( അല്‍ കൗസര്‍ ) 108 : 2

فَصَلِّ لِرَبِّكَ وَانْحَرْ

അപ്പോള്‍ നിന്‍റെ നാഥനുവേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

ആത്മാവുകൊണ്ടുള്ള നമസ്കാരം എല്ലായ്പ്പോഴും-എല്ലാ നടത്തത്തിലും ഇരുത്തത്തിലും കിടപ്പുകളിലും-നിര്‍വഹിക്കാവുന്നതാണെന്ന് 2: 152 ലും 3: 190-191 ലും വിവരിച്ചിട്ടുണ്ട്. ഇബ്റാഹീം മകന്‍ ഇസ്മാഈലിനെ അറുക്കാന്‍ സന്നദ്ധനായ സന്ദര്‍ഭം അനുസ്മരിച്ചുകൊണ്ട് നാഥന്‍റെ മാര്‍ഗത്തില്‍ അവന്‍ നല്‍കിയതെന്തും ത്യജിക്കാന്‍ സന്നദ്ധനാവുക എന്നാണ് നമസ്കാരത്തോടൊപ്പം ബലിയര്‍പ്പിക്കുക എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ള വിശ്വാസികള്‍ മാത്രമേ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച യഥാര്‍ത്ഥ മുസ്ലിംകളാവുകയുള്ളൂ. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ബലി അര്‍പ്പിക്കലില്ല. ആത്മാവുകൊണ്ട് കീര്‍ത്തനവും നമസ്കാരവും നിര്‍വഹിക്കുന്ന ജീവികളെ ബലിയര്‍പ്പിക്കുന്നതിന് പകരം അവയെ വളര്‍ത്തലും വളര്‍ത്താന്‍ വേണ്ടി പ്രേരിപ്പിക്കലുമാണ് സല്‍ക്കര്‍മ്മം. ഇന്ന് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ ജൈവകൃഷി നടത്തുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവരെ അതിന് പ്രേരിപ്പിക്കുകയുമാണ് വിശ്വാസി ചെയ്യുക. അങ്ങനെ 47: 7 ല്‍ പറഞ്ഞ പ്രകാരം അവന്‍ നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതിനാല്‍ നാഥന്‍ അവനെ തിരിച്ചും സഹായിക്കുന്നതാണ്. 22: 77-78; 37: 103-107; 39: 33-34 വിശദീകരണം നോക്കുക.

പ്രവാചകന്‍റെ മക്കാജിവിതത്തിലുള്ള നമസ്കാരരീതി 7: 205-206 ലും 96: 14-19 ലും വിവരിച്ച പ്രകാരം സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം ആയിരുന്നു. അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയരായ എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരുടെയും സ്വഭാവം, നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കപ്പെട്ടാല്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുക എന്നതായിരുന്നു എന്ന് 19: 58 ല്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത സാഷ്ടാംഗപ്രണാമം ചെയ്യാത്ത അറബി ഖുര്‍ ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ശിക്ഷ ബാധകമായവരാണെന്നും അവര്‍ക്ക് ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും 22: 18 ല്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 7: 8-9; 14: 28-30 വിശദീകരണം നോക്കുക.