( അല്‍ ബഖറ ) 2 : 104

يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انْظُرْنَا وَاسْمَعُوا ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ 'റാഇനാ' എന്ന് പറയരുത്, നിങ്ങള്‍ 'ഉന്‍ള്വുര്‍നാ' എന്ന് പറയുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക, കാഫിറുകള്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്.

റാഇനാ എന്ന പദത്തിന് ഞങ്ങളെ നോക്കുക, ഞങ്ങളെ പരിഗണിക്കുക എന്നൊക്കെ ആശയമുണ്ടെങ്കിലും പരുഷസ്വഭാവക്കാരന്‍, മ്ലേഛന്‍, വിഡ്ഢി എന്നൊക്കെ ദ്വയാര്‍ത്ഥങ്ങളുമുണ്ട്. റാഈനാ എന്ന് നീട്ടിപ്പറഞ്ഞാല്‍ 'ഞങ്ങളുടെ ആട്ടിടയാ' എന്നും അര്‍ത്ഥമുണ്ട്. പ്രവാചകന്‍റെ സദസ്സില്‍ ഗ്രന്ഥത്തിന്‍റെ അധ്യാപനങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി വന്നിരുന്ന ജൂതരും കപടവിശ്വാസികളും ദ്വയാര്‍ത്ഥത്തില്‍ ഇത്തരം പദങ്ങള്‍ ധാരാളമായി പ്രയോഗിച്ചിരുന്നു. അവരോടൊപ്പം കപടവിശ്വാസികളുടെ ഗൂഢോദ്ദേശ്യം മനസ്സിലാക്കാന്‍ കഴിയാത്ത വിശ്വാസികളില്‍ ചിലരും അബദ്ധത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിച്ചപ്പോഴാണ് അല്ലാഹു വിശ്വാസികളോട്: ഉന്‍ള്വുര്‍നാ എന്ന ദ്വയാര്‍ത്ഥമില്ലാത്ത പദം ഉപയോഗിക്കണമെന്നും ശ്രദ്ധിച്ചുകേള്‍ക്കണമെന്നും കല്‍പിക്കുന്നത്. ഈ കല്‍പന വന്നതിനുശേഷം വീണ്ടും ദ്വയാര്‍ത്ഥപദങ്ങള്‍ ഉപയോഗിക്കുന്നവര്‍ കാഫിറുകളും വേദനാജനകമായ ശിക്ഷക്ക് അര്‍ഹരുമാണ്. അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ ഗ്രന്ഥം വിശദീകരിക്കുമ്പോള്‍ ജനങ്ങളെ അതില്‍ നിന്ന് തെറ്റിക്കാന്‍ വേണ്ടി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഗൂഢതന്ത്രങ്ങളും പയറ്റുന്നതില്‍ ഇന്നത്തെ കപടവിശ്വാസികള്‍ ഒരുപടി മുന്നിലാണ്. 48: 6 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, അല്ലാഹുവിന്‍റെ ശാപത്തിനും കോപത്തിനും ഇരയായിട്ടുള്ള, ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് തന്നെയാണ് ദുഷിച്ച പരിണിതി ഉള്ളത്. 8: 22 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളായ ഇവരെ നാഥന്‍ മനുഷ്യരായിപ്പോലും പരിഗണിച്ചിട്ടില്ല. 2: 286 ല്‍, പ്രവാചകനും വിശ്വാസികളും 'ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ അനുസരിച്ചു' എന്ന് പറയുന്നവരാണെന്ന് പറഞ്ഞിട്ടുണ്ട്. 

64: 16-17 സൂക്തങ്ങളില്‍, അപ്പോള്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുക, നിങ്ങള്‍ അനുസരിക്കുകയും നിങ്ങളുടെ ആത്മാവിനുവേണ്ടി ഉത്തമമായിട്ടുള്ളത് ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുക, ആരാണോ തന്‍റെ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതനാക്കപ്പെട്ടത്, അപ്പോള്‍ അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരാവുക! നിങ്ങള്‍ അല്ലാഹുവിന് ഏറ്റവും നല്ല ഒരു കടം കൊടുക്കുകയാണെങ്കില്‍ അവന്‍ അത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്, അല്ലാഹു നന്ദിപ്രകടനം വിലമതിക്കുന്ന സഹനശീലന്‍ തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 7: 179 ല്‍, നിശ്ചയം ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അധികപേരെക്കൊണ്ടും നരകക്കുണ്ഠം നാം കുത്തിനിറക്കുക തന്നെ ചെയ്യും, അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ട് അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കുകയില്ല; അവര്‍ക്ക് കണ്ണുകളുണ്ട്, അതുകൊണ്ട് അവര്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കാണുകയില്ല, അവര്‍ക്ക് ചെവികളുമുണ്ട്, അതുകൊണ്ട് അവര്‍ അത് കേള്‍ക്കുന്നവരാവുകയില്ല, അക്കൂട്ടര്‍ കന്നുകാലികളെപ്പോലെയാണ് -അല്ല; അവര്‍ അവയെക്കാള്‍ ഏറ്റവും വഴിപിഴച്ചിരിക്കുന്നു; അക്കൂട്ടര്‍, അവര്‍ തന്നെയാണ് പ്രജ്ഞയറ്റവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 3: 78; 4: 46; 9: 32-33 വിശദീകരണം നോക്കുക.