( അല്‍ ബഖറ ) 2 : 118

وَقَالَ الَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا اللَّهُ أَوْ تَأْتِينَا آيَةٌ ۗ كَذَٰلِكَ قَالَ الَّذِينَ مِنْ قَبْلِهِمْ مِثْلَ قَوْلِهِمْ ۘ تَشَابَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا الْآيَاتِ لِقَوْمٍ يُوقِنُونَ

വിവരമില്ലാത്ത ഒരു കൂട്ടര്‍ ചോദിക്കുന്നു: എന്തുകൊണ്ടാണ് അല്ലാഹു നമ്മോട് സംസാരിക്കാത്തത്, അല്ലെങ്കില്‍ നമുക്കായി ഒരു ദൃഷ്ടാന്തം കൊണ്ടുവരാത്തത്? അപ്രകാരം ഇവര്‍ ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഇവര്‍ക്ക് മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്, അവരുടെ ഹൃദയങ്ങള്‍ സദൃശ്യമാക്കപ്പെട്ടിരിക്കുകയാണ്, നിശ്ചയം ദൃഢബോധ്യമുള്ള ഒരു ജനതക്കുവേണ്ടി നമ്മുടെ സൂക്തങ്ങള്‍ നാം വ്യക്തമാക്കിയിട്ടുണ്ട്.

2: 32, 145; 3: 7, 19; 11: 14; 12: 22, 68; 27: 15, 40; 28: 80; 29: 49 തുടങ്ങി 62 സൂക്തങ്ങളില്‍ പറഞ്ഞ 'ജ്ഞാനം' അദ്ദിക്ര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ജ്ഞാനമായ അദ്ദിക്ര്‍ അറിയാത്ത ഒരാള്‍ക്കും പ്രപഞ്ചനാഥനെക്കുറിച്ചോ പ്രവാചകന്മാരെക്കുറിച്ചോ മലക്കുകളെക്കുറിച്ചോ ജിന്നുകളെക്കുറിച്ചോ വിധിദിവസത്തെക്കുറിച്ചോ ഉള്ള വിശ്വാസം രൂപപ്പെടുത്താന്‍ സാധ്യമല്ല. ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തത് കാരണം ഫുജ്ജാറുകളുടെ ജിന്നുകൂട്ടുകാരന്‍ അവരെ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം നഷ്ടപ്പെട്ട അവര്‍ 25: 21 ല്‍ പറഞ്ഞ പ്രകാരം 'നമ്മുടെ മേല്‍ എന്താണ് മലക്കുകള്‍ ഇറക്കപ്പെടാത്തത്, അല്ലെങ്കില്‍ എന്താണ് നമ്മുടെ നാഥനെ നേരില്‍ കാണാത്തത്' എന്ന് ചോദിച്ചുകൊണ്ട് സ്വന്തത്തോട് അഹങ്കാരം നടിക്കുന്നവരും സൃഷ്ടികള്‍ എന്ന പരിധി ലംഘിച്ചുകൊണ്ട് ധിക്കാരികളായിത്തീര്‍ന്നവരുമാണ്. 25: 22-23 ല്‍, മലക്കുകളെ കാണുന്ന ദിനം ഈ ഭ്രാന്തന്മാര്‍ക്ക് സന്തോഷകരമായിരിക്കുകയില്ല; മലക്കുകള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ കാണാത്ത ഒരു മറ ഉണ്ടായിരിക്കട്ടെ എന്ന് അന്ന് അവര്‍ പറയുന്നതാണ്; അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അന്ന് അവരുടെ മുമ്പില്‍ വെച്ച് കൊടുക്കുന്നതും അവയെല്ലാം കാറ്റില്‍ ചിന്നിച്ചിതറി പറക്കുന്ന ധൂളികളാക്കി മാറ്റുകയും ചെയ്യുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതാണ്. കാഫിറുകളും അക്രമികളുമല്ലാതെ അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് യഥാക്രമം 29: 47, 49 സൂക്തങ്ങളില്‍ പറഞ്ഞശേഷം 29: 50-51 സൂക്തങ്ങളില്‍ വിശ്വാസികളായ ഒരു ജനതക്ക് അദ്ദിക്ര്‍ ഏറ്റവും വലിയ ദൃഷ്ടാന്തവും കാരുണ്യവും ഓര്‍മ്മപ്പെടുത്തലുമാണ് എന്ന് പറഞ്ഞിട്ടുണ്ട്.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മദീനയിലെ ജൂതര്‍ ആകാശത്തുനിന്ന് അവരുടെ മേല്‍ ഒരു ഗ്രന്ഥം ഇറക്കപ്പെടാത്തതെന്താണ് എന്നാണ് ചോദിച്ചിരുന്നതെങ്കില്‍ അവരുടെ പൂര്‍വ്വപിതാക്കള്‍ മൂസായോട്: അവര്‍ക്ക് അല്ലാഹുവിനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതായി 4: 153 ലും; മലക്കുകളെ നാം ഇവരിലേക്ക് ഇറക്കിയാലും മരിച്ചവര്‍ എഴുന്നേറ്റുവന്ന് ഇവരോട് സംസാരിച്ചാലും ഭൂലോകത്തുള്ള മുഴുവന്‍ വസ്തുക്കളും അവരുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടാലും അല്ലാഹു ഉദ്ദേശിക്കാതെ അവര്‍ വിശ്വാസികളാകുമായിരുന്നില്ല എന്ന് 6: 111 ലും പറഞ്ഞിട്ടുണ്ട്. 

എല്ലാത്തരം ഉപമ ഉദാഹരണങ്ങള്‍ അടങ്ങിയതും മനുഷ്യന്‍റെ നെഞ്ചുകള്‍ക്കുള്ളി ലെ എല്ലാത്തരം സംശയങ്ങള്‍ക്കുമുള്ള ശമനവും വിശ്വാസികള്‍ക്ക് സന്മാര്‍ഗവും കാരുണ്യവുമായ അദ്ദിക്ര്‍ വന്നുകിട്ടി എന്ന് 10: 57 ല്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അത് സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിനെ മൂടിവെച്ചുകൊണ്ട് 6: 26 ല്‍ വിവരിച്ച പ്രകാരം അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ വിധിദിവസം നരകക്കുണ്ഠം കാണുമ്പോള്‍ 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഉള്‍ക്കാഴ്ച കണ്ടു, ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അപ്പോള്‍ നീ ഞങ്ങളെ ഒന്ന് തിരിച്ചയച്ചാലും, ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊള്ളാം, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു!' എന്ന് കേഴുന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 1-4; 13: 31; 27: 82; 28: 57 വിശദീകരണം നോക്കുക.