നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(0) മുഖവുര
മുഖവുര
ഞാന്‍, നീ എന്നൊക്കെ പറയുന്നത് ഈ കാണുന്ന ശരീരത്തെയല്ല! മറിച്ച് ആത്മാവിനെ(നഫ്സ്)യാണ്. അതിന് സഞ്ചരിക്കുവാനുള്ള വാഹനമാണ് ശരീരം. മാതാവിന്‍റെയും പിതാവിന്‍റെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച് സര്‍വ്വസ്രഷ്ടാവ് വികസിപ്പിച്ചുണ്ടാക്കിയ മണ്‍കൂടമാണത്. മനുഷ്യരില്‍ ആദ്യനെ(ആദം) സൃഷ്ടിച്ചപ്പോള്‍ തന്നെ സ്രഷ്ടാവ് ഒറ്റ ആത്മാവില്‍നിന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവ്) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. 4: 1 വിശദീകരണം നോക്കുക. 7: 172-173 ല്‍ പറഞ്ഞത് പ്രകാരം, ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അന്ത്യനാള്‍വരെയുള്ള അവരുടെ മുഴുവന്‍ സന്തതിപരമ്പരകളെ പുറത്തെടുത്ത്, അവരോരോരുത്തരോടും 'ഞാനല്ലയോ നിങ്ങളുടെ ഉടമയായ നാഥന്‍?' എന്ന് സ്രഷ്ടാവ് ചോദിച്ചു. അവര്‍ ഓരോരുത്തരും പറഞ്ഞു: 'അതെ നാഥാ, ഞങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു'. അതായത് മനുഷ്യര്‍ക്കുള്ള എല്ലാവിധ നിയമനിര്‍ദേശങ്ങളും നല്‍കാനുള്ള ഏക അധികാരി അവരുടെ ഉടമയായ സ്രഷ്ടാവ് തന്നെയാണെന്ന് ഈ ഉടമ്പടിയിലൂടെ എല്ലാ മനുഷ്യരും സമ്മതിക്കുകയുണ്ടായി. ഈ കരാറിനു ശേഷം എല്ലാവരെയും മരിപ്പിക്കുകയും ആദമിന്‍റെ മുതുകിലേക്കുതന്നെ മടക്കുകയും ചെയ്തു.
91: 1-6 സൂക്തങ്ങളില്‍, പ്രത്യക്ഷമായ ആറ് കാര്യങ്ങളെ (സൂര്യനും അതിന്‍റെ ചൂടേറിയ പ്രകാശവുമാണ്, അതിനെ തുടര്‍ന്ന് വരുന്ന ചന്ദ്രനും ശോഭയാര്‍ന്ന പ്രകാശവുമാണ്, പകലിന്‍റെ പ്രകാശമയമായ പ്രത്യക്ഷപ്പെടലാണ്, രാത്രിയുടെ ഇരുള്‍ മൂടലാണ്, മേലാപ്പായി സംവിധാനിച്ച ആകാശമാണ്, ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ ആകൃതിയില്‍ സംവിധാനിച്ച ഭൂമിയുമാണ്) ആണയിട്ടുകൊണ്ട്; 7-10 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു: ആത്മാവിനെ അവന്‍ സന്തുലനപ്പെടുത്തുകയും ഓരോ ആത്മാവിനും അതിന്‍റെ ദുര്‍മാര്‍ഗവും സന്മാര്‍ഗവും നല്‍കുകയും ചെയ്തു, അപ്പോള്‍ ആരാണോ ആത്മാവിനെ തിരിച്ചറിഞ്ഞ്ശുദ്ധീകരിച്ചത് അവന്‍ വിജയിച്ചു, ആരാണോ അതിനെ തിരിച്ചറിയാതെ ദുഷിപ്പിച്ചത് അവന്‍ പരാജയപ്പെടുകയും ചെയ്തു. അതായത് 'ഞാന്‍' എന്നുപറയുന്നത് ആത്മാവാണെന്നും അത് സ്രഷ്ടാവിന്‍റെ റൂഹിന്‍റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് 'ഞാനില്ല, അവന്‍ മാത്രമേയുള്ളൂ' എന്ന ബോധത്തില്‍ നിലകൊള്ളുന്നവരാരോ അവര്‍ വിജയിച്ചു എന്നുസാരം. അങ്ങനെയുള്ളവര്‍ മാത്രമാണ് സ്രഷ്ടാവുമായി ചെയ്ത ഉടമ്പടി പാലിച്ച് ജീവിക്കുന്നവര്‍. 55: 1-4 സൂക്തങ്ങളില്‍, നിഷ്പക്ഷവാന്‍ മനുഷ്യനെ ഗ്രന്ഥം പഠിപ്പിച്ചു, മനുഷ്യനെ സൃഷ്ടിച്ചു, അവന് അതിന്‍റെ വിശദീകരണവും (ബയാന്‍) പഠിപ്പിച്ചു എന്നുപറഞ്ഞിട്ടുണ്ട്. ഇവിടെ 'ഗ്രന്ഥം പഠിപ്പിച്ചു' എന്ന് ആദ്യം പറഞ്ഞതിന്‍റെ വിവക്ഷ, സ്വര്‍ഗത്തില്‍ വെച്ച് എല്ലാ മനുഷ്യര്‍ക്കും ദുര്‍മാര്‍ഗമെന്തെന്നും സന്മാര്‍ഗമെന്തെന്നും ഉള്‍ക്കൊള്ളുന്ന അദ്ദിക്ര്‍ പഠിപ്പിച്ചു എന്നാണ്. പിന്നെയാണ് മനുഷ്യരുടെ ശരീരം ഭൂമിയില്‍ സൃഷ്ടിക്കുന്നത്, ശേഷം അവനെ ഗ്രന്ഥത്തിന്‍റെ വിശദീകരണവും പഠിപ്പിച്ചു, ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദി കെട്ടവന്‍ എന്നീ രണ്ടാലൊരുമാര്‍ഗം തെരഞ്ഞെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്ന് 76: 3; 90: 10 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ശരീരം:
15: 26; 55: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന ഒട്ടിപ്പിടിക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന കറുത്ത കളിമണ്ണുകൊണ്ട് കുശവന്‍ ചട്ടിയുണ്ടാക്കുന്നതുപോലെയാണ് സ്രഷ്ടാവ് ആദമിന്‍റെ ശരീരമുണ്ടാക്കിയത്. പിന്നെ അവനെ രൂപപ്പെടുത്തി, 15: 29; 38: 72 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സ്രഷ്ടാവിന്‍റെ റൂഹ് (ജീവന്‍+ആത്മാവ്) അതില്‍ ആവാഹിപ്പിച്ചു. 4: 1 ല്‍ അവനില്‍ നിന്ന് അവന്‍റെ ഇണയെ സൃഷ്ടിച്ചു എന്ന് പറയുന്നതിന് പകരം 'അവളില്‍ നിന്ന് അവളുടെ ഇണയെ സൃഷ്ടിച്ചു' എന്ന് പറഞ്ഞതില്‍ നിന്നും ആദമിന്‍റെ ആത്മാവില്‍ നിന്നാണ് അതിന്‍റെ ഇണയായ 'ഹവ്വാ'യെ സൃഷ്ടിച്ചത് എന്ന് മനസ്സിലാക്കാം. (ആണിന്‍റെയും പെണ്ണിന്‍റെയും ആത്മാവിനെയും സ്ത്രീയുടെ ശരീരത്തെയും സ്ത്രീലിംഗത്തിലും, പുരുഷന്‍റെ ശരീരത്തെ പുല്ലിംഗത്തിലുമാണ് ഗ്രന്ഥത്തില്‍ പ്രയോഗിച്ചിട്ടുള്ളത്.) ഈസായുടേത് പോലെത്തന്നെ ഹവ്വായുടെയും ശരീരം 'ഉണ്ടാവുക' എന്ന വചനമാണ്. പിതാവും മാതാവുമില്ലാത്ത അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് ഉദാഹരണമാണ് ആദമും ഹവ്വയും. പിതാവില്ലാത്ത സൃഷ്ടിപ്പിന് ഉദാഹരണമാണ് ഈസാ. ഈസാ പ്രസവിക്കപ്പെട്ട് ഉണ്ടായതാണെങ്കില്‍ ഹവ്വാ പ്രസവിക്കപ്പെടാതെ ഉണ്ടായതാണ് എന്ന വ്യത്യാസവുമുണ്ട്. പിതാവും മാതാവും പുണര്‍ന്നുകൊണ്ടുള്ള സൃഷ്ടിപ്പിന് ഉദാഹരണമാണ് നാമെല്ലാവരും.
15: 27 ല്‍ പറഞ്ഞ പ്രകാരം മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പ്, തീജ്വാലയില്‍ നിന്ന് ശരീരം സൃഷ്ടിക്കപ്പെട്ട ജിന്നു(അസുരന്മാര്‍)കളായിരുന്നു ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രതിനിധികള്‍. അവര്‍ പ്രാതിനിധ്യം നിര്‍വഹിക്കാതെ ഭൂമിയില്‍ നാശം വിതക്കുന്ന തെമ്മാടികളായി മാറിയപ്പോള്‍, ഇബ്ലീസിന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍(ദേവന്മാര്‍) അവരെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണുണ്ടായത് -ജിന്നില്‍ പെട്ട ഇബ്ലീസ് അപ്പോള്‍ നിഷേധിയായിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് ഭൂമിയിലേക്ക് പ്രതിനിധികളായി അയക്കാന്‍ വേണ്ടി മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിക്കുന്നത്. സര്‍വ്വസ്രഷ്ടാവില്‍ നിന്നുള്ള മുഴുവനും മനുഷ്യന് വിധേയമാക്കിക്കൊടുത്തു എന്ന് 45: 13-ാം സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ, നിഷ്പക്ഷവാനായ സര്‍വ്വസ്രഷ്ടാവിന്‍റെ ഭരണഘടനയും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് നല്‍കി എന്നാണ്. പ്രപഞ്ചത്തിന്‍റെ സോഫ്റ്റ്വെയര്‍ പഠിപ്പിച്ചതിലൂടെ പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ആധിപത്യം മറ്റുസൃഷ്ടികള്‍ക്കൊന്നും നല്‍കാതെ, ഭൂമിയില്‍ അവന്‍റെ പ്രതിനിധികളായി നിശ്ചയിച്ച വിവേചനശക്തി നല്‍കപ്പെട്ട മനുഷ്യര്‍ക്കാണ് നല്‍കിയത് എന്നര്‍ത്ഥം. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ (പ്രപഞ്ചത്തിന്‍റെ സോഫ്റ്റ്വെയര്‍) പഠിപ്പിക്കപ്പെട്ടവരായതിനാലാണ് മനുഷ്യര്‍ മറ്റുസൃഷ്ടികളേക്കാള്‍ ശ്രേഷ്ഠരായത്.
