( അല്‍ ഫാത്തിഹ ) 1 : 2

الرَّحْمَٰنِ الرَّحِيمِ

നിഷ്പക്ഷവാന്‍, കാരുണ്യവാന്‍.

ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കാത്തവനാണ് നിഷ്പക്ഷവാനായ നാഥന്‍. അവന്‍ അവന്‍റെ അനുഗ്രഹങ്ങള്‍ വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും നല്‍കുന്നതാണ്. എന്നുമാത്രമല്ല, വഴിപ്പെടാത്തവര്‍ പരലോകത്ത് നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരാണല്ലോ എന്ന് അറിയുന്ന ത്രികാലജ്ഞാനിയായ അവന്‍ അവര്‍ക്കാണ് ഐഹികലോകത്ത് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നത്. 

കാരുണ്യവാന്‍ എന്ന് പറഞ്ഞാല്‍ വിശ്വാസികളായ അവന്‍റെ അടിമകള്‍ക്ക് ഇഹലോകത്തുതന്നെ കാരുണ്യം കൂടുതല്‍ ചൊരിയുന്നവനാണ്; പരലോകത്ത് അവര്‍ക്ക് പ്രത്യേകമായി കാരുണ്യം ചൊരിയുന്നവനുമാണ്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും നാഥന്‍റെ 'നിഷ്പക്ഷവാന്‍' എന്ന ഗുണനാമം അംഗീകരിക്കാത്തവരാണ്. അത്തരം കാഫിറുകള്‍ സ്വര്‍ഗവും നരകവുമെല്ലാം അല്ലാഹു നല്‍കുന്നതാണ്, നമുക്ക് അത് തെരഞ്ഞെടുക്കാനൊന്നും അവകാശമില്ല എന്ന് പ്രചരിപ്പിക്കുന്നതാണ്. അവര്‍ ഗ്രന്ഥത്തില്‍ 15 സൂക്തങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കാത്തവരുമാണ്. പ്രത്യേകിച്ച് നിഷ്പക്ഷവാന് സാഷ്ടാംഗം പ്രണമിക്കാന്‍ കല്‍പിക്കുന്ന 19: 58; 25: 60 സൂക്തങ്ങള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും പോലും അവര്‍ സാഷ്ടാംഗം പ്രണമിക്കുകയില്ല. അപ്പോള്‍ അവര്‍ കേട്ട, കണ്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച് സാക്ഷി നിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി നാലാം ഘട്ടമായ ഇഹലോകത്ത് സ്വര്‍ഗം പണിതാല്‍ മാത്രമേ ഏഴാം ഘട്ടമായ പരലോകത്ത് അത് അനന്തരമെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ജീവിതലക്ഷ്യമുള്ളവനാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ ജീവിതലക്ഷ്യം മറന്നവരും പ്രജ്ഞയറ്റവരുമാണ്. അവരുടെ ആത്മാവിനെതിരെ മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും അവര്‍ വായിച്ചിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത ഇത്തരം കാഫിറുകള്‍ സത്യമായ അദ്ദിക്റിനെ അവഗണിച്ച് 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മിഥ്യയായ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരാണ്. അവരുടെ കുറ്റങ്ങളെല്ലാം കാരുണ്യവാന്‍ പൊറുത്തുകൊടുക്കും എന്ന മിഥ്യാധാരണയില്‍ ജീവിക്കുന്നവരാണ് അവര്‍. 

നിഷ്പക്ഷവാന്‍:- എല്ലാ മനുഷ്യരും കാഫിറുകളാകുമായിരുന്നില്ലെങ്കില്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്നവരുടെ വീടുകളുടെ മച്ചുകളും മച്ചിലേക്ക് കയറിപ്പോകുന്ന കോണിപ്പടികളും വാതിലുകളും കട്ടിലുകളും ചാരുമഞ്ചങ്ങളും എല്ലാം നാം വെള്ളിയാലും നവരത്നങ്ങളാലും അലംകൃതമാക്കുക തന്നെ ചെയ്യുമായിരുന്നു, എന്നാല്‍ ഇതെല്ലാം തന്നെ ഇഹത്തിലുള്ള ജീവിതവിഭവങ്ങളാകുന്നു. നിന്‍റെ നാഥന്‍റെ പക്കല്‍ ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലുക്കള്‍ക്കുള്ളതാണ് പരലോകഭവനമെന്ന് 43: 33-35 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

