(യൂനുസ്) 10 : 60
وَمَا ظَنُّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ يَوْمَ الْقِيَامَةِ ۗ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവരായവരുണ്ടല്ലോ, അവര്‍ അന്ത്യനാളില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? നിശ്ചയം അല്ലാഹു ജനങ്ങളുടെ മേല്‍ വളരെ ഔദാര്യമുള്ളവന്‍ തന്നെയാണ്, എന്നാല്‍ അവരില്‍ അധികപേരും നന്ദി പ്രകടിപ്പിക്കാത്തവരുമാകുന്നു. 

'രിസ്ഖ്' എന്നാല്‍ ഭക്ഷണവിഭവങ്ങള്‍ മാത്രമല്ല, അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഉള്‍പെടുന്നതാണ്. സന്താനങ്ങള്‍ വരെ അതില്‍ ഉള്‍പെടും. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റാണ് ഏറ്റവും നല്ല വിഭവം. അല്ലാഹുവേ, സത്യത്തെ സത്യമായി ഞങ്ങള്‍ക്ക് നീ കാണിച്ചുതരികയും അത് പിന്‍പറ്റാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ, മിഥ്യയെ മിഥ്യയായി ഞങ്ങള്‍ക്ക് നീ കാണിച്ചുതരികയും അതിനെ വര്‍ജ്ജിക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ എന്നുപ്രാര്‍ത്ഥിക്കാന്‍ നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ 'വര്‍സുഖ്നാ' എന്നതിന്‍റെ ആശയം ഞങ്ങളെ അനുഗ്രഹിക്കേണമേ എന്നാണ്. തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും മറ്റുള്ളവരുടെ ജീവിതഭാരം ഇറക്കിവെക്കാന്‍ ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം വാങ്ങുകയാണ് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ വിശ്വാസികള്‍ ചെയ്യുക. നിഷിദ്ധവും അനുവദനീയവുമെല്ലാം നിശ്ചയിക്കുന്നത് അല്ലാഹുവാണ്. അത് അവന്‍ എല്ലാ ഓരോകാര്യവും വിശദീകരിച്ചിട്ടുള്ള അവന്‍റെ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുമുണ്ട്. ഗ്രന്ഥം മൂടിവെക്കുകയും അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ അത് ലോകര്‍ക്ക് പരിചയപ്പെടുത്താതെ തെറ്റായ ആശയത്തില്‍ വളച്ചൊടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അദ്ദിക്ര്‍ എന്ത്, എന്തിന്, എന്തുകൊണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത, കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന ഫാജിറുകളുമാണ് അല്ലാഹുവിന്‍റെ മേലില്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവര്‍. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവര്‍ മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ കെണിയില്‍ അകപ്പെടുന്നതുമാണ്.

32: 7-9 സൂക്തങ്ങളില്‍, അവനാണ് മനുഷ്യന്‍റെ സൃഷ്ടിപ്പിന് കളിമണ്ണില്‍ നിന്ന് ആരംഭം കുറിച്ചത്, പിന്നെ അവന്‍റെ വംശപരമ്പര ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാക്കി, പിന്നെ അതിനെ ഘട്ടം ഘട്ടമായി രൂപപ്പെടുത്തുകയും നാലാം മാസത്തില്‍ അവന്‍റെ റൂഹില്‍ നിന്ന് അതില്‍ ആവാഹിപ്പിക്കുകയും ചെയ്തു, നിങ്ങള്‍ക്ക് അവന്‍ കേള്‍വി, കാഴ്ച, ബുദ്ധിശക്തി എന്നിവയെല്ലാം നല്‍കി, എന്നാല്‍ നിങ്ങള്‍ അല്‍പം മാത്രമേ നന്ദി പ്രകടിപ്പിക്കുന്നുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. 2: 152; 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി നാഥനെ എല്ലായ്പ്പോഴും സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവനാണ്. അവന്‍ മാത്രമാണ് നന്ദി പ്രകടിപ്പിക്കുന്നവന്‍. ഫാജിറുകളും കപടവിശ്വാസികളുമടങ്ങിയ ഫുജ്ജാറുകള്‍ നന്ദികെട്ടവരായതിനാല്‍ നാഥനെ വിസ്മരിച്ചവരാണ്. നാഥനാണ് നിങ്ങളെ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിന്ന് നിങ്ങള്‍ ഒന്നും അറിയാത്ത അവസ്ഥയില്‍ പുറത്തുകൊണ്ടുവന്നത്; അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും നല്‍കി, നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നതിനുവേണ്ടി എന്ന് 16: 78 ലും, നിഷ്പക്ഷവാനായ നാഥന്‍ മനുഷ്യന് നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നിവയില്‍ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി എന്ന് 76: 3 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്‍റെ കാര്യത്തില്‍ നിനക്ക് യാതൊരു സംശയവും ഉണ്ടാകേണ്ടതില്ല, നിശ്ചയം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ മനുഷ്യരില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്ന് 11: 17 ലും പറഞ്ഞിട്ടുണ്ട്. 

അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍ നിന്ന് ആയിരത്തില്‍ 999 പേരും നരകക്കുണ്ഠത്തിലേക്കുള്ളവരായതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി അവരെ ഒരുകാര്യത്തിലും അനുസരിക്കുന്നതല്ല. അക്രമികളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി ത്രികാലജ്ഞാനിയെക്കുറിച്ച് കള്ളം കെട്ടിച്ചമച്ച് പറയുന്നവരാണ്. ആത്മാവിനെ പരിഗണിക്കാത്ത ഇത്തരം കെട്ടജനത അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് 7: 37 പ്രകാരം മരണസമയത്തും, 6: 130 പ്രകാരം വിചാരണാനാളിലും സാക്ഷ്യം വഹിക്കുന്നതാണ്. അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 2: 254; 6: 21; 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരു ആത്മാവിനും വി ശ്വാസിയാകാനോ ജീവിതലക്ഷ്യം പൂവണിയിക്കാനോ സാധ്യമല്ല. 2: 62; 4: 118; 16: 114 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!