نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
-കള്ളം പറയുന്നതും കുറ്റം ചെയ്യുന്നതുമായ മൂര്ദ്ധാവ്.
മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളം പറയുകയും കുറ്റം മാത്രം പ്രവര്ത്തിക്കുകയും ചെയ്തിരുന്ന അബൂജാഹില് സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ടിരുന്ന പ്രവാചകന്റെ തലക്കുമുകളില് കല്ല് ഇടുന്നതിനുവേണ്ടി ഉദ്യമിച്ചപ്പോള് അതിനെ വിലക്കിയ രംഗം അല്ലാഹു വിവരിക്കുകയാണ്. അതുവഴി വിശ്വാസികള്ക്ക് നേരെയുള്ള അവരുടെ ശത്രുക്കളായ കപടവിശ്വാസികളുടെ ഏത് എതിര്പ്പും നേരിടാന് ഏകാധിപനും സര്വ്വാധിപനും സ്വേച്ഛാധിപനുമായ അല്ലാഹു കഴിവുള്ളവന് തന്നെയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് വിശ്വാസികള് അവന്റെ മേല് ഭരമേല്പിച്ചുകൊണ്ട് നിലകൊള്ളണമെന്ന് പഠിപ്പിക്കുകയാണ്. അതിനുവേണ്ടിയാണ് ത്രികാലജ്ഞാനിയായ നാഥന് അവന്റെ പ്രവാചകന്മാരുടെ ജീവിതത്തില് ഇത്തരം രംഗങ്ങളെല്ലാം കൊണ്ടുവന്നിട്ടുള്ളത്. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുകയും അതുകൊണ്ട് ഇത്തരം കപടവിശ്വാസികളോടും കുഫ്ഫാറുകളോടും ജിഹാദ് ചെയ്യുകയും ചെയ്യുന്ന വിശ്വാസികളെ ഒരു പോറലും ഏല്പ്പിക്കാന് ഒരു ശക്തിക്കും സാധ്യമല്ലതന്നെ.
പ്രവാചകന് പ്രാര്ത്ഥിച്ചിരുന്ന ഈ പ്രാര്ത്ഥന വിശ്വാസികള് ദിവസത്തിന്റെ തുടക്കത്തില് പ്രത്യേകം പ്രാര്ത്ഥിക്കുന്നതാണ്: 'സുബ്ഹാന യാ റബ്ബ ജിബ്റാഈല വ മീക്കാഈല വ ഇസ്റാഫീല വ അസ്റാഈല ഫാത്വിറുസ്സമാവാത്തി വല് അര്ള്, ആലിമുല് ഗ്വെയ്ബി വ ശ്ശഹാദത്തി, റബ്ബുനാ വ റബ്ബു കുല്ലി ശൈഇന് വ മലീക്കിഹി, നഊദു ബി ക്ക മിന് ശര്റി കുല്ലി ശൈഇന് അന്ത ആഖിദു ബിനാസ്വിയത്തിഹാ, അന്ത തഹ്ക്കുമു ബയ്ന ഇബാദിക്ക ഫീമാ കാനൂ ഫീഹി യഖ്തലിഫൂന്, ഇഹ്ദിനാ ലിമഖ്തലഫ ഫീഹി ബിഇദ്നിക്ക ഇലാ സ്വിറാത്വിക്കല് മുസ്തഖീം ഫ ഇന്നഹു ലാ തഹ് ദീ ഇല്ലാ അന് ത'-ജിബ്രീലിന്റെയും മീക്കാഈലിന്റെയും ഇസ്റാഫീലിന്റെയും അസ്റാഈലിന്റെയും ഉടമയായ നാഥാ, ആകാശഭൂമികളെ വിരിപ്പിച്ചുണ്ടാക്കിയവനേ, ദൃശ്യങ്ങളും അദൃശ്യങ്ങളും അറിയുന്ന ഏകനേ, ഞങ്ങളുടെ ഉടമയും എല്ലാ വസ്തുക്കളുടെ ഉടമയും അവയുടെ ആധിപത്യം കൈകാര്യം ചെയ്യുന്നവനുമായ പരിശുദ്ധനായ നാഥാ, ഏതെല്ലാം വസ്തുക്കളുടെ നിയന്ത്രണം നിന്റെ കയ്യിലാണോ അവയുടെ തിന്മയെത്തൊട്ടെല്ലാം നിന്നോട് ഞങ്ങള് അഭയം തേടുന്നു, വിധിദിവസം നിന്റെ സൃഷ്ടികള്ക്കിടയില് അവര് ഭിന്നിച്ച കാര്യത്തില് നീ തീരുമാനം കല്പ്പിക്കുന്നതാണ്, ജനങ്ങള് ഭിന്നിച്ച വിഷയത്തില് നിന്റെ സമ്മതപത്രമായ അദ്ദിക്ര് കൊണ്ട് ഞങ്ങളെ നീ നിന്റെ നേരെച്ചൊവ്വെയുള്ള മാര്ഗത്തിലേക്ക് നയിക്കേണമേ, നിശ്ചയം നീയല്ലാതെ സന്മാര്ഗത്തിലേക്ക് നയിക്കുന്നവനില്ലതന്നെ! 2: 253; 11: 55-56; 61: 14 വിശദീകരണം നോക്കുക.