وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ وَهُمْ يَتْلُونَ الْكِتَابَ ۗ كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
ജൂതന്മാര്‍ പറയുന്നു ക്രിസ്ത്യാനികള്‍ ഒന്നിന്മേലുമല്ല, ക്രിസ്ത്യാനികള്‍ പറയുന്നു ജൂതന്മാര്‍ ഒന്നിന്മേലുമല്ല, അവരാകട്ടെ ഒരേ ഗ്രന്ഥം വായിക്കുന്നവരുമാണ്, വേദപരിജ്ഞാനമില്ലാത്ത ജനങ്ങളും അപ്രകാരമുള്ള വാക്കുകള്‍ പറഞ്ഞിട്ടുണ്ട്, അപ്പോള്‍ അല്ലാഹു അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വിധിദിവസം അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.
പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതന്മാരും ക്രിസ്ത്യാനികളും തൗറാത്തും ഇഞ്ചീലും വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ ക്രിസ്ത്യാനികള്‍ പോക്കാണെന്ന് ജൂതന്മാരും ജൂതന്മാര്‍ പോക്കാണെന്ന് ക്രിസ്ത്യാനികളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. അവരെപ്പോലെ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ പിന്‍പറ്റാത്ത മുമ്പുള്ള ജനങ്ങളും അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ് ത്രികാലജ്ഞാനിയായ നാഥന്‍ ഈ സൂക്തത്തിലൂടെ പറയുന്നത്. ഇന്ന് 62: 5 ല്‍ പറഞ്ഞ പ്രകാരം കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ക്കിടയിലെ വിവിധ സംഘടനകള്‍ ഓരോരുത്തരും പരസ്പരം ഇതുപോലെ കുറ്റപ്പെടുത്തുന്നവരാണ്. ആത്മാവായ ആശയമില്ലാതെ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം പഠിപ്പിക്കുന്ന സംഘടനകള്‍ തന്നെ പരസ്പരം ഇപ്രകാരം കുറ്റപ്പെടുത്തുകയും കാഫിറാക്കുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥത്തിന്‍റെ അര്‍ത്ഥം പോലും പഠിപ്പിക്കാതെ പാരായണം മാത്രം പഠിപ്പിക്കുകയും ഒരേ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പിന്‍പറ്റുകയും ചെയ്യുന്ന യാഥാസ്ഥിതിക സംഘടനകളും ഇപ്രകാരം പരസ്പരം പഴിചാരുന്നുണ്ട്. 23: 53; 30: 32 എന്നീ രണ്ട് സൂക്തങ്ങളും അവസാനിക്കുന്നത് എല്ലാ ഓരോ വിഭാഗവും അവരുടെ പക്കലുള്ളതില്‍ ആഹ്ലാദിച്ച് ഉല്ലസിക്കുന്നവരാണ് എന്ന് പറഞ്ഞുകൊണ്ടാണ്.
39: 69, 75 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുമ്പോള്‍ 7: 8-9; 40: 78 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മിഥ്യ പിന്‍പറ്റുന്ന ഇക്കൂട്ടര്‍ നഷ്ടപ്പെട്ടവരായിരിക്കുന്നതാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ഇഹത്തില്‍ വെച്ച് വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളിലും; അവര്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ വ്യക്തമായ തീര്‍പ്പുകല്‍പിക്കുന്നതിന് വേണ്ടിയല്ലാതെ നാം നിനക്ക് ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല, വിശ്വാസികളായ ജനതക്ക് അത് സന്മാര്‍ഗവും കാരുണ്യവുമാണ് എന്ന് 16: 64 ലും പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശ്വാസികള്‍ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഇഹത്തില്‍ വെച്ചുതന്നെ അവരുടെ വിധി നിര്‍ണ്ണയിക്കേണ്ടതാണ്. ആയിരത്തില്‍ ഒന്നായ അവര്‍ മാത്രമാണ് അല്ലാഹുവിനെ നിഷ്പക്ഷവാനായും അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും അംഗീകരിക്കുന്നവര്‍.
എന്നാല്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികള്‍: അല്ലാഹു അവന്‍റെ സൃഷ്ടികള്‍ക്കിടയില്‍ പരലോകത്തുവെച്ച് വിധികല്പിക്കുമെന്നാണല്ലോ പറഞ്ഞിട്ടുള്ളത്, അപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഒരാളെ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കും തരം തിരിക്കുന്നത് എന്നാണ് വിശ്വാസികളോട് ചോദിക്കുക. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അവര്‍ക്ക് എന്തെങ്കിലും തിന്മ ബാധിക്കുകയാണെങ്കില്‍ അത് അവരുടെ തന്നെ കാരണം കൊണ്ടാണ് എന്ന് അംഗീകരിക്കുകയില്ല. അവരെ ബാധിക്കുന്ന ദുരിതങ്ങള്‍ക്കും വഴികേടിനും അല്ലാഹുവിനെയും മറ്റു ജനങ്ങളെയുമാണ് അവര്‍ പഴിചാരുക. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ ഫുജ്ജാറുകള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് നരകക്കുണ്ഠത്തില്‍ പോകേണ്ടവരും എന്നെന്നും അതില്‍ കഴിയേണ്ടവരുമാണ്. ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ തീരുമാനം കല്പിക്കുന്നതിനും നിശ്ചയം തങ്ങള്‍ കള്ളം പറയുന്നവരായിരുന്നു എന്ന് കാഫിറുകള്‍ അറിയുന്നതിനും വേണ്ടിയാണ് വിധിദിവസം നിശ്ചയിച്ചിട്ടുള്ളതെന്ന് 16: 39 ല്‍ പറഞ്ഞിട്ടുണ്ട്. 1: 6-7; 2: 165- 167, 186; 3: 101-102 വിശദീകരണം നോക്കുക.