( അന്നഹ്ൽ ) 16 : 25

لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُمْ بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ

അന്ത്യനാളില്‍ അവരുടെ പാപഭാരം അവര്‍ പൂര്‍ണ്ണമായി വഹിക്കുന്നതിനും അവര്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്ന അറിവില്ലാത്തവരുടെ പാപഭാരത്തില്‍ നിന്ന് ഒരു ഭാഗവും കൂടി വഹിക്കുന്നതിനും വേണ്ടിയാകുന്നു അത്; അറിഞ്ഞിരിക്കുക, അവര്‍ വഹിച്ചുകൊണ്ടിരിക്കുന്ന ഒന്ന് ദുഷിച്ചതുതന്നെ! 

പ്രവാചകനോടും യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനോടും മക്കാമുശ്രിക്ക് നേതാക്കള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഈ നിലപാട് തന്നെയാണ് 3: 10 ല്‍ പറഞ്ഞ ഇന്നത്തെ യഥാര്‍ത്ഥ കാഫിറുകളുടെയും സ്വഭാവം. അവര്‍ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം മാത്രം പഠിക്കുകയും പഠിപ്പിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരും, എന്നാല്‍ ഗ്രന്ഥത്തിന്‍റെ ആശയമായ അദ്ദിക്ര്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നരെക്കുറിച്ച് 'അവര്‍ പിഴച്ചവരാണ്, തോന്നിയത് പറയുന്നവരാണ്' എന്നെല്ലാം പറഞ്ഞ് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ അദ്ദിക്റില്‍ നിന്ന് തടയുന്ന മനുഷ്യപ്പിശാചുക്കളുമാണ്. ഇത്തരം കപടവിശ്വാസികള്‍ ഭൂരിപക്ഷം വരുന്ന ജനതയെ അദ്ദിക്റില്‍ നിന്ന് തടയുകവഴി അവരുടെ പാപഭാരം കൂടി വഹിച്ച് വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകേണ്ടവരാണ്. 

29: 12 ല്‍, കപടവിശ്വാസികളായ കാഫിറുകള്‍ വിശ്വാസികളോട് പറയുന്നതാണ്: നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്‍പറ്റുക, എന്നാല്‍ നിങ്ങളുടെ കുറ്റങ്ങളെല്ലാം ഞങ്ങള്‍ വഹിച്ചുകൊള്ളാം; എന്നാല്‍ അവരുടെ കുറ്റങ്ങളൊന്നും തന്നെ ഇവര്‍ വഹിക്കുകയില്ല, നിശ്ചയം അവര്‍ നുണപറയുന്നവര്‍ തന്നെയാണ് എന്നും; 29: 13 ല്‍, അതെ, അവരുടെ പാപഭാരങ്ങളും അവര്‍ വഴിപിഴപ്പിച്ച മറ്റുള്ളവരുടെ പാപഭാരങ്ങളുടെ ഒരു പങ്കും അവര്‍ വഹിക്കുകതന്നെ ചെയ്യും, തങ്ങള്‍ കെട്ടിച്ചമക്കുന്നതിനെക്കുറിച്ചെല്ലാം അന്ത്യനാളില്‍ അവര്‍ ചോദിക്കപ്പെടുകതന്നെ ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തെളിവായിട്ടില്ലാത്ത ഏത് കര്‍മ്മം ജനങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചാലും ആ പാപഭാരത്തിന്‍റെ ഒരു വിഹിതം അത് ചെയ്യിപ്പിക്കുന്ന നേതാക്കളാണ് വഹിക്കേണ്ടിവരിക. 20: 99-100 ല്‍, ആരാണോ അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചത്, അവ ര്‍ വിധിദിവസം പാപഭാരം വഹിക്കുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 58: 22 ല്‍ പറഞ്ഞ പ്രകാരം ഇസ്ലാമില്‍ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹുവിന്‍റെ ഏക സംഘം മാത്രമാണുള്ളത്. അല്ലാത്ത സംഘടനകളെല്ലാം 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘവും നരകത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നവരുമാണ്. 4: 85, 140; 6: 25-26, 31; 8: 31-32; 9: 67-68 വിശദീകരണം നോക്കുക.