( അല്‍ ബഖറ ) 2 : 110

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ ۗ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുക, നിങ്ങള്‍ സ്വന്തത്തിനുവേണ്ടി നന്മകളില്‍ നിന്ന് എന്ത് ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും അല്ലാഹുവിന്‍റെയടുക്കല്‍ അത് നിങ്ങള്‍ കണ്ടെത്തുന്നതാണ്, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.

ഈ സൂക്തം വിശ്വാസികളുടെ സംഘം രൂപപ്പെട്ടുവരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസികളോട് പ്രഭാതപ്രദോഷങ്ങളില്‍ ആത്മാവ് പങ്കെടുത്തുകൊണ്ട് അദ്ദിക്ര്‍ വായിക്കാനും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മാനുഷിക ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് ലോകര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണകരമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ത്രികാലജ്ഞാനിയായ നാഥന്‍റെ മൊത്തം മനുഷ്യര്‍ക്കുള്ള സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. ഇതെല്ലാമാണ് 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ സഹായിക്കാനും അതുവഴി നാഥന്‍റെ സഹായം തിരിച്ച് ലഭിക്കാനുമുള്ള ഏകമാര്‍ഗം.

സകാത്ത് കൊടുക്കുക എന്നുപറഞ്ഞാല്‍ എല്ലാവിധ സംസ്കരണപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുക എന്നാണ്. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ധനത്തിന്‍റെയും ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് 87: 14 ല്‍ നിന്നും മനസ്സിലാക്കാം. അല്ലാഹുവിനെ തിരിച്ചറിഞ്ഞ്, സ്വന്തത്തെ തിരിച്ചറിഞ്ഞ് ജീവിതലക്ഷ്യം മനസ്സിലാക്കലാണ് ആത്മാവിന്‍റെ സകാത്ത്. ആരോഗ്യം, യുവത്വം, കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങി എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കലാണ് ശരീരത്തിന്‍റെ സകാത്ത്. അല്ലാഹു നിശ്ചയിച്ച വിഹിതം നല്‍കി ധനത്തെ ശുദ്ധീകരിക്കലാണ് ധനത്തിന്‍റെ സകാത്ത്. അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഈ മൂന്നുനിലക്കുള്ള സംസ്കരണപ്രവര്‍ത്തനങ്ങളും സാധിക്കുകയുള്ളൂ. അഥവാ അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികളില്‍ നിന്ന് മാത്രമേ ഏത് പ്രവൃത്തിയും സ്വീകരിക്കപ്പെടുകയുള്ളൂ. കപടവിശ്വാസികളില്‍ നിന്ന് നമസ്കാരമോ നിര്‍ബന്ധദാനമോ ഐച്ഛികദാനമോ ഒന്നും തന്നെ സ്വീകരിക്കുകയില്ല എന്ന് 9: 53-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളില്‍ നിന്നും സൂക്തങ്ങള്‍ അടിക്കടി മൂടിവെക്കുന്ന കുഫ്ഫാറുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അവര്‍ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് അവര്‍ക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളതെന്ന് 9: 67-68; 25: 33-34, 65-66 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 2-5, 94-95; 11: 5; 17: 17 വിശദീകരണം നോക്കുക.