( അന്നാസ് ) 114 : 6

مِنَ الْجِنَّةِ وَالنَّاسِ

-ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കാത്തവര്‍ക്കാണ് 43: 36-39; 59: 16-17 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ജിന്ന് കൂട്ടുകാരനില്‍ നിന്നുള്ള ദുര്‍ബോധനം അനുഭവപ്പെടുക. ഭയം, സംശയം, ആധി, പിശുക്ക്, ധൂര്‍ത്ത്, അഹങ്കാരം, പൊങ്ങച്ചം, അസൂയ, അഹംഭാവം, ലോകമാന്യം, സങ്കുചിതത്വം, ഊഹം, പരസ്ത്രീ പുരുഷന്‍മാരോടുള്ള ലൈംഗികാസക്തി തുടങ്ങിയവയെല്ലാം അനുഭവപ്പെടുന്നത് ഇതിന്‍റെ ഫലമായിട്ടാണ്. സത്യം അസത്യമായും അസത്യം സത്യമായും തോന്നിപ്പിക്കുന്നതിനും അവന് കഴിവുണ്ട്. എന്നാല്‍ ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കിയ വിശ്വാസിക്ക് ഇത്തരം പൈശാചിക ചിന്തകളൊന്നും അനുഭവപ്പെടുകയില്ല എന്ന് മാത്രമല്ല, അവന്‍റെ ജിന്നുകൂട്ടുകാരന്‍ 86: 4 ല്‍ പറഞ്ഞ പ്രകാരം അവന്‍റെ സൂക്ഷിപ്പുകാരനായി മാറുന്നതുമാണ്. 

മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത, അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് മനുഷ്യരില്‍ നിന്നുള്ള പിശാചുക്കള്‍. കാഫിറുകളായ അത്തരക്കാരില്‍ നിന്നുള്ള ദുര്‍ബോധനം എല്ലാവര്‍ക്കും ബാധിക്കുന്നതാണ്. അപ്പോള്‍ അത്തരം മനുഷ്യപ്പിശാചുക്കളുടെ തിന്മയെത്തൊട്ട് എല്ലാം അടക്കിഭരിക്കുന്ന സര്‍വ്വാധിപനും സ്വേഛാധിപനും ഏകാധിപനും ഇലാഹുമായ അല്ലാഹുവിനോട് ഈ സൂറത്ത് കൊണ്ട് അഭയം തേടണമെന്നാണ് പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നത്. ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ പൊട്ടിപ്പോകാത്ത പാശമായ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174- 175; 5: 48 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 6: 112; 23: 97-98; 41: 25-29; 109: 6 വിശദീകരണം നോക്കുക.