നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(112) ഇഖ്ലാസ്
അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കി അവനുവേണ്ടി മാത്രം ജീവിക്കുന്ന, പിശാചിന് പാട്ടിലാക്കാന്‍ കഴിയാത്ത നിഷ്കളങ്കരായ അടിമകളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ളത് ആയതിനാലാണ് ഈ സൂറത്തിന് അല്‍ ഇഖ്ലാസ്വ്-നിഷ്കളങ്കത-എന്ന പേര് ലഭിച്ചിട്ടുള്ളത്. ഗ്രന്ഥത്തിലെ മറ്റ് സൂറത്തുകളില്‍ നിന്ന് വ്യത്യസ്തമായി ഈ സൂറത്തിലടങ്ങിയ നാല് സൂക്തങ്ങളുടെ ആശയത്തില്‍ നിന്ന് ഉണ്ടായതാണ് ഇതിന്‍റെ പേര്. ഗ്രന്ഥത്തിന്‍റെ അവതരണകാലത്ത് അല്ലാഹുവിനെക്കുറിച്ചുള്ള ധാരണ പല ജനവി ഭാഗങ്ങള്‍ക്കും വ്യത്യസ്തമായിരുന്നു. അവരില്‍ ചിലര്‍ ദൈവത്തിന് പുത്രനെയും ഇണയെയും വംശപരമ്പരയും സങ്കല്‍പ്പിച്ചിരുന്നു. ചിലര്‍ സൂര്യനക്ഷത്രാദികളെ ദൈവമായി സങ്കല്‍പ്പിച്ചിരുന്നു. മറ്റുചിലര്‍ അഗ്നിയെയും പ്രകൃതിശക്തികളെയും ആരാധിച്ചിരുന്നു. മ റ്റുചിലര്‍ മനുഷ്യരില്‍ നിന്നുള്ള മഹാത്മാക്കളുടെയും ദൈവത്തിന്‍റെ ആണ്‍മക്കളായി സങ്കല്‍പ്പിച്ച് ജിന്നുകളുടെയും പെണ്‍മക്കളായി സങ്കല്‍പ്പിച്ച് ദേവീ-ദേവന്‍മാരുടെയും വിഗ്രഹങ്ങളുണ്ടാക്കി ആരാധിച്ചിരുന്നു. പലപ്പോഴായി ഇവരില്‍ പെട്ടവരെല്ലാം പ്രവാചകനോട്: 'നീ സമര്‍പ്പിക്കുന്ന അല്ലാഹു എങ്ങനെയുള്ളവനാണ്' എന്ന് ചോദിച്ചിരുന്നതിന് മറുപടിയായിട്ടാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്.
ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളുടെയും അവതരണലക്ഷ്യം പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിചയപ്പെടുത്തുക എന്നതാണ്. ആ ലക്ഷ്യം ഈ സൂറത്ത് നിര്‍വഹിക്കുന്നതിനാല്‍ ഈ ചെറിയ സൂറത്തിനെ 'ഗ്രന്ഥത്തിന്‍റെ മൂന്നിലൊന്ന്' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ അറബികളടക്കമുള്ള ഫുജ്ജാറുകള്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പറ്റാതെ ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനും ജീവനായ അര്‍ത്ഥവും മാത്രം എടുക്കുന്നവരായി മാറിയതിനാല്‍ അവരുടെ അല്ലാഹുവിനെക്കൊണ്ടുള്ള വിശ്വാസം ഗ്രന്ഥം അവതരിപ്പിക്കപ്പെടുന്നതിന് മുമ്പുള്ള ജനങ്ങളുടെതിനേക്കാള്‍ വികലമായിത്തീര്‍ന്നിരിക്കുന്നു. സ്രഷ്ടാവിന്‍റെ ഏകത്വം വിളമ്പരം ചെയ്യുന്ന ഈ സൂറത്ത് പ്രവാചകന്‍ സുബ്ഹി, മഗ്രിബ് നമസ്കാരങ്ങള്‍ക്ക് ശേഷവും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും മൂന്ന് പ്രാവശ്യം വീതവും മറ്റ് നമസ്കാരങ്ങള്‍ക്ക് ശേഷം ഓരോ പ്രാവശ്യം വീതവും 'വിര്‍ദ്' ആയി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. വിശ്വാസിയായ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഇന്ന് എഴുത്തും വായനയും അറിയുന്ന ഒരാളും വിശ്വാസിയാവുകയില്ല. അവര്‍ ഈ സൂറത്ത് എന്നല്ല, ഏത് സൂറത്ത് പാരായണം ചെയ്താലും പുണ്യം കിട്ടുകയില്ല എന്ന് മാത്രമല്ല, ദീനില്‍ നിന്ന് തെറിച്ച് പോകുകയും ശിക്ഷാര്‍ഹരായിത്തീരുകയും ചെയ്യുന്നതാണ്.