നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(109) കാഫിറൂന്‍
'നീ പറയുക, ഓ കാഫിറുകളേ' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ കാഫിറൂന്‍-കാഫിറുകള്‍-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാ ജീവിത കാലഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്. പ്രലോഭനങ്ങളും പ്രീണനങ്ങളും വഴി മുഹമ്മദിനെ ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി കാഫിറുകള്‍ പിതൃവ്യന്‍ അബുത്വാലിബിനെ സമീപിക്കുകയുണ്ടായി. അബുത്വാലിബ് പ്രസ്തുത വിവരം പ്രവാചകനെ അറിയിച്ചപ്പോഴാണ് കാഫിറുകളുമായിട്ട് യാതൊരു ബന്ധവും ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാടില്ല എന്ന് വിലക്കിക്കൊണ്ടുള്ള ആറ് സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് അവതരിപ്പിച്ചത്.
പ്രവാചകന്‍ ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ തിലാവത്ത് ചെയ്തിരുന്ന ഈ സൂറത്ത് ദീനിനെ കളവാക്കി ജീവിക്കുകവഴി നരകത്തിലെ 'വൈല്‍' എന്ന ചെരുവ് ലഭിക്കാന്‍ അര്‍ഹരായ ഇന്നുള്ള കാഫിറുകള്‍ കൂട്ടമായി മഗ്രിബ് നമസ്കരിക്കുമ്പോഴാണ് പാരായണം ചെയ്തുകൊണ്ടിരിക്കുന്നത്. അതുവഴി തങ്ങളുടെ വയറുകളില്‍ തീ നിറക്കുന്ന ഫുജ്ജാറുകളിലെ ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഇമാമുകള്‍ അവരെ പിന്‍പറ്റുന്ന പ്രജ്ഞയറ്റ അനുയായികളെയാണ് കാഫിറുകളെന്ന് അഭിസംബോധന ചെയ്യുന്നത്. അങ്ങനെ അവര്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമില്ലാതെ ഗ്രന്ഥം വഹിക്കുന്ന ഒരു കെട്ടജനതയായി മാറിയിരിക്കുകയാണ്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവരുടെ ധാരണയില്‍ ഗ്രന്ഥം തൊടാത്തവരും വായിക്കാത്തവരുമായ ഇതര ജനവിഭാഗങ്ങളാണ് കാഫിറുകള്‍.