تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു, അവനും നശിച്ചിരിക്കുന്നു.
പ്രവാചകന്‍റെ പിതൃവ്യനായിരുന്ന അബൂലഹബിന്‍റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഉസ്സഃ-ഉസ്സഃയുടെ അടിമ-എന്നായിരുന്നു. തീജ്വാലയുടെ നിറമുള്ളവനായത് കൊണ്ടാണ് തീജ്വാലയുടെ പിതാവ് എന്ന് അര്‍ത്ഥം വരുന്ന അബൂലഹബ് എന്ന് അവനെ വിളിച്ചിരുന്നത്. പ്രവാചകന് മുഹമ്മദ് ഏക ആരാധ്യനായ അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോഴെല്ലാം പിന്നാലെ നടന്ന് ഇവന്‍ പുത്തന്‍ പ്രസ്ഥാനക്കാരനാണ് എന്നും നമ്മുടെ പിതാക്കന്മാരുടെ ആരാധ്യരായ ലാത്ത, ഉസ്സഃ, മനാത്ത തുടങ്ങിയ ഇലാഹുകളെയെല്ലാം തള്ളി പ്പറയുന്നവനാണെന്നും പറഞ്ഞുകൊണ്ട് അവന്‍ പ്രവാചകന്‍റെ പ്രബോധന ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്‍റെ വിയോഗത്തിന് ശേഷം പ്രവാചകന് സംരക്ഷണം നല്‍കിയിരുന്നത് പിതൃവ്യന്‍ അബൂത്വാലി ബായിരുന്നു. സത്യം പ്രബോധനം ചെയ്തതിന്‍റെ പേരില്‍ ഖുറൈശികള്‍ പ്രവാചകനും അനുയായികള്ക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ പ്രവാചകനെ സഹായിച്ചു എന്ന കാരണം പറഞ്ഞ് വിശ്വാസം സ്വീകരിക്കാതിരുന്ന അബൂത്വാലിബിന്‍റെ ആളുകള്‍ക്കു പോലും ഊരുവിലക്ക് ഏര്‍പ്പെടുത്തി. പ്രവാചകന്‍റെ കുടുംബത്തില്‍ പെട്ട അബൂലഹബ് മാത്രമാണ് ഖുറൈശിപക്ഷത്ത് ചേര്‍ന്ന് പ്രവാചകനെയും അനുയായികളെയും കഠിനമായി ഉപദ്രവിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അബൂലഹബിന്‍റെ നിര്ദേശപ്രകാരം അബൂത്വാലിബിന്‍റെ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവിധം ചന്തയില്‍ അമിതമായ വില നിജപ്പെടുത്തുകയുണ്ടായി. അന്ന് വിശ്വാസികള് പച്ചയിലപോലും തിന്നാന്‍ ലഭിക്കാതെ തുകല്‍ കൊണ്ടുള്ള പാദരക്ഷപോലുള്ള സാധനങ്ങള്‍ മണിക്കൂറുകളോളം വെള്ളത്തിലിട്ട് ആ വെള്ളം കുടിച്ചായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.
ഈ പശ്ചാത്തലത്തിലാണ് 'അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു, അവനും നശിച്ചിരിക്കുന്നു' എന്ന സൂക്തം അവതരിക്കുന്നത്. സൂക്തത്തില്‍ പറഞ്ഞതു പോലെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അബൂജഹലിന്‍റെ നേതൃത്വത്തില്‍ നടന്ന ബദര്‍ യുദ്ധത്തില്‍ ഖുറൈശി പ്രമുഖരില്‍ അധികവും വധിക്കപ്പെടുകയുണ്ടായി. രോഗബാധിതനായി കിടന്നിരുന്ന അബൂലഹബ് പ്രസ്തുത വിവരം കേട്ട് കൂടുതല്‍ ദുഃഖാകുലനാവുകയും പത്ത് നാളുകള്‍ക്കകം അവന്‍ ദാരുണമായി മരണപ്പെടുകയുമുണ്ടായി. അബൂലഹ ബിനെ മാത്രമല്ല, സത്യമായ അദ്ദിക്റിനെ എതിര്‍ക്കുന്ന ഏത് വമ്പനെയും അവന്‍റെ ഗൂഢ തന്ത്രങ്ങളെയും പൈതൃകങ്ങളെയും അല്ലാഹു നശിപ്പിക്കുകതന്നെ ചെയ്യും എന്നാണ് ഇതില് നിന്ന് മനസ്സിലാക്കേണ്ടത്. 34: 48-49; 108: 3 വിശദീകരണം നോക്കുക.