കാഫിറുകളോട് നിഷ്പക്ഷവാനായ നാഥന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുക എന്ന് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നതാണ്: ഏതാണ് ഈ നിഷ്പക്ഷവാന്‍? നീ കല്‍പിക്കുന്നവര്‍ക്കൊക്കെയും ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുകയോ? അത് അവരുടെ വിരോധം വര്‍ധിപ്പിക്കുകയാണ് ചെയ്യുക എന്ന് 25: 60 ല്‍ പറഞ്ഞിട്ടുണ്ട്. മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചതുപോലെ നാം നിന്നെ ഈ സമുദായത്തിലേക്ക് നിയോഗിച്ചിരിക്കുകയാണ്; നാം നിന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് നിഷ്പക്ഷവാനായ നാഥനെ നിഷേധിക്കുന്നവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ്. നീ പറയുക: അവനാണ് എന്‍റെ നാഥന്‍, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, ഞാന്‍ എന്നെ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു, അവനിലേക്ക് തന്നെയാണ് ഞാന്‍ ഖേദിച്ചുമടങ്ങുന്നതും എന്ന് 13: 30 ല്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഇലാഹ് ഏക ഇലാഹാകുന്നു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അവന്‍ നിഷ്പക്ഷവാനായ കാരുണ്യവാനാകുന്നു എന്ന് 2: 163 ല്‍ പറഞ്ഞിട്ടുണ്ട്. 27: 30; 41: 2; 59: 22 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് അവന്‍ നിഷ്പക്ഷവാനായ കാരുണ്യവാനാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 

ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം മനുഷ്യരെ പഠിപ്പിച്ച നാഥന്‍ നിഷ്പക്ഷവാനാണ്, അവന്‍ മനുഷ്യനെ സൃഷ്ടിക്കുകയും അവന് ഗ്രന്ഥത്തിന്‍റെ വിശദീകരണം പഠിപ്പിക്കുകയും ചെയ്തു എന്ന് 55: 1-4 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യന് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ് പഠിപ്പിച്ചത് എന്നും വിശദീകരണം ഭൂമിയിലേക്ക് നിയോഗിച്ചതിനുശേഷമാണ് പഠിപ്പിച്ചത് എന്നും മനസ്സിലാക്കാം. സന്ദേശവാഹകരായ 313 പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുള്ള സന്ദേശം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണെന്ന് 16: 43-44; 21: 7, 24; 41: 41-43 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. നിനക്കുമുമ്പ് നിഷ്പക്ഷവാനല്ലാതെ സേവിക്കപ്പെടാന്‍ അര്‍ഹരായി മറ്റേതെങ്കിലും ഇലാഹുകളുണ്ടായിരുന്നോ എന്ന് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരോട് ചോദിക്കാന്‍ 43: 45 ലൂടെ പ്രവാചകന്‍ മുഹമ്മദിനോട് അല്ലാഹു കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകള്‍ നിഷ്പക്ഷവാനായ നാഥന്‍റെ അടിമകളായ മലക്കുകളെ സ്ത്രീകളായിട്ടാണ് പരിഗണിച്ചിരുന്നത്. അവര്‍ പറയുകയും ചെയ്തിരുന്നു: 'നിഷ്പക്ഷവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ അവരെ സേവിക്കുമായിരുന്നില്ല' എന്ന് 43: 19-20 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന് ഒരു സന്താനം ഉണ്ടായിരുന്നുവെങ്കില്‍ അവനെ സേവിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു എന്ന് പറയാന്‍ 43: 81 ലൂടെ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകള്‍ പ്രവാചകനെ പരിഹാസപാത്രമായല്ലാതെ കണ്ടിരുന്നില്ല. അവര്‍ ചോദിക്കുകയും ചെയ്തിരുന്നു: ഇതാണോ നിങ്ങളുടെ ഇലാഹുകളെക്കുറിച്ച് സംസാരിക്കുന്നത്? അവരാകട്ടെ, നിഷ്പക്ഷവാനെ ഓര്‍മിപ്പിക്കുന്ന അദ്ദിക്റിനെ നിഷേധിക്കുന്നവരുമാണ് എന്ന് 21: 36 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണ് രാത്രിയില്‍ അല്ലെങ്കില്‍ പകലില്‍ നിഷ്പക്ഷവാനില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താനുള്ളത്; അല്ല, അവര്‍ തങ്ങളുടെ നാഥന്‍റെ സ്മരണ ഉണ്ടാക്കുന്ന അദ്ദിക്റിനെ അവഗണിച്ചുപോകുന്നവരാണ് എന്ന് പറയാന്‍ 21: 42 ല്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 