സ്രഷ്ടാവിന്‍റെ റൂഹില്‍നിന്ന് മനുഷ്യനില്‍ ആവാഹിപ്പിക്കുമ്പോള്‍ ജിന്നില്‍ പെട്ട ഇബ്ലീസ് അടക്കമുള്ള മലക്കുകളുടെ സദസ്സിനോട് ആദമിന് സുജൂദ് ചെയ്യാന്‍ (സാഷ്ടാംഗം പ്രണമിക്കാന്‍) അല്ലാഹു കല്‍പിച്ചു. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വഹിക്കുന്നതുകൊണ്ട് മലക്കുകളും ജിന്നുകളുമടക്കം എല്ലാ സൃഷ്ടികളും മനുഷ്യനെ സഹായിച്ചുകൊണ്ട് അവന്‍റെ വരുതിയില്‍ നിലകൊള്ളണമെന്നാണ് അവന്‍റെ മുമ്പില്‍ സുജൂദ് ചെയ്യാന്‍ കല്‍പിച്ചതിന്‍റെ പൊരുള്‍. ഇബ്ലീസൊഴികെ മറ്റെല്ലാവരും സുജൂദ് ചെയ്തു. തീയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട എനിക്ക് മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആദമിന്‍റെ മുമ്പില്‍ സുജൂദ് ചെയ്യാന്‍ പറ്റുകയില്ലെന്ന് അവന്‍ അഹങ്കരിച്ചു; ശപിക്കപ്പെട്ട് കാരുണ്യം വിലക്കപ്പെട്ട് അവന്‍ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. അതോടുകൂടിയാണ് ജിന്നില്‍ പെട്ട ഇബ്ലീസ് പിശാചായി മാറിയത്. 'എല്ലാവരുടെയും നിയന്ത്രണം നിന്‍റെ കയ്യിലാണ് എന്നിരിക്കെ, നീ ഉദ്ദേശിച്ചിട്ട് തന്നെയല്ലേ ഞാന്‍ സുജൂദ് ചെയ്യാതിരുന്നത്' എന്ന് ചോദിച്ചുകൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗമായ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിക്കാന്‍ അവസരം നല്‍കണമെന്ന് അവന്‍ അല്ലാഹുവിനോടുതന്നെ ആവശ്യപ്പെട്ടു. 38: 78-81 പ്രകാരം നിര്‍ണ്ണയിക്കപ്പെട്ട ഒരു നാള്‍ വരെ അവന് അല്ലാഹു അവസരം നല്‍കുകയും അതിനുവേണ്ട എല്ലാ കഴിവുകളും നല്‍കുകയും ചെയ്തു. 4: 116-121 വിശദീകരണം നോക്കുക. പിശാച് പറഞ്ഞു: അപ്പോള്‍ നീ ആരുടെ കാര്യത്തിലാണോ എന്നെ ലക്ഷ്യബോധം നഷ്ടപ്പെടുത്തി ദുര്‍മാര്‍ഗികളില്‍ അകപ്പെടുത്തിയത്, ഞാന്‍ അവര്‍ക്കുവേണ്ടി നിന്‍റെ 'ചൊവ്വായ പാതയില്‍' ഇരിപ്പുറപ്പിക്കുക തന്നെ ചെയ്യും, പിന്നെ ഞാന്‍ അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗത്തിലൂടെയും അവരുടെ ഇടതുഭാഗത്തിലൂടെയും വരികതന്നെ ചെയ്യും, അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുകയില്ല തന്നെ! 7: 16-17 വിശദീകരണം നോക്കുക.
അല്ലാഹു പറഞ്ഞു: ഓ ആദമേ, നീയും നിന്‍റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിച്ചുകൊള്ളുക, നിങ്ങള്‍ രണ്ടുപേരും ഉദ്ദേശിക്കുന്ന വിധം സ്വര്‍ഗത്തില്‍നിന്നുള്ള കനികള്‍ യഥേഷ്ടം ഭക്ഷിച്ചു കൊള്ളുക, എന്നാല്‍ ഈ ഒരു വൃക്ഷത്തിന്‍റെ കനികള്‍ നിങ്ങള്‍ രണ്ടുപേരും രുചിക്കരുത്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍ പെട്ടുപോകുന്നതാണ്. അപ്പോള്‍ പിശാച് അവരെ വഞ്ചിച്ചു. അവന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും മലക്കുകളായിത്തീരുകയോ അല്ലെങ്കില്‍ നിത്യജീവിതം കൈവരിക്കുകയോ ചെയ്യാതിരിക്കുന്നതിന് വേണ്ടിയല്ലാതെ നിങ്ങളുടെ നാഥന്‍ ഈ വൃക്ഷത്തെത്തൊട്ട് നിങ്ങളെ തടഞ്ഞിട്ടില്ല. അവര്‍ രണ്ടുപേരോടും അവന്‍ ആണയിട്ട് പറയുകയും ചെയ്തു: നിശ്ചയം ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണ്. 7: 19-21 വിശദീകരണം നോക്കുക. ഇവ്വിധം വ്യാമോഹിപ്പിച്ച് അവര്‍ രണ്ടുപേരെയും അവന്‍ പാട്ടിലാക്കി. അങ്ങനെ അവര്‍ രണ്ടുപേരും ആ വൃക്ഷത്തിന്‍റെ കനി രുചിച്ചപ്പോള്‍ അവര്‍ക്ക് അവരുടെ ഗോപ്യമായ ഗുഹ്യസ്ഥാനങ്ങള്‍ വെളിപ്പെടുകയും അവര്‍ സ്വര്‍ഗത്തിലെ വൃക്ഷങ്ങളുടെ ഇലകള്‍ കൊണ്ട് ഗുഹ്യസ്ഥാനങ്ങള്‍ പൊത്താന്‍ തുടങ്ങുകയും ചെയ്തു. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട ആ കനി ലൈംഗികാസ്വാദനമായിരുന്നു എന്ന് മനസ്സിലാക്കാം. അവര്‍ രണ്ടുപേരുടെയും നാഥന്‍ അവരെ വിളിച്ച് ചോദിച്ചു: നിങ്ങളെ രണ്ടുപേരെയും ആ വൃക്ഷത്തെത്തൊട്ട് വിലക്കിയിരുന്നില്ലേ? നിശ്ചയം, പിശാച് നിങ്ങള്‍ രണ്ടുപേരുടെയും വ്യക്തമായ ശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറയുകയും ചെയ്തിരുന്നില്ലേ? 7: 22 വിശദീകരണം നോക്കുക. 2: 37 പ്രകാരം, ഹൃദയത്തില്‍ ഖേദം പ്രകടിപ്പിച്ച ആദമിന് പശ്ചാത്തപിച്ച് മടങ്ങുന്നതിനുള്ള വാക്കുകള്‍ ഇട്ടുകൊടുക്കപ്പെട്ടു. അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചു, ഞങ്ങള്‍ക്ക് നീ പൊറുത്ത് തന്നിട്ടില്ലെങ്കില്‍, നിന്‍റെ കാരുണ്യം ഞങ്ങളില്‍ വര്‍ഷിച്ചിട്ടില്ലെങ്കില്‍ നിശ്ചയം ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുകതന്നെ ചെയ്യും! 7: 23 വിശദീകരണം നോക്കുക. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. നിശ്ചയം, അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനും തന്നെയല്ലോ!
ഭൂമിയിലേക്ക് നിയോഗിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഭൂമിയിലെ ജീവിതത്തിന്‍റെയും പിശാചിന്‍റെ വഞ്ചനയുടെയും ഉപമ ഇവ്വിധം പ്രതീകാത്മകമായി സംഭവിപ്പിച്ച് കാണിച്ചുകൊടുത്ത ശേഷം അവരെ ഭൂമിയിലേക്ക് അയച്ചു. അല്ലാഹു പറഞ്ഞു: ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് ശത്രുക്കളായിക്കൊണ്ട് നിങ്ങളെല്ലാവരും ഇവിടെ നിന്ന് ഇറങ്ങിപ്പോവുക! നിങ്ങള്‍ക്ക് ഒരു നിശ്ചിത അവധി വരെ ഭൂമിയില്‍ വിശ്രമസ്ഥലവും പാര്‍പ്പിടവും ജീവിതവിഭവങ്ങളുമുണ്ട്. 7: 24 വിശദീകരണം നോക്കുക. കപടവിശ്വാസികള്‍ വിശ്വാസികള്‍ക്ക് ശത്രുക്കളാകുന്നു എന്ന് 63: 4 ലും, പ്രവാചകന്മാര്‍ക്കും വിശ്വാസികള്‍ക്കും, ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളെ ശത്രുക്കളാക്കിയിരിക്കുന്നുവെന്ന് 6: 112 ലും പറഞ്ഞിട്ടുണ്ട്. 2: 38 പ്രകാരം, അല്ലാഹു പറഞ്ഞു: നിങ്ങളെല്ലാവരും സ്വര്‍ഗത്തില്‍ നിന്ന് പുറത്തുപോവുക, ഇനി നിങ്ങള്‍ക്ക് എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനം വന്നുകിട്ടുകയും അപ്പോള്‍ ആരാണോ എന്‍റെ മാര്‍ഗത്തെ പിന്‍പറ്റുകയും ചെയ്യുന്നത്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. ആദമിനെയും ഹവ്വയെയും ശരീരത്തോടുകൂടി -ആദം സന്തതികളെ മുഴുവന്‍ ആദമിന്‍റെ മുതുകില്‍ വെച്ചുകൊണ്ട്- കാറ്റിന്‍റെ താളാത്മകതയില്‍ ഭൂമിയിലേക്ക് ഇറക്കി. ആദം, ഭാരതത്തിന്‍റെ ഭാഗമായിരുന്ന ശ്രീലങ്കയിലുള്ള ആദം മലയിലും ഹവ്വാ, അറേബ്യയിലും ഇറങ്ങുകയും മക്കയിലെ അറഫയില്‍ വെച്ച് പരസ്പരം കണ്ടുമുട്ടുകയും ചെയ്തു. 2: 164 വിശദീകരണം നോക്കുക.
മനുഷ്യശരീര സൃഷ്ടിപ്പ്:
76: 1 ല്‍ അല്ലാഹു ചോദിക്കുന്നു: മനുഷ്യനില്‍ അവന്‍ ഓര്‍മിപ്പിക്കപ്പെടാത്ത ഒരു അകാലമായ കാലഘട്ടം കഴിഞ്ഞുപോയിട്ടില്ലെയോ? അതായത് ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ സൃഷ്ടിക്കപ്പെട്ട അന്ത്യനാള്‍ വരെയുള്ള മനുഷ്യരെ, ഏതുകാലത്ത് ഏതുനാട്ടില്‍ ഏതുഗോത്രത്തില്‍ ഏതുവംശത്തില്‍ ഏതുമാതാപിതാക്കളില്‍ ഏതുലിംഗത്തില്‍ ഭൂമിയിലേക്ക് കൊണ്ടുവരണമെന്ന് തീരുമാനിക്കുന്നത് സ്രഷ്ടാവാണ്. ആദ്യപിതാവും മാതാവും മണ്ണില്‍ നിന്നുള്ള -മണ്ണിന്‍റെ തന്നെ ഘടകങ്ങളടങ്ങിയ- ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷിച്ചു, അതില്‍ നിന്ന് രക്തമുണ്ടായി, അതിന്‍റെ സത്തില്‍ നിന്ന് സ്രഷ്ടാവ് ബീജത്തെ രൂപപ്പെടുത്തി. 7: 189 ല്‍ പറഞ്ഞതുപ്രകാരം പിതാവും മാതാവും പുണരുമ്പോള്‍, പിതാവിന്‍റെ 'മുതുകിനുള്ളില്‍' നിന്നും മാതാവിന്‍റെ 'ഇടുപ്പിനുള്ളില്‍' നിന്നും തെറിച്ചുവീഴുന്ന വെള്ളം കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് 86: 5-7 ലും, നിശ്ചയം മനുഷ്യനെ നാം ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ നുത്വ്ഫ' (ബീജം)യില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് 76: 2 ലും പറഞ്ഞിട്ടുണ്ട്. മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ 'നുത്വ്ഫ'(ഭ്രൂണം)യായി 40 ദിവസവും, 'അലഖ'(രക്തക്കട്ട)യായി 40 ദിവസവും, 'മുള്ഗ'(മാംസക്കട്ട)യായി 40 ദിവസവും വളരുന്ന ശിശുവില്‍, നാലാം മാസത്തില്‍ മലക്ക് മുഖേന പിതാവിന്‍റെ മുതുകിലുള്ള 'ആത്മാവി'നെ ആവാഹിപ്പിക്കുന്നു. 22: 5; 32: 7-9; 35: 11 തുടങ്ങിയ സൂക്തങ്ങള്‍ കൂട്ടിവായിക്കുക. നേരത്തെ ജീവനുണ്ടായിരുന്ന ശിശുവിന് ആത്മാവ് ലഭിക്കുന്നതോടുകൂടി റൂഹ് (ജീവന്‍+ആത്മാവ്) ലഭിക്കുന്നു. പിതാവിന്‍റെ ബീജത്തില്‍ നിന്നാണ് എല്ലുകളും നാഡികളും രൂപപ്പെടുന്നതെങ്കില്‍ മാതാവിന്‍റെ ബീജത്തില്‍ നിന്നാണ് രക്തവും മാംസവും രൂപപ്പെടുന്നതെന്ന് ഒരു ജൂതന്‍റെ ചോദ്യത്തിന് മറുപടിയായി നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിക്കുകയുണ്ടായി. മനുഷ്യനെ ഒരു കമ്പ്യൂട്ടറിനോട് ഉപമിക്കുകയാണെങ്കില്‍ ശരീരം 'ഹാര്‍ഡ്വെയറും' ജീവന്‍ 'വൈദ്യുതിയും' ആത്മാവ് 'സോഫ്റ്റ്വെയറു'മാണെന്ന് സങ്കല്‍പ്പിക്കാം.
