നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(105) ഫീല്‍
'നീ കണ്ടില്ലേ, എങ്ങനെയാണ് നിന്‍റെ നാഥന്‍ ആനപ്പടയെക്കൊണ്ട് പ്രവര്‍ത്തിച്ചതെന്ന്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ ഫീല്‍-ആന-എന്ന് പേര് വന്നിട്ടുള്ളത്. ലോകത്തിന്‍റെ കേന്ദ്രമായ മക്കയിലുള്ള കഅ്ബാ ദേവാലയം തകര്‍ക്കുന്നതിനായി ക്രിസ്താബ്ധം 570 ല്‍ യെമനിലെ ഭരണാധികാരിയായിരുന്ന അബ്റഹത്തിന്‍റെ നേതൃത്വത്തില്‍ ആനകളടങ്ങുന്ന ഒരു സൈന്യം വരികയുണ്ടായി. അന്ന് കഅ്ബയുടെ സംരക്ഷണച്ചുമതല പ്രവാചകന്‍റെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിനായിരുന്നു. കഅ്ബത്തിങ്കല്‍ നിന്ന് എകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മീനായില്‍ തമ്പടിച്ച അബ്റഹത്തും ആനപ്പടയും കഅ്ബയുടെ രക്ഷാധികാരിയായ അബ്ദുല്‍ മുത്തലിബിനെ വിളിപ്പിച്ച് ആഗമനോദ്ദേശ്യം അറിയിക്കുകയുണ്ടായി. കഅ്ബയെ അതിന്‍റെ നാഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്റഹത്തിന്‍റെ സൈന്യം വഴിയില്‍ വെച്ച് പിടിച്ചെടുത്ത തന്‍റെ ഇരുന്നൂറ് ഒട്ടകങ്ങളെ തിരിച്ചുനല്‍കണം എന്നുമായിരുന്നു അബ്ദുല്‍ മുത്തലിബ് ആവശ്യപ്പെട്ടത്. അദ്ദേഹം കഅ്ബത്തിന്‍റെ ഖില്ല പിടിച്ചുകൊണ്ട് 'നാഥാ, ഞങ്ങള്‍ക്ക് ഇവരോട് ഏറ്റുമുട്ടി നിന്‍റെ വീട് സംരക്ഷിക്കാനുള്ള ശക്തിയില്ല, നിന്‍റെവീട് നീതന്നെ സംരക്ഷിച്ചുകൊള്ളണമെന്ന് ഉള്ളുരുകി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയുണ്ടായി. ശേഷം അബ്ദുല്‍ മുത്തലിബും കഅ്ബക്ക് ചുറ്റും താമസിച്ചിരുന്ന നിസ്സഹായരായ അറബികളും മല കയറിപ്പോവുകയാണുണ്ടായത്. ആ ഘട്ടത്തില്‍ സൂറത്തില്‍ പറഞ്ഞതുപോലെ അബാബീല്‍ പക്ഷികള്‍ ചുട്ടുപഴുത്ത കല്ലുകളുമായി വന്ന് ആനപ്പടയുടെ മീതെ വര്‍ഷിക്കുകയും അങ്ങനെ അവര്‍ വിരണ്ടോടാന്‍പോലും സാ ധിക്കാതെ ചവച്ചരച്ച വൈക്കോല്‍ പോലെ നാമാവശേഷമാക്കപ്പെടുകയുമാണുണ്ടായത്.
നാഥനെ മാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ കഅ്ബയില്‍ 360 ബിംബങ്ങളുണ്ടായിരുന്ന അവസരത്തില്‍ പോലും അല്ലാഹു ശത്രുക്കളെ നശിപ്പിച്ച് അവന്‍റെ വീട് രക്ഷപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രവാചകനെയും അന്ത്യനാള്‍ വരെയുള്ള വിശ്വാസികളേയും ഓര്‍മ്മിപ്പിക്കുകയാണ്. തന്‍റെ അധികാരാവകാശങ്ങളില്‍ പങ്കാളികളെ സമര്‍പ്പിക്കാതെ അവനില്‍ മാത്രം ഭരമേല്‍പ്പിച്ചുകൊണ്ടും ആശ്രയിച്ചുകൊണ്ടും നിലകൊള്ളുന്ന എക്കാലത്തുമുള്ള വിശ്വാസികളെ കാര്യകാരണ ബന്ധത്തിന് അതീതമായി രക്ഷപ്പെടുത്താന്‍ കഴിവുള്ളവന്‍ തന്നെയാണ് സര്‍വ്വലോകങ്ങളുടെയും ഉടമയായ അജയ്യനായ യുക്തിജ്ഞനായ അല്ലാഹു എന്നാണ് അഞ്ച് സൂക്തങ്ങളടങ്ങിയ ഈ സൂറത്തില്‍ 'ആനക്കലഹസംഭവം' ചൂണ്ടികാണിച്ചുകൊണ്ട് പഠിപ്പിക്കുന്നത്.