( അല്‍ കൗസര്‍ ) 108 : 1

إِنَّا أَعْطَيْنَاكَ الْكَوْثَرَ

നിശ്ചയം, നാം നിനക്ക് ധാരാളം നല്‍കുകതന്നെ ചെയ്തിയിരിക്കുന്നു.

പ്രവാചകന് അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഏറ്റവും വലിയ അനുഗ്രഹം സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ തന്നെയാണ്. എല്ലാ പ്രവാചകന്മാര്‍ക്കും അദ്ദിക്റാണ് നല്‍കിയിട്ടുള്ളതെങ്കില്‍ 15: 87 പ്രകാരം പ്രവാചകന്‍ മുഹമ്മദിന് ഉമ്മുല്‍ കിതാബ്-മൂലഗ്രന്ഥം-ആയ ഫാത്തിഹയും നല്‍കിയിട്ടുണ്ട്. കൂടാതെ മുന്‍ സമുദായങ്ങളെ പരീക്ഷിച്ചതുപോലെയുള്ള പരീക്ഷണങ്ങള്‍ക്ക് ഞങ്ങളെ വിധേയമാക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ബഖറ അവസാനത്തിലെ രണ്ട് സൂക്തങ്ങളും പ്രവാചകന് മാത്രം നല്‍കിയിട്ടുള്ളതാണ്. ആദം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുന്ന വിധിദിവസം വിചാരണ നടത്താനുള്ള ത്രാസ്സ് അദ്ദിക്ര്‍ തന്നെയാണ്. 

70: 4 ല്‍ വിവരിച്ച പ്രകാരം അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിധിവസം വിചാരണ തുടങ്ങാനുള്ള ശുപാര്‍ശക്ക് അധികാരം അന്ത്യപ്രവാചകനായ മുഹമ്മദിന് മാത്രമാണ്. അഥവാ ഒരു ചാണ്‍ ഉയരത്തില്‍ സൂര്യന്‍ നില്‍ക്കുന്ന ആ വിചാരണനാളിലെ കൊടും ദാഹത്തില്‍ നിന്ന് ശമനം ലഭിക്കുന്നതിനുവേണ്ട 'കൗസര്‍' എന്ന തടാകവും പ്രവാചകന് നല്‍കുന്ന അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതും മഞ്ഞിനേക്കാള്‍ തണുപ്പുള്ളതുമാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് കുടിപ്പിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കലും ദാഹം അനുഭവപ്പെടുകയില്ല. വിചാരണയില്ലാതെ നരകത്തിലേക്ക് പോകുന്ന കപടവിശ്വാസികളും വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്നത് കാരണം ദീനിനെയും പ്രവാചകനെയും കളവാക്കുന്ന കെട്ടജനതയാണ്. അവര്‍ക്കെതിരെ 25: 30 പ്രകാരം പ്രവാചകന്‍ വിധിദിവസം അ ന്യായം ബോധിപ്പിക്കുകയാണ് ചെയ്യുക. അവര്‍ കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പിക്കപ്പെടുകയില്ല. അതേ സമയം വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പോകുന്ന വലതുപക്ഷക്കാരും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ലോകങ്ങളിലേക്ക് അയക്കപ്പെടാനുള്ള ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളും 2: 62 ല്‍ വിവരിച്ച പ്രകാരം അതില്‍ നിന്ന് കുടിപ്പിക്കപ്പെടും. അങ്ങനെയെല്ലാമാണ് 21: 107 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ മുഹമ്മദ് സര്‍വ്വലോകര്‍ക്കും കാരു ണ്യമാകുന്നത്. 94: 1-8 വിശദീകരണം നോക്കുക.