മനുഷ്യന്‍റെ ഏഴ് ഘട്ടങ്ങള്‍:
സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഏഴുഘട്ടങ്ങളുണ്ട്. 71: 14 ല്‍, നിശ്ചയം അവന്‍ നിങ്ങളെ വിവിധ ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആദ്യമനുഷ്യനായ ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ച് അല്ലാഹു അവരോരോരുത്തരോടും ഉടമ്പടി വാങ്ങുകയുണ്ടായി. ഇതാണ് മനുഷ്യന്‍റെ ഒന്നാംഘട്ടം. 7: 172-173 വിശദീകരണം നോക്കുക. ശേഷം എല്ലാവരെയും നിര്‍ജ്ജീവരാക്കി ആദമിന്‍റെ മുതുകില്‍ നിക്ഷേപിച്ച് ഭൂമിയിലേക്ക് ഇറക്കി. പിന്നീട് ആദമിന്‍റെ സന്താനപരമ്പരകളുടെ മുതുകുകളിലൂടെ ഓരോരുത്തരുടെയും പിതാവിന്‍റെ മുതുകിലെത്തിച്ചേരുന്നതുവരെയുള്ള അകാലമായ കാലമാണ് രണ്ടാംഘട്ടം. 76: 1 വിശദീകരണം നോക്കുക. പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ മലക്ക് മുഖേന എടുത്ത്, നാലാം മാസത്തില്‍ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവില്‍ ആവാഹിപ്പിക്കുന്നു. 32: 7-9 വിശദീകരണം നോക്കുക. അതുമുതല്‍ പതിനഞ്ച് വയസ്സുവരെയുള്ളതാണ് മൂന്നാംഘട്ടം. പതിനഞ്ച് വയസ്സിനുമുമ്പ് മരണപ്പെടുന്ന ഏതൊരു കുട്ടിയും സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകുന്നതാണ്. പതിനഞ്ച് വയസ്സുമുതല്‍ മരണം വരെയുള്ള ഭൂമിയിലെ ജീവിതകാലമാണ് നാലാം ഘട്ടം. 1: 4 വിശദീകരണം നോക്കുക. മരണത്തിനുശേഷം പുനര്‍ജന്മനാള്‍ വരെയുള്ള കാലമാണ് (ബര്‍സഖ്) അഞ്ചാം ഘട്ടം. ഉറക്കില്‍ നിന്ന് വിപരീതമായി ജീവനില്ലാതെ ആത്മാവ് മാത്രമുള്ള ആ അവസ്ഥയില്‍ (ആത്മാവില്ലാതെ ജീവന്‍ മാത്രമുള്ള അ വസ്ഥയാണ് ഉറക്കം) വിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പിലും കാഫിറുകള്‍ നരകത്തില്‍ നിന്നുള്ള ഒരു ഗര്‍ത്തത്തിലുമായിരിക്കും കഴിച്ചുകൂട്ടുക. 23: 100 വിശദീകരണം നോക്കുക. അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിചാരണാനാളാണ് ആറാം ഘട്ടം. 70: 4 വിശദീകരണം നോക്കുക. വേദം ലഭിച്ചവര്‍ക്ക് അത് ഉപയോഗപ്പെടുത്തി നാലാം ഘട്ടത്തില്‍ സ്വര്‍ഗം പണിതാല്‍ സ്വര്‍ഗവും അല്ലെങ്കില്‍ നരകവുമാണ് ഏഴാംഘ ട്ടം. 39: 24; 52: 19 വിശദീകരണം നോക്കുക. വേദം ലഭിക്കാത്തവരെ ഏഴാംഘട്ടത്തില്‍, സ്വര്‍ഗവും നരകവുമല്ലാത്ത മറ്റേതെങ്കിലും ലോകങ്ങളിലേക്കാണ് നിഷ്പക്ഷവാനായ സര്‍വ്വലോകങ്ങളുടേയും ഉടമ അയക്കുക. സൃഷ്ടിക്കപ്പെട്ടശേഷം ആത്മാവ് വിവിധ ഘട്ടങ്ങള്‍ തരണം ചെയ്യുന്നു എന്നല്ലാതെ അത് ഒരിക്കലും നശിക്കുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്. 49: 13; 84: 19 വിശദീകരണം നോക്കുക.
ചരിത്രം:
ആദ്യമനുഷ്യനായ ആദം സ്വര്‍ഗത്തില്‍നിന്ന് പഠിപ്പിക്കപ്പെട്ട സന്മാര്ഗം ഉപയോഗപ്പെടുത്തി ഭൂമിയില്‍ ജീവിച്ചു പോന്നു. എന്നാല്‍ ആദം സന്തതികള്‍ ക്രമേണ പിശാചിന്‍റെ പ്രേരണയാല്‍ വ്യതിചലിച്ച്, ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായി മാറി. 2: 213 വിശദീകരണം നോക്കുക. അവരില്‍ അധികപേരും അക്രമികളും ധിക്കാരികളുമായി മാറിയപ്പോള്‍, അല്ലാഹു വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും നിഷേധികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നബിമാരെ നിയോഗിച്ചു. ആദം മുതല്‍ നൂഹ് വരെയുള്ള പത്ത് തലമുറ സ്വര്‍ഗത്തില്‍ വെച്ച് പഠിപ്പിക്കപ്പെട്ട വേദത്തിന്‍റെ ആശയമനുസരിച്ച് ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. കാലപ്പഴക്കത്തില്‍ സമൂഹം വികസിക്കുന്നതിനനുസരിച്ച് മനുഷ്യന്‍ പിശാചിന്‍റെ കെണിയില്‍ പെടുകയും അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിച്ച് ജീവിക്കുന്നവര്‍ ഇല്ലാതാവുകയും ചെയ്തപ്പോള്‍ അല്ലാഹു 'മനു, നോഹ' എന്നീ പേരുകളില്‍ അറിയപ്പെട്ടിട്ടുള്ള 'നൂഹി'നെ ആദ്യത്തെ പ്രവാചകനായി നിയോഗിക്കുകയും, വേദഗ്രന്ഥം ഭൂമിയിലേക്ക് അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനാണ് ആദ്യമായി ശരീരത്തോടുകൂടിയ ഗ്രന്ഥം (അദ്ദിക്ര്‍) ഇറക്കിയത്. 57: 25 വിശദീകരണം നോക്കുക. അദ്ദേഹത്തിന്‍റെ പ്രബോധനഫലമായി കുറച്ചുപേര്‍ മാത്രം വിശ്വസിച്ചു. വിശ്വസിക്കാന്‍ ഇനിയാരും ബാക്കിയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ ത്രികാലജ്ഞാനിയായ അല്ലാഹു, നൂഹിനോട് വിശ്വാസികള്‍ക്കും നിഷേധികള്‍ക്കുമിടയില്‍ തീരുമാനം കല്‍പിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കല്‍പിച്ചു. തല്‍ഫലമായി അന്ന് മനുഷ്യവാസമുണ്ടായിരുന്ന പ്രദേശങ്ങളിലൊക്കെയും വ്യാപിച്ച വെള്ളപ്പൊക്കം മുഖേന അല്ലാഹു അവരെ നശിപ്പിക്കുകയും നൂഹിനെയും വിശ്വാസികളെയും കപ്പലില്‍ രക്ഷപ്പെടുത്തുകയും ചെയ്തു. ആ കപ്പലില്‍ രക്ഷപ്പെട്ടവരുടെ പിന്‍ഗാമികളാണ് ഇന്ന് ലോകത്തുള്ള മുഴുവന്‍ മനുഷ്യരും. 17: 3; 36: 41 വിശദീകരണം നോക്കുക.
