറുതോ വലുതോ ആയ ഒന്നും തന്നെ അതില്‍ കൊത്തിവെക്കാതെ വിട്ടിട്ടില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്കിയ ശേഷം; 'അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും നാഥന് അവര്‍ക്ക് ഹാജരാക്കിക്കൊടുക്കുന്നതാണ്, നിന്റെ നാഥന് ഒരാളോടും അല്പം പോലും അനീതി കാണിക്കുന്നവനല്ല' എന്നും സൂക്തത്തില്‍ തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്. 2: 255; 5: 105; 6: 59, 104 വിശദീകരണം നോക്കുക.