വിധിദിവസത്തിലെ ആധിപത്യം യഥാര്‍ത്ഥത്തില്‍ നിഷ്പക്ഷവാനാണ് എന്ന് 25: 26 ലും, നിഷ്പക്ഷവാനില്‍ നിന്നുള്ള പുതിയതായ ഒരു ഉണര്‍ത്തലും അവര്‍ക്ക് വരുന്നില്ല, അവര്‍ അതിനെ അവഗണിക്കുന്നവരായിട്ടല്ലാതെ എന്ന് 26: 5 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം നീ ഉണര്‍ത്തുക അദ്ദിക്റിനെ പിന്‍പറ്റുന്നവനെയും ഗ്രന്ഥത്തില്‍ നിന്ന് നിഷ്പക്ഷവാനെ കണ്ടുകൊണ്ട് ഭയപ്പെടുന്നവനെയും മാത്രമാണ്, അപ്പോള്‍ അവനെ പാപമോചനം കൊണ്ടും മാന്യമായ പ്രതിഫലം കൊണ്ടും ശുഭവാര്‍ത്ത അറിയിക്കുക എന്ന് 36: 11 ലും, ഗ്രന്ഥം പിന്‍പറ്റി ജീവിക്കുന്ന സൂക്ഷ്മാലുക്കളും നിഷ്പക്ഷവാനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ഭയപ്പെടുന്നവരും ആത്മാവുകൊണ്ട് അവനിലേക്ക് ഖേദിച്ച് മടങ്ങുന്നവരുമായ സൂക്ഷ്മാലുക്കള്‍ക്ക് വിദൂരമല്ലാതെ സ്വര്‍ഗം അടുപ്പിക്കുമെന്ന് 50: 31 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന്‍റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും കണ്ടെത്താന്‍ നിനക്ക് സാധ്യമല്ല എന്ന് 67: 3 ലും, അവര്‍ക്ക് മുകളില്‍ ചിറകടിച്ചും ചിറക് നിശ്ചലമാക്കിയും പറക്കുന്ന പക്ഷികളെ അവര്‍ ശ്രദ്ധിച്ചിട്ടില്ലെയോ? നിഷ്പക്ഷവാനല്ലാതെ അവയെ താങ്ങിനിര്‍ത്തുന്നില്ല, അവന്‍ എല്ലാ ഓരോ കാര്യവും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് 67: 19 ലും പറഞ്ഞിട്ടുണ്ട്. നീ പറയുക: ആരെക്കൊണ്ടാണോ ഞങ്ങള്‍ വിശ്വസിച്ചിട്ടുള്ളത്, ആരിലാണോ ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്, അവന്‍ നിഷ്പക്ഷവാനാണ്; അപ്പോള്‍ ആരാണ് വ്യക്തമായ വഴികേടിലുള്ളതെന്ന് അടുത്തുതന്നെ നിങ്ങള്‍ അറിയുന്നതാണ് എന്ന് 67: 29 ലും പറഞ്ഞിട്ടുണ്ട്. 