രക്ഷപ്പെട്ടവരില്‍ ഒരു വിഭാഗം ഇറാഖില്‍ താമസമാക്കി. ക്രമേണ അവര്‍ വഴിപിഴച്ച് വിഗ്രഹാരാധകരും അക്രമികളുമായി മാറിയപ്പോള്‍ ഏകദേശം 1400 വര്‍ഷങ്ങള്‍ക്കുശേഷം അല്ലാഹു ഇബ്റാഹീമിനെ പ്രവാചകനായി നിയോഗിച്ചു. ഏകദൈവത്തിലേക്ക് വിളിച്ച അദ്ദേഹത്തെ, പിതാവടക്കമുള്ള ജനത തീക്കുണ്ഠത്തില്‍ എറിഞ്ഞ് കരിച്ചുകൊല്ലാനാണ് ഉദ്യമിച്ചത്. എന്നാല്‍ 21: 69 പ്രകാരം, അജയ്യനും തന്ത്രജ്ഞനുമായ അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും രക്ഷപ്പെടുത്തി. (കന്നുകാലികളെ മേയ്ക്കുന്നതിനുവേണ്ടി സ്ഥലമന്വേഷിച്ച്, അവസാനം ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ആര്യന്മാരുടെ മുന്‍ഗാമികള്‍ ഇറാഖില്‍ നിന്നും വന്നവരായിരുന്നു. ഹജ്ജിനുള്ള വസ്ത്രധാരണം, കഅ്ബ പ്രദക്ഷിണം തുടങ്ങിയ ഇബ്റാഹീമിന്‍റെ ചര്യയില്‍ പെട്ട ആരാധനാരീതികളും ബ്രാഹ്മണരുടെ രീതികളും തമ്മില്‍ സാദൃശ്യമുണ്ടായത് അതുകൊണ്ടായിരിക്കണം.) ഇറാഖ് വിട്ട് ഫലസ്തീനിലേക്ക് പുറപ്പെട്ട ഇബ്റാഹീമിന് ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി സമ്മാനിച്ച ഹാജറ എന്ന പത്നിയില്‍ ആദ്യത്തെ കുട്ടി ഇസ്മാഈല്‍ ജനിച്ചു. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ആ കുട്ടിയെയും ഹാജറയെയും വെള്ളം പോലുമില്ലാത്ത വിജനമായ മരുഭൂമിയില്‍ (മക്കയില്‍ കഅ്ബത്തിനടുത്ത്) കൊണ്ടുപോയി താമസിപ്പിച്ച ശേഷം ഇബ്റാഹീം ഫലസ്തീനിലേക്ക് തിരിച്ചുപോയി. കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ കുട്ടിക്കുവേണ്ടി വെള്ളമന്വേഷിച്ചുകൊണ്ട് ഹാജറ 'സഫാ, മര്‍വാ' കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം ഓടിനടക്കുകയും അവസാനം കുട്ടിയുടെ കാല്‍പാദത്തിന് അടിയില്‍ നിന്നുതന്നെ 'സംസം' എന്ന ജലധാര പൊട്ടിയൊഴുകുകയും ചെയ്തു. ഇസ്മാഈലിന് പതിനാല് വയസ്സ് പ്രായമെത്തിയപ്പോള്‍ ഇബ്റാഹീമിന്‍റെ എല്ലാമെല്ലാമായിരുന്ന ആ മകനെ അറുക്കണമെന്ന കല്‍പനയുണ്ടായി. ഇബ്റാഹീമും ഇസ്മാഈലും അതിന് തയ്യാറായപ്പോള്‍ പകരമായി ഒരു ആടിനെ ബലിയറുത്താല്‍ മതിയെന്ന് അല്ലാഹു കല്‍പിച്ചു. ഈ പരീക്ഷണങ്ങളിലെല്ലാം വിജയിച്ച ഇബ്റാഹീമിന്, ഏകദൈവാരാധനക്കുവേണ്ടി ഭൂമിയില്‍ നിര്‍മ്മിക്കപ്പെടുകയും നൂഹിന്‍റെ കാലത്തെ വെള്ളപ്പൊക്കത്തില്‍ നശിക്കുകയും ചെയ്ത, ആദ്യത്തെ ദേവാലയമായ കഅ്ബയുടെ അടിത്തറ അല്ലാഹു കാണിച്ചുകൊടുക്കുകയും, ഇബ്റാഹീമും ഇസ്മാഈലും ചേര്‍ന്ന് അത് പടുത്തുയര്‍ത്തുകയുമുണ്ടായി. 2: 126-127; 3: 96-97 കൂട്ടിവായിക്കുക. 14: 35-36 പ്രകാരം ഇബ്റാഹീം നബി, തന്നെയും മക്കളെയും വിഗ്രഹാരാധകരില്‍ അകപ്പെടുത്തരുതെന്ന് പ്രാര്‍ത്ഥിച്ചെങ്കിലും ക്രമേണ ഇസ്മാഈലിന്‍റെ സന്തതികള്‍ വഴിപിഴച്ച് ഏകദൈവാരാധനക്ക് വേണ്ടി നിര്‍മ്മിച്ച കഅ്ബത്തിനുള്ളില്‍ 360 വിഗ്രഹങ്ങള്‍ വരെ നാട്ടുകയുണ്ടായി.
ഇബ്റാഹീം നബിക്ക് ഭാര്യ സാറയില്‍ ജനിച്ച മകന്‍ ഇസ്ഹാഖ് നബിയുടെ മകന്‍ യഅ്ഖൂബ് നബിയുടെ മകന്‍ യൂസുഫ് നബി, സ്വസഹോദരന്മാരാല്‍ കിണറ്റിലെറിയപ്പെടുകയും വഴിയാത്രക്കാരായ കച്ചവടസംഘത്താല്‍ കണ്ടെടുക്കപ്പെടുകയും ഈജിപ്തില്‍ വില്‍ക്കപ്പെടുകയും ചെയ്തു. കാലക്രമേണ ഈജിപ്തിലെ ഭരണാധികാരിയായി മാറിയ യൂസുഫ് നബി, ഫലസ്തീനില്‍ നിന്ന് യഅ്ഖൂബ് നബിയെയും കുടുംബാംഗങ്ങളെയുമെല്ലാം ഈജിപ്തില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അങ്ങനെയാണ് ഇസ്റാഈല്‍ സന്തതികള്‍ ഈജിപ്തിലെത്തിയത്. ക്രമേണ യൂസുഫ് നബിയുടെ അധ്യാപനങ്ങള്‍ ഇസ്റാഈല്‍ സന്തതികളടക്കമുള്ള ആ ജനത വിസ്മരിക്കുകയും അവര്‍ പശുവാരാധനയിലും ധാരാളം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്തു. തുടര്‍ന്ന് ഖിബ്തി വംശത്തില്‍ നിന്നുള്ള ഫറോവമാര്‍ ഭരണാധികാരികളായി വരികയും ഇസ്റാഈല്‍ സന്തതികളെ അടിച്ചമര്‍ത്തുകയും അടിമകളാക്കി വെക്കുകയും ചെയ്തു. അപ്പോള്‍ അവരെ മോചിപ്പിക്കുന്നതിനുവേണ്ടി അല്ലാഹു പ്രവാചകന്‍ മൂസായെ ഈജിപ്തിലേക്ക് നിയോഗിച്ചു.
മൂസായും സഹോദരന്‍ ഹാറൂനും വര്‍ഷങ്ങളോളം ഈജിപ്തില്‍ പ്രബോധനം ചെയ്തെങ്കിലും ഫിര്‍ഔന്‍ പ്രഭൃതികളില്‍ നിന്ന് ഒരാള്‍ മാത്രമാണ് വിശ്വാസിയായത്. അവസാനം മൂസായെയും ഇസ്റാഈല്‍ സന്തതികളെയും അല്ലാഹു കടല്‍ പിളര്‍ത്തി ഫലസ്തീനിലേക്ക് രക്ഷപ്പെടുത്തുകയും അവര്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും മറ്റു ലോകരേക്കാള്‍ അവര്‍ക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്തു. ഗ്രന്ഥത്തില്‍ പേരെടുത്ത് പറഞ്ഞ 25 പ്രവാചകന്മാരില്‍ പകുതിയിലധികവും ഉലുല്‍ അസ്മുകളില്‍ പെട്ട മൂസാ, ഈ സാ എന്നീ രണ്ടുപ്രവാചകന്മാരും അവരിലാണ് വന്നിട്ടുള്ളത്. ലോകത്ത് മറ്റാര്‍ക്കും നല്‍കപ്പെടാത്ത പ്രഭാവവും പ്രൗഢിയും രാജാധിപത്യവും നല്‍കപ്പെട്ട സുലൈമാന്‍ നബി (സോളമന്‍ ചക്രവര്‍ത്തി)യും ദാവൂദ് നബിയും പിതാവും മകനും പ്രവാചകന്മാരായിട്ടുള്ള മൂന്നു ജോടികളും അവരിലാണ് വന്നിട്ടുള്ളത്. പ്രവാചകന്‍ മുഹമ്മദ് നിയോഗിക്കപ്പെടുന്നതിനുമുമ്പ് ലോകത്തിന്‍റെ തന്നെ നേതൃത്വം ഇസ്റാഈല്‍ സന്തതികളുടെ കൈകളിലായിരുന്നു. എന്നാല്‍ കാലക്രമേണ ധിക്കാരികളായിത്തീര്‍ന്ന അവര്‍ ഗ്രന്ഥത്തെ മൂടിവെക്കുകയും നബിമാരില്‍ ചിലരെ വധിക്കുകയും ഈസായെത്തന്നെ വധിക്കാന്‍ ഉദ്യമിക്കുകയും ചെയ്തു.
അല്ലാഹുവില്‍നിന്നുള്ള ഗ്രന്ഥമായ തൗറാത്തിനെ പാടെ മൂടിവെച്ച്, വെള്ള പൂശിയ ശവക്കല്ലറകളെപ്പോലെ ആത്മാവില്ലാതെ ജീവിച്ചിരുന്ന ജൂതപുരോഹിതന്മാരെ ശക്തമായി എതിര്‍ത്തുകൊണ്ട്, ജനങ്ങളെ അവരുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടി പ്രവാചകന്‍ ഈസാ ജറൂസലേമില്‍ പ്രബോധനം ചെയ്തെങ്കിലും ഇസ്റാഈല്‍ സന്തതികള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. (വിശദവിവരണത്തിന് മത്തായി എഴുതിയ സുവിശേഷം 23:1-36 നോക്കുക.) അവരില്‍പെട്ട ഹവാരിയ്യീങ്ങളായ (അപ്പോസ്തലന്മാര്‍) പതിമൂന്ന് പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്‍പറ്റാന്‍ തയ്യാറായത്. നിഷേധികളായ ജൂതപുരോഹിതന്മാര്‍ ഈസായെ ക്രൂശിച്ചുകൊല്ലാന്‍ റോമന്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണരില്‍ സ്വാധീനം ചെലുത്തുകയും അവസാനം അവര്‍ ഈസായെ പിടിച്ച് ക്രൂശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അല്ലാഹു ഈസായെ ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയാണുണ്ടായത്. 4: 157-158 ല്‍ വിശദീകരിച്ച പ്രകാരം, അല്ലാഹു ഈസായെ ചുഴലിക്കാറ്റ് മുഖേന ശരീരത്തോടുകൂടി ആകാശത്തേക്ക് ഉയര്‍ത്തുകയും, ഹവാരിയ്യീങ്ങളില്‍പ്പെട്ട സര്‍ജ്ജാസിന് ഈസായുടെ മുഖസാദൃശ്യം നല്‍കുകയും റോമന്‍ പട്ടാളക്കാര്‍ സര്‍ജ്ജാസിനെ പിടിച്ചുകൊണ്ടുപോയി ക്രൂശിക്കുകയുമാണുണ്ടായത്. ഇതെല്ലാം കണ്ട് അന്ധാളിച്ചുപോയ ബാക്കിയുള്ള പന്ത്രണ്ട് അപ്പോസ്തലന്മാര്‍ക്ക്, ജനങ്ങളുടെ വിശ്വാസമില്ലായ്മ, ജൂതന്മാരുടെ പരിഹാസം, ഒറ്റിക്കൊടുക്കല്‍, അവരുടെ ഇംഗിതത്തിന് വഴങ്ങുന്ന റോമന്‍ ഭരണകൂടത്തിന്‍റെ ആധിപത്യം തുടങ്ങിയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ഈസായെ ഉയര്‍ത്തിയതാണെന്ന കാര്യം പോലും ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കാനും സമര്‍ത്ഥിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വ്യത്യസ്ത പ്രദേശങ്ങളില്‍ പോയി അവര്‍ സന്ദേശ പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണുണ്ടായത്. ഈസായുടെ കാലത്ത് ശത്രുവായിരുന്ന ജൂതനായ 'പൗലോസ്' അപ്പോഴേക്കും സ്വയം അപ്പോസ്തലനായി ചമഞ്ഞ് കടന്നുവരികയും ജൂതന്മാരുടെയും ഭരണകൂടത്തിന്‍റെയും തണലില്‍ ഈസാ കൊണ്ടുവന്നതിന് വിരുദ്ധമായ തത്വങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ കാലക്രമേണ വിവിധ സംഘങ്ങളായി ഭിന്നിക്കുകയാണുണ്ടായത്. 3: 52-55 വിശദീകരണം നോക്കുക.
