(യൂനുസ്) 10 : 61
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِنْ قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَنْ رَبِّكَ مِنْ مِثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِنْ ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُبِينٍ

നിങ്ങള്‍ ഏതൊരു അവസ്ഥയിലുമാകുന്നില്ല, നിങ്ങള്‍ ഈ ഖുര്‍ആനില്‍ നിന്നുള്ളത് വിശദീകരിച്ച് കൊടുക്കുന്നുമില്ല, പ്രവൃത്തികളില്‍ നിന്നുള്ള ഒന്നും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുമില്ല -നാം നിങ്ങളുടെ മേല്‍ അതിന് സാക്ഷിയായി ഉണ്ടായിട്ടല്ലാതെ-നിങ്ങള്‍ അതില്‍ നിമഗ്നരാവുമ്പോള്‍! നിന്‍റെ നാഥനെത്തൊട്ട് ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള അണുതുല്യമായ ഒരു വസ്തുവും മറഞ്ഞുനില്‍ക്കുന്നില്ല, അതിനേക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും തന്നെ ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയുമില്ല.

അറിഞ്ഞിരിക്കുക, നിശ്ചയം അവര്‍ തങ്ങളുടെ നെഞ്ചുകളില്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കാന്‍ കരുതുന്നത് അവന്‍ അറിയുന്നുണ്ട്, അറിഞ്ഞിരിക്കുക, അവര്‍ അവരുടെ വസ്ത്രം കൊണ്ട് മൂടുമ്പോഴും അത് അഴിക്കുമ്പോഴുമുള്ള അവസ്ഥ അല്ലാഹു അറിയുന്നുണ്ട്, അവര്‍ രഹസ്യമാക്കുന്ന ഒന്നും അവര്‍ പരസ്യമാക്കുന്ന ഒന്നും അവന്‍ അറിയുന്നു, നിശ്ചയം അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാണ് എന്ന് 11: 5 ല്‍ പറഞ്ഞിട്ടുണ്ട്. ഏതൊരു അവസ്ഥയിലും ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അത് ബോധത്തോടുകൂടിയും 'അല്ലാഹ്' എന്ന സ്മരണയോടുകൂടിയുമാണെങ്കില്‍ അല്ലാഹു അതിന് സാക്ഷിയായിട്ടുണ്ട് എന്നാണ് 'നിങ്ങള്‍ അതില്‍ നിമഗ്നരാവുമ്പോള്‍' എന്ന് പറഞ്ഞതിന്‍റെ ആശയം. മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹു ഹൃദയത്തിലേക്ക് നോക്കിയിട്ടാണ് ആ പ്രവൃത്തി വിലമതിക്കുക. അതുകൊണ്ടാണ് ആശയമില്ലാതെ അഥവാ ഹൃദയം പങ്കെടുക്കാതെ നിങ്ങള്‍ ഗ്രന്ഥം വായിക്കരുതെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. ആശയമില്ലാതെ ഗ്രന്ഥം പാരായണം ചെയ്താല്‍ പിശാച് അവനെ വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിപ്പിക്കുന്നതും വായിച്ച ഗ്രന്ഥം അവനെതിരായിട്ട് സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യുന്നതുമാണ്. പിശാച് ഗ്രന്ഥത്തിന്‍റെ ആത്മാവായ ആശയത്തില്‍ നിന്നാണ് തടയുക. ഗ്രന്ഥത്തിന്‍റെ ശരീരം തിന്നുന്നവനെ -ആശയമ റിയാതെ അറബി ഖുര്‍ആന്‍ വായിക്കുന്നവനെ -'ഫാജിര്‍' എന്നാണ് പ്രവാചകന്‍ വിളിച്ചത്. അവനാണ് ജനങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടനെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഫാജിറിന്‍റെ ബഹുവചനമാണ് 'ഫുജ്ജാര്‍'. 

6: 59; 36: 12 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ അവന്‍റെ സംസാരവും വ്യക്തവും സ്പഷ്ടവുമായ വായനയുമായ അദ്ദിക്ര്‍ രൂപപ്പെടുത്തുകയും അവന്‍റെ പക്കല്‍ അത് ഒരു ഫലകത്തില്‍ സൂക്ഷിക്കുകയും ചെയ്യുകയുണ്ടായി. നാഥനായ അല്ലാഹു എല്ലാഓരോ കാര്യത്തിനും സാക്ഷിയുമാണ്. 2: 255 ല്‍ വിവരിച്ച പ്ര കാരം അവന്‍ ഉറക്കമോ മയക്കമോ ബാധിക്കാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊ ണ്ടിരിക്കുന്നവനാണ്. 2: 143; 6: 19; 11: 17; 22: 78 എന്നീ 4 സൂക്തങ്ങളില്‍ അദ്ദിക്റിനെ 'സാക്ഷി' എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് നാഥനെ കണ്ടുകൊണ്ട് ഇവിടെ ജീവിക്കുക. അവന്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ട് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാ റ്റുന്നതാണ്. 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം, അവന്‍ എപ്പോഴും എല്ലാഓരോ മനുഷ്യരുടെയും പിരടിയില്‍ അവന്‍റെ കര്‍മരേഖ ബന്ധിച്ചിട്ടുണ്ട് എന്ന ബോധത്തിലായിരിക്കും ഇവിടെ നിലകൊള്ളുക. 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവന്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അതിനുവേണ്ടി ലോകരെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമാണ്. വിശ്വാസി 3: 5-6; 14: 38 സൂക്തങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് എപ്പോഴും നാഥനെ 'ഒരുവന്‍ പരിശുദ്ധനാണ്, അവനില്‍ നിന്ന് ആകാശങ്ങളിലോ ഭൂമിയിലോ ഒന്നും തന്നെ മറഞ്ഞിരിക്കുന്നില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്' എന്ന് ആത്മാവുകൊണ്ട് വാഴ്ത്തുന്നതാണ്. 7: 40 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയില്‍ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 5: 40; 9: 51; 22: 70 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!