നിങ്ങള്‍ അല്ലാഹ് എന്നോ നിഷ്പക്ഷവാന്‍ എന്നോ വിളിച്ചുപ്രാര്‍ത്ഥിക്കുക, നിങ്ങള്‍ ഏത് പേര് വിളിച്ചാലും എല്ലാ നല്ല പേരുകളും അല്ലാഹുവിനുള്ളതാണെന്ന് 17: 110 ലും, ആദം സന്തതികളില്‍ പെട്ട അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയരായ നബിമാരുടെയും പ്രവാചകന്മാരുടെയും മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരുടെയും സ്വഭാവം, അവര്‍ക്ക് നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴലാണ് എന്ന് 19: 58 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ഭയപ്പെട്ട് ജീവിക്കുന്നവര്‍ക്ക് നിത്യാനന്ദ അനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകള്‍ വാഗ്ദത്തം ചെയ്തിട്ടുണ്ടെന്ന് 19: 61 ലും; ഉടമ്പടി പാലിക്കുന്നവര്‍ക്കൊഴികെ നിഷ്പക്ഷവാന്‍റെ അടുത്ത് ശുപാര്‍ശക്ക് അധികാരമുണ്ടാവുകയില്ല എന്ന് 19: 87 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി എന്ന ആശയത്തിലാണ് 20: 5 അവസാനിക്കുന്നത്. നീ പറയുക: ആരാണോ വഴികേടില്‍ ചരിക്കുന്നത്, നിഷ്പക്ഷവാന്‍ അവന് ജീവിതാവധി നീട്ടിക്കൊടുക്കുന്നതാണ് എന്ന് 19: 75 ല്‍ പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളെയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളെയും ആറ് നാളുകളിലായി സൃഷ്ടിക്കുകയും പിന്നെ സിംഹാസനസ്ഥനാവുകയും ചെയ്ത നിഷ്പക്ഷവാനായ ത്രികാലജ്ഞാനിയെക്കുറിച്ച് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് പ്രവാചകനോട് 25: 59 ല്‍ കല്‍പിച്ചിട്ടുള്ളത്. 

കാരുണ്യവാന്‍:- 7: 32 ല്‍ 'നീ ചോദിക്കുക: അല്ലാഹു തന്‍റെ അടിമകള്‍ക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ള അലങ്കാരങ്ങളും ഭക്ഷണവിഭവങ്ങളില്‍ നിന്നുള്ള പരിശുദ്ധമായവയും നിഷിദ്ധമാക്കിയത് ആരാണ്? നീ പറയുക: അവ ഭൗതികജീവിതത്തില്‍ വിശ്വാസികളായവര്‍ക്ക് വേണ്ടിയുള്ളതാണ്, പരലോകത്ത് അവ അവര്‍ക്ക് മാത്രമുള്ളതുമാണ്' എന്ന് പറഞ്ഞിട്ടുണ്ട്. 26: 10-66 സൂക്തങ്ങളില്‍ മൂസായുടെയും ഫിര്‍ഔനിന്‍റെയും; 26: 69-102 സൂക്തങ്ങളില്‍ ഇബ്റാഹീമിന്‍റെയും ജനതയുടെയും; 26: 105-120 സൂക്തങ്ങളില്‍ നൂഹിന്‍റെയും ജനതയുടെയും; 26: 123-138 സൂക്തങ്ങളില്‍ ഹൂദിന്‍റെയും ആദ് ജനതയുടെയും; 26: 141-157 സൂക്തങ്ങളില്‍ സ്വാലിഹിന്‍റെയും സമൂദ് ജനതയുടെയും; 26: 160-173 സൂക്തങ്ങളില്‍ ലൂത്തിന്‍റെയും ജനതയുടെയും; 26: 176-189 സൂക്തങ്ങളില്‍ ശുഐബ് നബിയുടെയും ജനതയുടെയും സംഭവചരിത്രങ്ങള്‍ വിവരിച്ചശേഷം 26: 190-191 സൂക്തങ്ങളില്‍ കാഫിറുകളെ നശിപ്പിച്ച് ഭൂമിയെ ശുദ്ധമാക്കിത്തന്നത് അവന്‍റെ ദൃഷ്ടാന്തമാണെന്നും അവരില്‍ അധികപേരും വിശ്വാസികളായില്ല, 'നിശ്ചയം നിന്‍റെ നാഥന്‍ അജയ്യനായ കാരുണ്യവാനാണ്' എന്ന് പറഞ്ഞിട്ടുണ്ട്. 26: 217 ല്‍ അജയ്യനായ കാരുണ്യവാനില്‍ ഭരമേല്‍പിക്കുകയും ചെയ്യുക എന്ന് പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്.