ഈസാക്കുശേഷം മൊത്തം ലോകം ഇരുണ്ട് നശിപ്പിക്കപ്പെടേണ്ട ഘട്ടമെത്തിയപ്പോഴാണ് ആറാം നൂറ്റാണ്ടില്‍ 'കല്‍ക്കി, സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍' എന്നീ നാമങ്ങളില്‍ മുന്‍വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മുഹമ്മദിനെ അല്ലാഹു അന്ത്യപ്രവാചകനും നബിയുമായി നിയോഗിക്കുന്നത്. വഴിപിഴച്ച ഇസ്മാഈല്‍ സന്തതികളുടെ അധാര്‍മ്മിക ജീവിതരീതി കഅ്ബത്തിങ്കല്‍ ആണും പെണ്ണും നഗ്നരായി പ്രദക്ഷിണം വെക്കുന്നിടത്തോളം ഇരുണ്ടുപോയിരുന്നു. ബാഹ്യലോകവുമായി ബന്ധപ്പെട്ട് ജീവിക്കാന്‍ പറ്റാത്ത ഈ സാഹചര്യത്തില്‍ ഹിറാഗുഹയില്‍ ഏകാന്തനായി മുഹമ്മദ് താമസമാരംഭിച്ചു. അപ്പോഴാണ് അല്ലാഹുവിന്‍റെ മലക്കുകളില്‍ നിന്നുള്ള ദൂതനായ 'ജിബ്രീല്‍' അദ്ദിക്റാകുന്ന പ്രകാശവും -ദിവ്യസന്ദേശം- കൊണ്ട് ആഗതനാകുന്നത്. 53: 1-17; 81: 19-27 കൂട്ടിവായിക്കുക. സൂറഃ അലഖില്‍ നിന്നുള്ള ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ മുഹമ്മദിനെ കേള്‍പ്പിച്ച് വായിക്കാന്‍ പറഞ്ഞു. 'ഞാന്‍ വായിക്കുന്നവനല്ല' എന്ന് മുഹമ്മദ് മറുപടി പറഞ്ഞപ്പോള്‍ ജിബ്രീല്‍ മുഹമ്മദിനെ ആലിംഗനം ചെയ്യുകയും ആത്മാവ് സ്വര്‍ഗവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് സ്വര്‍ഗത്തില്‍ നിന്ന് പഠിപ്പിച്ച ഗ്രന്ഥം അദ്ദേഹം വായിക്കുകയുമാണുണ്ടായത്. പിന്നീട് വിവിധ സന്ദര്‍ഭങ്ങളില്‍ ഘട്ടം ഘട്ടമായി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായത്.
സര്‍വ്വമതസത്യവാദം അബദ്ധം:
ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് സര്‍വ്വസ്രഷ്ടാവ് തൃപ്തിപ്പെട്ടിട്ടുള്ളത് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ജീവിതരീതി മാത്രമാണ്. മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുള്ള സര്‍വ്വസ്വം അവനുതന്നെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസ്തുത ജീവിതസംഹിതക്ക് ഇസ്ലാം എന്നുപറയുന്നു. പ്രകൃതി ജീവിതരീതി, സമാധാനം, ജീവിതം അല്ലാഹുവിന് സമര്‍പ്പിക്കല്‍ എന്നെല്ലാമാണ് ഇസ്ലാം എന്ന പദം കൊണ്ടുള്ള വിവക്ഷ. അപ്രകാരം സര്‍വ്വസ്വം സ്രഷ്ടാവിന് സമര്‍പ്പിച്ചുകൊണ്ട് സമാധാനത്തോടുകൂടിയുള്ള പ്രകൃതിജീവിതം നയിക്കുന്നവരെയാണ് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ എന്ന് പറയുന്നത്. (അവര്‍ ഏത് ജാതി-മത-വേഷ-ഭാഷക്കാരായാലും ശരി.) 3: 19, 85 വിശദീകരണം നോക്കുക. സ്രഷ്ടാവിന്‍റെ സന്ദേശമായ വേദം പ്രായോഗികജീവിതത്തില്‍ ജീവിച്ചുകാണിച്ചു കൊടുക്കുന്നതിനുവേണ്ടി മനുഷ്യരില്‍ നിന്നുള്ള പ്രവാചകന്മാരിലൂടെയാണ് കാലാകാലങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. ജനങ്ങളുടെ ശ്രദ്ധ അല്ലാഹുവിന്‍റെ സന്ദേശത്തിലേക്ക് തിരിക്കുന്നതിനുവേണ്ടി ആദ്യ കാലങ്ങളില്‍ പ്രകൃതിക്ഷോഭം, ക്ഷാമം, ദുരിതം, ഭീതി വരുത്തുന്ന യുദ്ധങ്ങള്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ നല്‍കുകയും പ്രവാചകന്മാരിലൂടെ ചില ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയുമുണ്ടായി. ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും ചെറിയൊരു സംഘം അല്ലാഹുവിന്‍റെ ഈ ജീവിതസംഹിതയില്‍ വിശ്വസിക്കുകയും ക്രമേണ അവന്‍റെ ദീന്‍ (ജീവിതസംഹിത) ഇവിടെ നടപ്പില്‍ വരികയും ചെയ്തു.
കാലക്രമേണ പ്രമാണിമാരിലും പുരോഹിതന്മാരിലും പെട്ട കപടവിശ്വാസികള്‍ (മനുഷ്യപ്പിശാചുക്കള്‍) ദിവ്യാത്ഭുതങ്ങള്‍ പ്രവാചകന്മാരുടെ കഴിവുകളായി അവതരിപ്പിക്കുകയും തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഗ്രന്ഥത്തെ വളച്ചൊടിക്കുകയും പരലോകത്തെ മറന്ന് ഐഹികലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയൊരു ജീവിതരീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചിലര്‍ പ്രവാചകന്മാരെ ദൈവാവതാരങ്ങളും ദൈവപുത്രന്മാരുമാക്കി മാറ്റി ദൈവത്തിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുകയും ക്രമേണ അത് വിഗ്രഹാരാധനയില്‍ ചെന്നെത്തുകയുമുണ്ടായി. ആദ്യകാലങ്ങളില്‍ വേദം വാമൊഴിയായിട്ടായിരുന്നു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. പില്‍ക്കാലത്ത് കപടവിശ്വാസികള്‍, മൊത്തം വേദം സ്വീകരിക്കാതെ ചില ഭാഗങ്ങള്‍ മാത്രം വികലമായി വ്യാഖ്യാനിച്ചുകൊണ്ടും അസത്യം കൂട്ടിക്കലര്‍ത്തിക്കൊണ്ടും ഗ്രന്ഥങ്ങള്‍ രചിച്ചുതുടങ്ങി. വേദത്തിന്‍റെ ആശയം പഠിക്കാന്‍ ശ്രമിക്കാതെ അതിന്‍റെ ശരീരം തിന്ന് (അധരവ്യായാമം നടത്തി) പുണ്യം നേടാമെന്ന് പഠിപ്പിക്കുകയും വേദത്തിനുപകരം അവര്‍ സ്വകരങ്ങളാല്‍ രചിച്ച ഗ്രന്ഥങ്ങള്‍ (കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍, സുവിശേഷങ്ങള്‍, പുരാണങ്ങള്‍ മുതലായവ) ജീവിതത്തിന്‍റെ അവലംബഗ്രന്ഥങ്ങളാക്കി മാറ്റുകയും ചെയ്തു. ധൃതിക്കാരനും സുഖലോലുപനുമായ മനുഷ്യന്‍ ഇവരുണ്ടാക്കുന്ന കുറുക്കുവഴികള്‍ പിന്‍പറ്റാന്‍ തയ്യാറാവുകയാണുണ്ടായത്. തുടര്‍ന്ന് പല തരം ചിന്താധാരകള്‍ ഉടലെടുക്കുകയും അത് കക്ഷിത്വങ്ങളില്‍ ചെന്നെത്തുകയും അടിസ്ഥാനമില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ ഒരു സമുച്ചയമായി മാറുകയും ചെയ്തതോടെ, അല്ലാഹു അവതരിപ്പിച്ച ദീന്‍ കേവലം ഒരു മതമായി മാറുകയായി. അപ്പോള്‍ അല്ലാഹു മനുഷ്യര്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കാന്‍ വേണ്ടി അവന്‍റെ വേദം മറ്റൊരു ഭാഷയില്‍ മറ്റൊരു പ്രവാചകന്‍ വശം ജനങ്ങളിലേക്ക് അവതരിപ്പിക്കുന്നു. പൂര്‍ണ്ണമായും ദുഷിച്ചു കഴിഞ്ഞ, ആദ്യത്തെ പ്രവാചകന്‍റെ ആളുകളാണെന്ന് ദുരഭിമാനിക്കുന്ന ജനതയായിരിക്കും ഈ വേദത്തെയും പ്രവാചകനെയും എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലുണ്ടാവുക!
മുസ്ലിംകളുടെ സാമ്പ്രദായിക മതമടക്കം ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള ഒരു മതവും അല്ലാഹു തൃപ്തിപ്പെടുന്ന അവന്‍റെ ജീവിതസംഹിതയല്ല. അല്ലാഹുവിന്/യഹോവക്ക്/ജഗദീശ്വരന് ജീവിതം സമര്‍പ്പിക്കുകയും വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ വിശ്വാസികളും, എന്നാല്‍ മുഹമ്മദ്, യേശു, മൂസാ, ഉസൈര്‍, രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, ബദ്രീങ്ങള്‍, മുഹ്യുദ്ദീന്‍ ശൈഖ്, പുണ്യാളന്മാര്‍ തുടങ്ങിയ അവന്‍റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും പാടിപ്പുകഴ്ത്തുകയും നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ ശിര്‍ക്ക് ചെയ്യുന്നവരുമാണ് -അവര്‍ ഏത് ജാതി-മത-വേഷ-രാഷ്ട്രക്കാരാണെങ്കിലും ശരി. പ്രവാചകന്‍ മുഹമ്മദി(കല്‍ക്കി, സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍)നുശേഷം ലോകാവസാനം വരെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള വേദം അദ്ദിക്ര്‍ മാത്രമാണ്. ഹൈന്ദവരെയും ജൂതരെയും ക്രൈസ്തവരെയും മുസ്ലിംകളെയും നിരീശ്വരവാദികളെയുമെല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും അവര്‍ക്കെല്ലാം വേണ്ടി വായുവും വെള്ളവും വെളിച്ചവും മണ്ണും സംവിധാനിക്കുകയും ചെയ്ത സര്‍വ്വസ്രഷ്ടാവിന്‍റെ സംസാരമായ അദ്ദിക്ര്‍, മുന്‍ വേദഗ്രന്ഥങ്ങളുടെ പരിസമാപ്തി രൂപവും മുന്‍ഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ്. കാലാകാലങ്ങളില്‍ വിദ്യാലയങ്ങളില്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതുപോലെ അടിസ്ഥാനതത്വങ്ങളില്‍ വ്യത്യാസമില്ലാതെയാണ് വേദഗ്രന്ഥങ്ങളിലും പരിഷ്കരണം വരുത്തിയിട്ടുള്ളത്. അല്ലാതെ ഇന്ന് മനുഷ്യര്‍ തെറ്റിദ്ധരിക്കുന്നതുപോലെ ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും വെവ്വേറെ ഗ്രന്ഥങ്ങള്‍ എന്ന രൂപത്തിലല്ല.
മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെ മുപ്പത് കള്ളവാദികള്‍ വരുമെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദിക്റിനെയും അന്ത്യപ്രവാചകനായ മുഹമ്മദിനെയും കളവാക്കിക്കൊണ്ട്, അവരില്‍ പെട്ട ഇരുപത്തൊമ്പത് കള്ളവാദികളെയാണ് ഇന്ന് ലോകത്തുള്ള എല്ലാ ഫുജ്ജാറുകളും പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് സമൂഹത്തില്‍ പ്രവാചകന്‍റെ ജനതയിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രകൃതിമതമായ ഇസ്ലാം നിഴലിച്ചുകാണുന്നത് ഹൈന്ദവരിലും ക്രൈസ്തവരിലും നിരീശ്വരവാദികളിലുമെല്ലാമാണെന്ന് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്. മുഹമ്മദ് അന്ത്യപ്രവാചകനായതുകൊണ്ടും അദ്ദിക്റിന്‍റെ ശരീരം അവതരിപ്പിക്കപ്പെട്ട അതേ ഭാഷയിലും രൂപത്തിലും നിലനില്‍ക്കുന്നത് കൊണ്ടും ഇനി പുതിയൊരു പ്രവാചകന്‍റെയോ വേദത്തിന്‍റെയോ ആവശ്യം വരുന്നില്ല. 35: 32 പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത ഗ്രന്ഥത്തിന്‍റെ ആശയം സ്വയം ഉപയോഗിക്കാതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ച് അവരുടെ ജീവിതം പൂര്‍ണ്ണമായും ഇരുണ്ട് ജാഹിലിയ്യത്തിലെത്തുമ്പോള്‍ ഇനി ഇസ്ലാമിനെ പൂര്‍ണ്ണമായി മായ്ച്ച് കളയുന്നതിനുവേണ്ടി മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ പ്രത്യക്ഷപ്പെടുകയാണുണ്ടാവുക.
അല്‍കിതാബ്:
ആകാശഭൂമികളും അവയ്ക്കിടയിലുള്ള സര്‍വ്വസ്വവും ഇല്ലായ്മയില്‍ നിന്ന് ആറുനാളുകളിലായി സൃഷ്ടിച്ച സര്‍വ്വസ്രഷ്ടാവ് ത്രികാലജ്ഞാനിയാണ്. അവന്‍റെ വചനങ്ങളായ അദ്ദിക്ര്‍ ത്രികാലജ്ഞാനവുമാണ്. അതിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ കഴിഞ്ഞുപോയതും മൂന്നിലൊന്ന് സൂക്തങ്ങള്‍ നടപ്പിലുള്ളതും മൂന്നിലൊന്ന് സൂക്തങ്ങള്‍ വരാനിരിക്കുന്ന സംഭവങ്ങളുടെ മുന്നറിയിപ്പുമാകുന്നു. പ്രപഞ്ചം രൂപപ്പെടുന്നതിനുമുമ്പുതന്നെ അതിന്‍റെ ഭരണഘടനയും അവന്‍റെ ചര്യയുമായ ആവര്‍ത്തിച്ചുവായിക്കേണ്ട അദ്ദിക്റാകുന്ന ഗ്രന്ഥം, അവന്‍ സുരക്ഷിതമായ ഫലകത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. അതിന് 'അല്‍കിതാബ്' എന്നുപറയുന്നു. 56: 77-78; 85: 21-22 വിശദീകരണം നോക്കുക.
സ്വര്‍ഗത്തില്‍ നിന്ന് കാലാകാലങ്ങളില്‍ മനുഷ്യര്‍ക്കുവേണ്ട നിയമനിര്‍ദേശങ്ങളടങ്ങിയ ഒറ്റവേദം മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. അത് ആവര്‍ത്തിച്ച് വായിക്കേണ്ടത് (ഖുര്‍ആന്‍) ആണെന്ന് 15: 90-91 ല്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ ശരീരം വിവിധ ഭാഷകളിലാണെങ്കില്‍ ആത്മാവ് (അദ്ദിക്ര്‍) ഒന്നുതന്നെയാണ്. അതായത് ഭഗവദ്ഗീതയുടെ ശരീരം സംസ്കൃതവും തൗറാത്തിന്‍റെ ശരീരം ഹീബ്രുവും ഇഞ്ചീലിന്‍റെ ശരീരം അരമായിക്കും അദ്ദിക്റിന്‍റെ ശരീരം അറബിയുമാണെങ്കില്‍ ആത്മാവ് (ആശയം) ഒന്നുതന്നെയാണ്. ഖുര്‍ആന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണ്. എല്ലാ വേദഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടവയായതിനാല്‍ അവയെല്ലാം ഖുര്‍ആന്‍ (ആവര്‍ത്തിച്ചുവായിക്കപ്പെടേണ്ടത്) തന്നെയാണ്. 15: 87 ല്‍ പറഞ്ഞ ആവര്‍ത്തിച്ചുവരുന്ന ഏഴുസൂക്തങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് 'ഉമ്മുല്‍ കിതാബായ' ഫാത്തിഹയാണെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഉമ്മുല്‍ കിതാബ് അല്ലാഹുവിന്‍റെ പക്കലുണ്ടെന്ന് 13: 39; 43: 4 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് ഗ്രന്ഥവും ഉമ്മുല്‍ കിതാബായ ഫാത്തിഹഃ അടങ്ങിയ അല്‍കിതാബ് തന്നെ അവതരിപ്പിക്കുകയുണ്ടായി. 2: 2 വിശദീകരണം നോക്കുക.
റൂഹ്:
മനുഷ്യന്‍റെ ആത്മാവും ജീവനും കൂടിയ റൂഹ് ശരീരത്തില്‍ നിന്ന് വേര്‍പ്പെടുന്നതിനെയാണ് മരണം എന്നുപറയുന്നത്. ഉറക്കം ഒരു ചെറിയ മരണമാണ്. എന്നാല്‍ ഉറക്കത്തില്‍ ആത്മാവ് മാത്രമേ വേര്‍പിരിയുന്നുള്ളൂ, ജീവന്‍ വേര്‍പിരിയുന്നില്ല. 6: 60; 39: 42 വിശദീകരണം നോക്കുക. 4: 171; 32: 9 എന്നീ സൂക്തങ്ങളില്‍ സ്രഷ്ടാവിന്‍റെ റൂഹില്‍ നിന്നാണ് ഈസാ അടക്കം എല്ലാ മനുഷ്യര്‍ക്കും റൂഹ് നല്‍കിയത് എന്നുപറഞ്ഞിട്ടുണ്ട്. 16: 102; 26: 193; 78: 38 സൂക്തങ്ങളില്‍ ജിബ്രീലിനെക്കുറിച്ച് റൂഹ് എന്നുപറഞ്ഞിട്ടുണ്ട്. 16: 2; 42: 52 സൂക്തങ്ങളില്‍ അദ്ദിക്റിനെ റൂഹ് എന്നുപറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആശയം അതിന്‍റെ ആത്മാവും അര്‍ത്ഥം അതിന്‍റെ ജീവനുമാണെങ്കില്‍ അതിന്‍റെ റൂഹ് ആത്മാവും ജീവനും കൂടിയ കലിമാത്താണ്. അത് പറഞ്ഞാലും എഴുതിയാലും തീരുകയില്ലെന്ന് 18: 109; 31: 27 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിന്നോട് അവര്‍ റൂഹിനെക്കുറിച്ച് ചോദിച്ചാല്‍, അത് എന്‍റെ നാഥന്‍റെ കല്‍പനയില്‍ പെട്ടതാണ്, നിങ്ങള്‍ക്ക് അറിവില്‍ നിന്ന് അല്‍പമല്ലാതെ നല്‍കിയിട്ടില്ല എന്നുപറയാനാണ് 17: 85 ല്‍ പ്രവാചകനോട് കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതിനാല്‍, നിങ്ങള്‍ക്ക് അറിവില്ലാത്ത ഏതൊരു കാര്യവും അദ്ദിക്ര്‍ അറിയുന്നവരോട് ചോദിക്കുക എന്നാണ് 16: 43; 21: 7 എന്നീ സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുള്ളത്. നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിനെക്കുറിച്ച് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് 25: 59 ല്‍ പ്രവാചകനോടുതന്നെ ആവശ്യപ്പെട്ടിട്ടുള്ളത്.
അദ്ദിക്ര്‍ കൊണ്ട് 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തുമ്പോള്‍ മാത്രമേ ഒരുവന് ആത്മാവുണ്ടാവുകയുള്ളൂ. അല്ലാത്തവര്‍ ഉറക്കത്തിലാണ്, അവര്‍ക്ക് ജീവന്‍ മാത്രമേയുള്ളൂ. അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികള്‍ വധിക്കപ്പെട്ടവരാണെന്ന് പറയാനുള്ള കാരണവും ഇതുതന്നെയാണ്. 63: 4; 80: 17 നോക്കുക.
എന്താണ് ഗ്രന്ഥം?
36: 69 ല്‍ ഗ്രന്ഥത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ഇതൊരു ദിക്റും വ്യക്തമായ വായനയുമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ പരാമര്‍ശിച്ച 'ദിക്ര്‍' ഗ്രന്ഥത്തിന്‍റെ ആത്മാവും, അറബിയിലുള്ള ടെക്സ്റ്റ് അതിന്‍റെ ശരീരവുമാണ്. മനുഷ്യനെപ്പോലെത്തന്നെ ആത്മാവും ശരീരവും ചേര്‍ന്നതാണ് ഗ്രന്ഥവും. ഗ്രന്ഥത്തിന്‍റെ മാതാവായ (ഉമ്മുല്‍ ഖുര്‍ആന്‍) 'ഫാത്തിഹ'യിലൂടെ അടിമ ഉടമയുമായി ബന്ധപ്പെടുമ്പോള്‍ 'ഞങ്ങളെ നീ ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യേണമേ' എന്ന് ചോദിക്കുന്നതിന് മറുപടിയായിട്ടാണ് സന്മാര്‍ഗവും ഏറ്റവും ചൊവ്വായ മാര്‍ഗവുമായ ബഖറ മുതല്‍ അന്നാസ് വരെയുള്ള സൂക്തങ്ങളടങ്ങിയ അദ്ദിക്ര്‍ നല്‍കുന്നത്. 114 സൂറത്തുകളാണ് ഗ്രന്ഥത്തിലുള്ളത്. ഒരു സൂറത്തിലും ഒരു പ്രത്യേക വിഷയം പൂര്‍ണ്ണമായി പരാമര്‍ശിക്കാത്തതിനാല്‍ അതിന് അധ്യായമെന്ന് പറയാന്‍ പറ്റില്ല. 6236 സൂക്തങ്ങളടങ്ങിയ ഗ്രന്ഥത്തിലെ ഓരോ വാക്യവും തത്വനിര്‍ഭരവും സ്വതന്ത്രവുമായതിനാല്‍ അതിനെ ആയത്ത് അഥവാ സൂക്തം എന്ന് വിളിക്കുന്നു. ആയത്ത് എന്നുപറഞ്ഞാല്‍ ദൃഷ്ടാന്തം, ദിവ്യാത്ഭുതം, തെളിവ് എന്നെല്ലാം ആശയമുണ്ട്. അഥവാ ഗ്രന്ഥത്തിന്‍റെ ഓരോ സൂക്തവും ഓരോ ദൃഷ്ടാന്തമാണ്.
