وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ ۚ وَإِنْ تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ
നിങ്ങള്‍ അവനോട് ചോദിച്ചതില്‍ നിന്നെല്ലാം അവന് നിങ്ങള്‍ക്ക് തന്നിരിക്കു ന്നു, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണിക്കണക്കാക്കിയാല്‍ അതിന് നിങ്ങള്‍ക്ക് സാധിക്കുന്നതല്ല, നിശ്ചയം മനുഷ്യന് അക്രമിയായ നന്ദികെട്ടവന്‍ തന്നെയാകുന്നു.
16: 18 ല്‍, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണിക്കണക്കാക്കിയാല്‍ അതി ന് നിങ്ങള്‍ക്ക് സാധിക്കുന്നതല്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന് തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ജീവന് നിലനില്ക്കാന് ആവശ്യമായ വായു, വെള്ളം, വെളിച്ചം തുടങ്ങിയവയും വംശവര്‍ദ്ധനവിനുള്ള ഇണകളും അതിജീവനത്തിന് സഹായകരമായ വ്യത്യസ്ഥമായ അഭിരുചികളും കഴിവുകളും ഭൂമിയിലെ താമസത്തിനുള്ള വീടു കളും ഭക്ഷണവിഭവങ്ങളും വ്യത്യസ്ഥ സ്ഥലങ്ങള്‍ തിരിച്ചറിയാനുള്ള അടയാളങ്ങളുമെല്ലാം എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത അവന്റെ അനുഗ്രഹങ്ങളില്‍ ചിലത് മാത്രമാണ്. ഇക്കാര്യം ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി അല്ലാഹുവിന്റെ തൃപ്തിയില്‍ ഉപയോഗപ്പെടുത്തുകയും അവനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവന് ഇങ്ങോട്ട് കാണുന്നുണ്ട് എന്ന ബോധത്തില്‍ നിലകൊള്ളുകയും ഇതര സൃഷ്ടികളുടെ ജീവിതഭാരങ്ങള്‍ ഇറക്കിവെക്കാനും പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനും ല ക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുമ്പോഴാണ് ഒരുവന് നന്ദിയുള്ളവനാകുന്നത്. പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് അക്രമികളായ നന്ദികെട്ട മനുഷ്യര്‍. അവര്‍ ഇവിടെ ജീവിച്ചതിന് പിഴയായി നരകകുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക എന്ന് 25: 65-66 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപട വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹുവിന്റെ അധികാരാവകാ ശങ്ങളില് പങ്കുചേര്‍ക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനും വിശ്വാസികളായ പുരുഷന്മാരില് നിന്നും സ്ത്രീകളില്‍ നിന്നും അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനും വേണ്ടിയാണ് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അക്രമിയും അവിവേകിയുമായ മനുഷ്യനെ വഹിപ്പിച്ചത് എന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം നാം നിങ്ങളെക്കുറിച്ചുതന്നെ ഓര്‍മിപ്പിച്ചിട്ടുള്ള ഒരു ഗ്രന്ഥം ഇറക്കിയിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് 21: 10 ല്‍ ചോദിച്ചിട്ടുണ്ട്. അഥവാ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ അവരവരെ തിരിച്ചറിയാനും സ്രഷ്ടാവിനെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും ഭൂമിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുമാണ്. 2: 119; 4: 117-118; 8: 22 വിശദീകരണം നോക്കുക.