പൂര്‍വ്വിക സമുദായത്തില്‍ വേശ്യാവൃത്തി ചെയ്ത് ജീവിച്ചിരുന്ന ഒരു സ്ത്രീ ദാഹിച്ച് മണ്ണുകപ്പുന്ന നായക്ക് സ്വന്തം പാദരക്ഷ ഉപയോഗിച്ച് വെള്ളം കോരിക്കൊടുത്ത് ദാഹം തീര്‍ത്തതിന്‍റെ പേരില്‍ അല്ലാഹു അവളെ സ്വര്‍ഗത്തിലാക്കി എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇസ്റാഈല്‍ സന്തതികളില്‍ നിന്ന് തന്നെയുള്ള കപടഭക്തയായ ഒരു സ്ത്രീ പൂച്ചയെ കെട്ടിയിടുകയും അല്ലാഹുവിന്‍റെ ഭൂമിയില്‍ ഇരതേടുന്നതില്‍ നിന്ന് തടഞ്ഞ് അതിന്‍റെ ജീവഹാനിക്ക് കാരണക്കാരിയാവുകയും ചെയ്തതിന്‍റെ പേരില്‍ അവള്‍ നരകത്തിലായി എന്നും പഠിപ്പിച്ചിട്ടുണ്ട്.

39: 53 ല്‍, സൃഷ്ടിയാണെന്ന പരിധിലംഘിച്ച് അതിരുകവിഞ്ഞ് കുറ്റകൃത്യങ്ങളില്‍ മുഴുകി ജീവിക്കുന്നവരോട്: അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്, അവന്‍ എല്ലാ കുറ്റങ്ങളും ഒറ്റയടിക്ക് പൊറുത്തുതരാന്‍ കഴിവുള്ളവനാണ് എന്ന് പറയാനാണ് പ്രവാചകനോടും അതുവഴി വിശ്വാസിയോടും കല്‍പിക്കുന്നത്. തെറ്റുകുറ്റങ്ങള്‍ പൊറുത്തുകിട്ടുന്നതിന് നാഥനിലേക്ക് ആത്മാവുകൊണ്ട് തിരിയുകയും തന്‍റെ മരണത്തിനുമുമ്പ് സര്‍വസ്വം നാഥന് സമര്‍പ്പിക്കുകയും ചെയ്യുക, മരണം സംഭവിക്കുന്നതിനുമുമ്പ് ഏറ്റവും നല്ലതായ അദ്ദിക്ര്‍ പിന്‍പറ്റുക എന്നീ ഉപാധികള്‍ 39: 54-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥന്‍ അവന്‍റെ കാരുണ്യത്തില്‍ നിന്നുള്ള നൂറില്‍ ഒരുഭാഗം മാത്രമാണ് ഭൂമിയിലേക്ക് വീതിച്ച് നല്‍കിയിട്ടുള്ളത്. ബാക്കി 99 ഭാഗവും അവന്‍റെ പക്കലാണുള്ളത്. ജീവികള്‍ തമ്മില്‍ പരസ്പരം കാണിക്കുന്ന സ്നേഹവും കാരുണ്യവുമെല്ലാം അവന്‍റെ കാരുണ്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. 28: 16; 34: 2; 41: 32; 42: 5; 46: 8; 49: 5, 14; 57: 28; 58: 12; 60: 7, 12; 64: 14; 66: 1; 73: 20 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത് അല്ലാഹു ഏറെ പൊറുക്കുന്ന കാരുണ്യവാനാണ് എന്ന് പറഞ്ഞുകൊണ്ടാണ്. 

കാരുണ്യം:- 6: 12 ലും 6: 54 ലും കാരുണ്യം നാഥന്‍റെ സ്ഥായിയായ സ്വഭാവമാക്കിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 7: 52, 203; 12: 111; 16: 64 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത് അദ്ദിക്ര്‍ വിശ്വാസികളായ ജനതക്ക് സന്മാര്‍ഗവും കാരുണ്യവുമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യുന്നതിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനും ഭൂമിയില്‍ രക്തച്ചൊരിച്ചില്‍ നിര്‍ത്തലാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനും കപടവിശ്വാസികള്‍ക്ക് ഇവിടെ കുറഞ്ഞ കാലത്തെ സ്വര്‍ഗീയ ജീവിതം ആസ്വദിക്കുന്നതിനും വേണ്ടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനായി വിശ്വാസികള്‍ ഏറ്റവും വലിയ കാരുണ്യമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയും ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതാണ്.