ക്രോഡീകരണം:
മലക്കുകളില്‍ നിന്നുള്ള ദൂതനായ ജിബ്രീല്‍ വന്ന് മനുഷ്യരില്‍ നിന്നുള്ള ദൂതനായ മുഹമ്മദിന്‍റെ ഹൃദയത്തിലേക്ക് അദ്ദിക്ര്‍ ഘട്ടംഘട്ടമായി ഇട്ടുകൊടുക്കുകയും എഴുത്തും വായനയും അറിയാത്ത പ്രവാചകന്‍, എഴുത്തും വായനയും അറിയുന്ന അനുയായികളില്‍ പെട്ടവരോട്: ഇത് ഇന്നയിന്ന സൂറത്തില്‍ എഴുതിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതനുസരിച്ച് അവര്‍ എഴുതി വെച്ചു. എല്ലാ വര്‍ഷവും ഗ്രന്ഥം ഇറങ്ങിയ മാസമായ റമളാനില്‍ ജിബ്രീല്‍ മുഹമ്മദിനെക്കൊണ്ട് ഗ്രന്ഥം വായിപ്പിച്ചു കേള്‍ക്കുമായിരുന്നു. പ്രവാചകന്‍റെ ജീവിതാവസാനകാലത്ത് കള്ളപ്രവാചകനായ 'മുസൈലിമത്തുല്‍ കദ്ദാബി'ന്‍റെ നേതൃത്വത്തില്‍ മതപരിത്യാഗികള്‍ ഉടലെടുക്കുകയും ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്ത് അവരുമായി യുദ്ധം നടക്കുകയുമുണ്ടായി. ഈ യുദ്ധത്തില്‍ ഗ്രന്ഥം മനഃപാഠമാക്കിയ കുറേ പേര്‍ രക്തസാക്ഷികളായി. ഗ്രന്ഥം ക്രോഡീകരിച്ച് സൂക്ഷിക്കാത്ത പക്ഷം അത് നഷ്ടപ്പെട്ട് പോയേക്കുമോ എന്ന ഭയത്താല്‍ ഉമറിന്‍റെ പ്രേരണയനുസരിച്ച്, ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്താണ് അത് ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചത്. എഴുത്തുകാരനായ സൈദുബ്നു സാബിത്തിന്‍റെ നേതൃത്വത്തില്‍ ഗ്രന്ഥം മനഃപാഠമാക്കിയവരെയെല്ലാം സമ്മേളിപ്പിക്കുകയും തുകലുകളിലും ഓലകളിലും എല്ലുകളിലും എഴുതിവെച്ചിട്ടുള്ളതെല്ലാം ഒത്തുനോക്കുകയും ചെയ്താണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഗ്രന്ഥത്തിന്‍റെ അറബിയിലുള്ള ഒന്നാം പതിപ്പ് രൂപം കൊണ്ടത്. ആ പതിപ്പ് നബിയുടെ പത്നി ഹഫ്സയുടെ കയ്യില്‍ സൂക്ഷിക്കുകയും മറ്റുള്ളവരുടെ കയ്യിലുള്ള ലിഖിതങ്ങള്‍ ഈ പതിപ്പുമായി ഒത്തുനോക്കി ഉറപ്പുവരുത്തുകയും ചെയ്തു. ക്രമേണ ഇസ്ലാം വിവിധ നാടുകളിലേക്ക് പ്രചരിച്ചപ്പോള്‍ ഗ്രന്ഥത്തിന്‍റെ കൂടുതല്‍ പതിപ്പുകള്‍ ആവശ്യമായി വന്നു. അങ്ങനെ മൂന്നാം ഖലീഫ ഉസ്മാനിന്‍റെ കാലത്ത് എട്ടുപതിപ്പുകള്‍ എടുത്ത് വിവിധ നാടുകളിലേക്ക് എത്തിച്ചുകൊടുക്കുകയുണ്ടായി. പുതിയ നാടുകളിലെ ഭാഷകള്‍ വ്യത്യാസപ്പെടുമ്പോള്‍ ഗ്രന്ഥത്തിന്‍റെ വായനയില്‍ മാറ്റം വന്ന് ആശയപ്പൊരുത്തം നഷ്ടപ്പെടാതിരിക്കാന്‍ വായനാനിയമങ്ങളും ഉണ്ടാക്കി.
ഗ്രന്ഥം ക്രോഡീകരിച്ചതും ക്രമപ്പെടുത്തിയതും ത്രികാലജ്ഞാനിയായ അല്ലാഹു തന്നെയാണ്. 75: 16-19 ല്‍ അല്ലാഹു പറയുന്നു: ഈ വായന വശത്താക്കുന്നതിനുവേണ്ടി നീ നാവിട്ടടിക്കേണ്ടതില്ല, നമ്മുടെ ബാധ്യതയാണ് അത് ക്രോഡീകരിക്കലും പിന്നെ അത് വായിച്ച് കേള്‍പ്പിച്ചുതരലും, അപ്പോള്‍ നാം നിനക്ക് അത് (ജിബ്രീല്‍ മുഖേന) വായിച്ചുകേള്‍പ്പിച്ച് തന്നാല്‍ ആ വായനയാണ് നീ പിന്‍പറ്റേണ്ടത്, പിന്നെ അതിനെ വിശദീകരിച്ചുതരലും നമ്മുടെ ബാധ്യത തന്നെയാണ്. 20: 114 ല്‍ അല്ലാഹു പറയുന്നു: നിനക്കുള്ള ദിവ്യസന്ദേശം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഈ വായന വശത്താക്കുന്ന കാര്യത്തില്‍ നീ ധൃതിപ്പെടരുത്, 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ചുതരേണമേ' എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഗ്രന്ഥം വായിക്കേണ്ടതും ആശയം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമെല്ലാം അത് ക്രോഡീകരിച്ച ക്രമത്തില്‍ ബഖറ മുതല്‍ താഴോട്ട് തന്നെയാണ്. ഇതിന് വിരുദ്ധമായി ഗ്രന്ഥത്തിന്‍റെ അവസാനഭാഗമായ 'അമ്മ'ജുസ്അ് മുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് മുസ്ലിം നാമധാരികളായ ഫുജ്ജാറുകള്‍ക്ക് ഈ ഗ്രന്ഥം മനസിലാകാത്തത്. അവരുടെ ഭക്ഷണം അനുവദനീയവും പരിശുദ്ധവുമല്ലാത്തതുകൊണ്ടാണ് അവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത്. 16: 114 വിശദീകരണം നോക്കുക. 15: 9 ല്‍, നിശ്ചയം അദ്ദിക്ര്‍ -ഗ്രന്ഥത്തിന്‍റെ ആത്മാവ്- നാമാണ് ഇറക്കിയത്, നാം തന്നെ അതിനെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് എന്നുപറഞ്ഞിട്ടുണ്ട്.
താഴെ പറയുന്ന പേരുകളിലെല്ലാം അദ്ദിക്റിനെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുണ്ട്. ആ പേരുകളെല്ലാം അന്വര്‍ത്ഥമാക്കും വിധം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമേ അദ്ദിക്ര്‍ അനുകൂലമായി വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും സാക്ഷി നില്‍ക്കുകയുമുള്ളൂ.
അദ്ദിക്ര്‍ (ഗ്രന്ഥത്തിന്‍റെ ആത്മാവ്):
3: 58; 5: 91; 15: 6, 9; 25: 18, 29; 38: 8; 41: 41 തുടങ്ങി 61 സൂക്തങ്ങളില്‍ നാഥന്‍റെ ഗ്രന്ഥത്തിന് അദ്ദിക്ര്‍ എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. സൃഷ്ടികളുടെ ഹൃദയത്തിന്‍റെ ഭാഷയിലുള്ള വേദഗ്രന്ഥത്തിന്‍റെ ആശയത്തിനാണ് 'അദ്ദിക്ര്‍' എന്ന് പറയുന്നത്. 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റാണ് സ്വര്‍ഗത്തില്‍ നിന്ന് എല്ലാ മനുഷ്യരെയും പഠിപ്പിച്ചിട്ടുള്ളത്. ആദ്യപ്രവാചകനായ നൂഹ് മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് വരെ 313 സന്ദേശവാഹകര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കെല്ലാം നല്‍കപ്പെട്ടത് അദ്ദിക്ര്‍ തന്നെയാണെന്ന് 4: 163; 16: 43-44; 21: 24; 41: 43; 53: 56 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
നാഥന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്ര്‍ തന്നെയാണ് സര്‍വ്വപ്രധാനമെന്ന് 29: 45 ലും; നിങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അദ്ദിക്റിനെത്തൊട്ട് നിങ്ങളെ തടയരുതെന്നും തടഞ്ഞാല്‍ അവര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവരെന്ന് 63: 9 ലും പറഞ്ഞിട്ടുണ്ട്. കാഫിറുകളുടെ കാര്യത്തില്‍ നീ അവരെ താക്കീത് നല്‍കുന്നതും അവരെ താക്കീത് നല്‍കാതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല. അദ്ദിക്റിനെ പിന്‍പറ്റുന്നവര്‍ക്കും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുന്നവര്‍ക്കും മാത്രമേ നിന്‍റെ മുന്നറിയിപ്പ് ഉപകാരപ്പെടുകയുള്ളൂ എന്ന് 36: 10-11 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ചതുകൊണ്ടാണ് പ്രവാചകന്‍റെ ജനത 'കെട്ടതാ'യി മാറിയതെന്ന് അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന മഹാത്മാക്കള്‍ അവര്‍ക്കെതിരെ വിധിദിവസം അന്യായം ബോധിപ്പിക്കുന്ന രംഗം 25: 18 ലും; ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ ഉപയോഗപ്പെടുത്താത്ത ഇത്തരം അക്രമി പരലോകത്തുവെച്ച് കൈ കടിച്ച് 'ഓ എന്‍റെ നാശം, ഇന്നാലിന്നവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 സൂക്തങ്ങളിലും; ഓ എന്‍റെ നാഥാ! നിശ്ചയം എന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഹിജ്റ പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി എന്ന് പ്രവാചകന്‍ പറയുമെന്ന് 25: 30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിശ്ചയം ഇത് നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു 'ഉണര്‍ത്തല്‍' ആണ്, നീയും നിന്‍റെ ജനതയും അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് 43: 44 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തില്‍ വഴിക്കുവഴിയായി ഒരു കാര്യവും പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ഗ്രന്ഥത്തിന്‍റെ മൊത്തം ആശയം അറിയുമ്പോള്‍ മാത്രമേ ഏതൊരു കാര്യത്തെക്കുറിച്ചുമുള്ള അറിവ് പൂര്‍ണ്ണമാവുകയുള്ളൂ.
ദിക്റാ (ഉണര്‍ത്തല്‍):
6: 68; 7: 2; 11: 120; 26: 209; 39: 21; 51: 55; 87: 9 തുടങ്ങി 21 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'ദിക്റാ' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു 'ദിക്റാ' അല്ലാതെ അല്ല എന്ന് 6: 90 ലും; അത് വിശ്വാസികള്‍ക്ക് ഒരു അനുസ്മരണമാണെന്ന് 7: 2; 11: 120 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് മാത്രമേ 'ദിക്റാ' ഉപകാരപ്പെടുകയുള്ളൂ എന്ന് 51: 55 ലും; വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനെ വെടിയുക തന്നെ ചെയ്യുമെന്ന് 87: 9-12 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 'ദിക്റാ' ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന നാളില്‍ മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ല്‍ പറഞ്ഞിട്ടുണ്ട്.
