നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(2) അല്‍ ബഖറ
ഗ്രന്ഥത്തിലെ ഏറ്റവും വലിയ സൂറത്താണിത്. മദീനയില്‍ അവതരിച്ച ഇതില്‍ 286 സൂക്തങ്ങളാണുള്ളത്. പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: എല്ലാ വസ്തുക്കള്‍ക്കും കൊടുമുടിയുണ്ട്, ഗ്രന്ഥത്തിന്‍റെ കൊടുമുടിയാണ് അല്‍ ബഖറ. ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തമായ ആയത്തുല്‍ കുര്‍സിയ്യ് (255-ാം സൂക്തം), ഏറ്റവും ദൈര്‍ഘ്യമുള്ള സൂക്തമായ ആയത്തുദ്ദൈന്‍ (282-ാം സൂക്തം) എന്നിവ ഈ സൂറത്തിലാണ്. നിങ്ങള്‍ ബഖറയും ആലിഇംറാനും പഠിക്കുക, നിശ്ചയം അവ രണ്ട് പൂവാടികളാണ്, അവ രണ്ടിന്‍റെയും ആശയം സത്യപ്പെടുത്തി ജീവിച്ചവന് വിധിദിവസം രണ്ട് മേഘക്കുടയെന്നോണം അല്ലെങ്കില്‍ രണ്ട് തലപ്പാവെന്നോണം അല്ലെങ്കില്‍ ഒരു പക്ഷിയുടെ രണ്ട് ചിറകെന്നോണം അവ തണല്‍ വിരിക്കുന്നതാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.
ഈജിപ്തില്‍ പശുപൂജയില്‍ മുഴുകിയ ഇസ്റാഈല്‍ സന്തതികളെ അല്ലാഹു കടല്‍ പിളര്‍ത്തി ഫിര്‍ഔന്‍ പ്രഭൃതികളില്‍ നിന്ന് രക്ഷപ്പെടുത്തുകയും അവര്‍ സീനാമരുഭൂമിയില്‍ താവളമടിക്കുകയും ചെയ്തു. തുടര്‍ന്ന് അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം മൂസാനബി സഹോദരന്‍ ഹാറൂനിനെ പ്രതിനിധിയായി നിയമിച്ചുകൊണ്ട് തൗറാത്ത് സ്വീകരിക്കുന്നതിനുവേണ്ടി തൂര്‍പര്‍വ്വതത്തിലേക്ക് പോവുകയുണ്ടായി. ഈ സമയത്ത് 'സാമിരി'യുടെ നേതൃത്വത്തില്‍ ഇസ്റാഈല്‍ സന്തതികളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം ഉരുക്കി അവരൊരു പശുക്കുട്ടിയുടെ രൂപം വാര്‍ത്തെടുത്തു. പിശാച് അതിന് മുക്രയിടുന്ന ശബ്ദം നല്‍കുകയും അവര്‍ അതിനെ പൂജിക്കാന്‍ തുടങ്ങുകയും ചെയ്തു. പശുഭക്തി അവരുടെ ഹൃദയത്തില്‍ ഈജിപ്തില്‍ വെച്ചുതന്നെ ലയിച്ചുചേര്‍ന്നിരുന്നു. അപ്പോള്‍ അല്ലാഹു സൂക്തം 67-71 ല്‍ വിശദീകരിച്ചത് പ്രകാരം, ആരാധിക്കപ്പെടാന്‍ തെരഞ്ഞെടുക്കാവുന്ന ലക്ഷണങ്ങളുള്ള ഒരു പശുവിനെ അറുക്കാന്‍ കല്‍പിക്കുകയാണ്. ഇതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ ബഖറ (പശു) എന്ന പേര് വന്നത്. ഹൃദയത്തില്‍ അല്ലാഹുവിനെ വെക്കുന്നതിനുപകരം പശുഭക്തി, കാക്കകാരണവന്മാരുടെ ചര്യ, സ്വാര്‍ത്ഥത, വര്‍ഗീയത, ദേഹേച്ഛ, ദേശീയത, വംശീയത, സ്വജനപക്ഷപാതം, സംഘടനാപക്ഷപാതം തുടങ്ങിയ പൈശാചികമായ ദുര്‍ഗുണങ്ങള്‍ വെച്ചിട്ടുള്ളവര്‍ അത് ഗ്രന്ഥത്തിന്‍റെ ആശയമായ അദ്ദിക്ര്‍ കൊണ്ട് ദൂരീകരിക്കണമെന്നാണ് ഈ സൂറത്ത് മുന്നറിയിപ്പ് നല്‍കുന്നത്.
നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്.
രണ്ട് സൂറഃകള്‍ വേര്‍തിരിക്കുന്നത് ബിസ്മി കൊണ്ടാണ്.