ദിക്രീ (ഉണര്‍ത്തല്‍):
18: 101; 20: 14, 42, 124; 23: 110; 38: 8 എന്നീ 6 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'ദിക്രീ' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 18: 100-101 സൂക്തങ്ങളില്‍ ദിക്രീ വന്നുകിട്ടിയിട്ട് അത് കാണാന്‍ തയ്യാറാകാത്തവരും കേള്‍ക്കാന്‍ തയ്യാറാകാത്തവരുമായ കാഫിറുകളുടെ അടുത്തേക്കാണ് നരകക്കുണ്ഠം അടുപ്പിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 20: 14 ലൂടെ ദിക്രീ നിലനിര്‍ത്താന്‍ വേണ്ടി നീ നമസ്കാരം നിലനിര്‍ത്തുക എന്നാണ് മൂസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരോടും അതുവഴി വിശ്വാസിയോടും കല്‍പിച്ചിട്ടുള്ളത്. 20: 124 ല്‍ ദിക്രീ എന്ന ഗ്രന്ഥത്തെ അവഗണിച്ചവന് ഇഹത്തില്‍ കുടുസ്സായ ജീവിതമാണുള്ളത്; വിധിദിവസം അവന്‍ അന്ധനായി പുനര്‍ജീവിപ്പിക്കപ്പെടുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ ജനതയില്‍ പെട്ട കാഫിറുകള്‍ 'ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത്' എന്ന് പറയുമെന്നും; അല്ല, ശിക്ഷ രുചിക്കാതിരിക്കുമ്പോള്‍ ദിക്രീയുടെ കാര്യത്തില്‍ അവര്‍ സംശയത്തിലാണ് എന്നും 38: 8 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ദിക്രീയുടെ കാര്യത്തില്‍ തീരാത്ത സംശയത്തിലാണുള്ളത്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുകയും ഇതരജനവിഭാഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുകയും കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ വധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ അവര്‍ക്ക് അറബി ഖുര്‍ആനല്ല, അദ്ദിക്ര്‍ -ദിക്രീ- ആയിരുന്നു ഗ്രന്ഥമെന്ന് ബോധ്യം വരികയുള്ളൂ.
തദ്കിറഃ (ടിക്കറ്റ്):
20: 3; 56: 73; 69: 12, 48; 80: 11 തുടങ്ങി 9 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് ടിക്കറ്റ് എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. നിശ്ചയം, തങ്ങളുടെ നാഥനിലേക്ക് എത്തിപ്പെടാനുദ്ദേശിക്കുന്നവര്‍ക്ക് ഇത് ഒരു ടിക്കറ്റ് തന്നെയാണെന്ന് 73: 19; 76: 29 എന്നീ സൂക്തങ്ങളിലും; എന്നാല്‍ ഗ്രന്ഥം പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ മാത്രമേ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് 69: 48 ലും; ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചവര്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടുണ്ട്. കാഫിറുകള്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുന്നതാണെന്ന് 74: 49-51 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഹുദാ (മാര്‍ഗദര്‍ശനം):
2: 2, 185; 9: 33; 18: 57; 22: 8; 28: 85; 39: 23; 48: 28; 61: 9 തുടങ്ങി 80 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'മാര്‍ഗദര്‍ശനം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 2: 38 ല്‍, സ്വര്‍ഗത്തില്‍ നിന്ന് എല്ലാ മനുഷ്യരെയും ഭൂമിയിലേക്ക് നിയോഗിച്ചയക്കുമ്പോള്‍ അല്ലാഹു പറഞ്ഞു: എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍ ആരാണോ മാര്‍ഗദര്‍ശനത്തെ പിന്‍പറ്റുന്നത്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 185 ല്‍ ഗ്രന്ഥം മൊത്തം മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനമാണെന്നും പറഞ്ഞിട്ടുണ്ട്. 'മാര്‍ഗദര്‍ശനം വന്നുകിട്ടുക' എന്ന നിബന്ധനയുള്ളതിനാല്‍ ഗ്രന്ഥം കിട്ടാത്ത ഒരു ജനതയെ അല്ലാഹു ശിക്ഷിക്കുകയില്ല. ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം ശിക്ഷിക്കുന്നവനാവുകയില്ല എന്ന് 17: 15 ല്‍ പറഞ്ഞിട്ടുമുണ്ട്. അപ്പോള്‍ അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതരജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുക എന്നത് അത് ലഭിച്ചവരുടെ ബാധ്യതയാണ്. അങ്ങനെ 2: 62 ല്‍ വിവരിച്ച പ്രകാരം അവര്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.
ഫുര്‍ഖാന്‍ (സത്യാസത്യവിവേചന മാനദണ്ഡം):
2: 53, 185; 3: 4; 8: 29; 21: 48; 25: 1 എന്നീ 6 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'സത്യാസത്യ വിവേചന മാനദണ്ഡം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 2: 185 ലും 25: 1 ലും മൊത്തം ലോകര്‍ക്ക് മാര്‍ഗദര്‍ശനവും സത്യാസത്യവിവേചന മാനദണ്ഡവുമായിക്കൊണ്ടാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളിലും തിരിച്ചറിയാനുള്ള ഉരക്കല്ലാണ് ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍. വിശ്വാസിയെയും കാഫിറിനെയും തിരിച്ചറിയാനുള്ള മാനദണ്ഡവും അതുതന്നെയാണ്.
മീസാന്‍ (ത്രാസ്):
42: 17; 55: 7, 8, 9; 57: 25 എന്നീ 5 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'ത്രാസ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസാണ് അദ്ദിക്ര്‍. നിഷ്പക്ഷവാനായ നാഥന്‍ അവന്‍റെ പ്രതിനിധികളായി നിയോഗിച്ചിട്ടുള്ള മനുഷ്യരുടെ ബാധ്യതയാണ് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തല്‍. എന്നാല്‍ നാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസികള്‍ മാത്രമേ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും മറ്റുള്ളവരെ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുകയുമുള്ളൂ. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അത്തരം ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാത്ത അവസ്ഥയിലാണ് ലോകാവസാനത്തിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക. ഏതൊരു കാര്യവും ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് തൂക്കി നോക്കി വിലയിരുത്താനും എല്ലാ കാര്യങ്ങളിലും ത്രാസ്സായ ഗ്രന്ഥം കൊണ്ട് നീതി പാലിക്കാനും വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഹഖ് (സത്യം):
2: 119, 147; 7: 8; 10: 108; 17: 81; 25: 33; 29: 68; 37: 37; 39: 41 തുടങ്ങി 256 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'സത്യം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 10: 108 ല്‍, ഓ മനുഷ്യരേ, നിങ്ങളുടെ ഉടമയായ നാഥനില്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു; അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലാകുന്നത്, അവന്‍ അവനെ സന്മാര്‍ഗത്തിലേക്കാക്കി; ആരാണോ അവനവനെ വഴികേടിലാക്കിയത്, അപ്പോള്‍ നിശ്ചയം ആ വഴികേടിന്‍റെ ദോഷവും ആ ആത്മാവിനുതന്നെ, ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. വിധിദിവസം സത്യത്തിന് മാത്രമാണ് തൂക്കമുള്ളതെന്ന് 7: 8-9 സൂക്തങ്ങളിലും; പരലോകത്ത് വിധി കല്‍പിക്കുക സത്യം കൊണ്ടാണെന്ന് 39: 69, 75 തുടങ്ങിയ സൂക്തങ്ങളിലും; ഐഹികലോകത്തു വെച്ച് മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ തീരുമാനം കല്‍പിക്കാനല്ലാതെ നിന്‍റെ മേല്‍ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല എന്ന് 16: 64 ലും പറഞ്ഞിട്ടുണ്ട്. 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനായ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കാത്ത ഒരാളും വിശ്വാസിയാവുകയോ സര്‍വ്വവും നാഥന് സമര്‍പ്പിച്ച മുസ്ലിമായി മരിക്കുകയോ ഇല്ല എന്ന് 3: 102 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് മുസ്ലിംകളാണെന്ന് വാദിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താത്തത് കാരണം 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അല്ലാഹു തന്നെയാണ് അവന്‍റെ പ്രവാചകനെ സന്മാര്‍ഗവും സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥയും കൊണ്ട് അയച്ചത്, ആ ജീവിതവ്യവസ്ഥ മറ്റെല്ലാ ജീവിതവ്യവസ്ഥകളേക്കാളും ഉയര്‍ന്ന് നില്‍ക്കുന്നതിന് വേണ്ടി, അത് വിവിധ സംഘടനകളായിത്തിരിഞ്ഞ ഫുജ്ജാറുകളായ മുശ്രിക്കുകള്‍ക്ക് എത്ര വെറുപ്പായിരുന്നാലും ശരി എന്ന് 9: 33; 48: 28; 61: 9 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ നരകഗര്‍ത്തത്തില്‍ വെച്ച് അതിന്‍റെ പാറാവുകാരനായ മലക്കിനോട് 'ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ' എന്ന് പറയുമ്പോള്‍ മാലിക്ക്: 'നിങ്ങള്‍ അവിടെ കാലാകാലം കഴിയേണ്ടവരാണ്, ഞങ്ങള്‍ നിങ്ങളിലേക്ക് സത്യവും കൊണ്ട് വന്നിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേര്‍ ക്കും സത്യത്തോട് വെറുപ്പായിരുന്നു' എന്ന് പറയുമെന്ന് 43: 74-78 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തുള്ള എല്ലാ ഫുജ്ജാറുകളും സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെക്കൊണ്ട് വിശ്വസിക്കേണ്ട വിധം വിശ്വസിക്കുന്നവരല്ല എന്ന് 6: 91; 22: 74; 39: 67 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
സ്വിദ്ഖ് (സത്യം):
5: 119; 6: 115; 17: 80; 26: 84; 33: 8, 24; 46: 16 തുടങ്ങി 11 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'സ്വിദ്ഖ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. സ്വിദ്ഖ് എന്ന ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ അക്രമികളും കാഫിറുകളുമാണെന്ന് 39: 32 ലും; ആര്‍ക്കാണോ സ്വിദ്ഖ് വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ മാത്രമാണ് സൂക്ഷ്മാലുക്കള്‍ (മുത്തഖീങ്ങള്‍) എന്ന് 39: 33 ലും പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന സൂക്ഷ്മാലുക്കള്‍ സ്വര്‍ഗത്തില്‍ തങ്ങളുടെ നാഥന്‍റെ അടുത്ത് സ്വിദ്ഖാകുന്ന ഇരിപ്പിടത്തില്‍ ഉപവിഷ്ടരാകുമെന്ന് 54: 54-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ്വിദ്ഖിനെ സത്യപ്പെടുത്താത്ത എല്ലാ ഫുജ്ജാറുകളോടും മരണസമയത്ത് 'നീ സ്വിദ്ഖിനെ സത്യപ്പെടുത്തിയിട്ടില്ല, അതുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല' എന്ന് നാഥന്‍ പറയുമെന്ന് 75: 31 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖിസ്ത്വ് (നീതി):
3: 18; 5: 8, 42; 11: 85; 17: 35; 26: 182; 55: 9; 57: 25 തുടങ്ങി 17 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'നീതി' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 4: 135; 5: 8 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ നീതിയില്‍ ഉറച്ചുനിന്നുകൊണ്ട് അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തി അവനുവേണ്ടി നിലകൊള്ളുന്നവരാവുക എന്ന് കല്‍പിച്ചിട്ടുണ്ട്. 5: 42 ല്‍, കപടവിശ്വാസികള്‍ ഏതെങ്കിലും വിധി ലഭിക്കുന്നതിനുവേണ്ടി പ്രവാചകനെയോ വിശ്വാസിയെയോ സമീപിക്കുകയാണെങ്കില്‍ അവരെ അവഗണിക്കുന്നതില്‍ വിരോധമില്ല എന്നും; എന്നാല്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുകയാണെങ്കില്‍ 'നീതി' കൊണ്ടാണ് വിധി കല്‍പിക്കേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. 5: 42; 49: 9; 60: 8 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് 'നീതി' കൊണ്ട് വിധി കല്‍പിക്കുന്നവരെ നാഥന്‍ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 17: 35 ലും 26: 182 ലും നിങ്ങള്‍ 'നീതിയുടെ നേരെച്ചൊവ്വെയുള്ള ത്രാസ്സ്' കൊണ്ട് തൂക്കുക എന്ന് പറഞ്ഞത് നീതിയുടെ ത്രാസായ അദ്ദിക്ര്‍ കൊണ്ട് തൂക്കുക എന്നുതന്നെയാണ്.