( അല്‍ ബഖറ ) 2 : 120

وَلَنْ تَرْضَىٰ عَنْكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ

ജൂതരോ ക്രൈസ്തവരോ അവരുടെ ചര്യ പിന്‍പറ്റുന്നതുവരെ നിന്നെത്തൊട്ട് തൃപ്തിപ്പെടുകയില്ലതന്നെ; നീ പറയുക: നിശ്ചയം അല്ലാഹുവിന്‍റെ സന്മാര്‍ഗം, അത് മാത്രമാണ് സന്മാര്‍ഗം, അറിവില്‍ നിന്ന് നിനക്ക് വന്നുകിട്ടിയതിനുശേഷം നീ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവില്‍ നിന്ന് നിനക്ക് ഒരു രക്ഷകനോ ഒരു സഹായിയോ ഉണ്ടാവുകയുമില്ല.

പ്രവാചകന്‍റെ കാലത്തുള്ള വേദക്കാരുടെ സമീപനം ഇതായിരുന്നുവെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കണമെന്ന് പറയുകയും ആയിരത്തില്‍ ഒന്ന് സ്വര്‍ഗത്തിലേക്കും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് നരകത്തിലേക്കുമാണ് എന്ന് 4: 118 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച കാര്യം ഉണര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട് ഇന്ന് ഫുജ്ജാറുകള്‍ വെച്ചുപുലര്‍ത്തുന്ന സമീപനവും ഇതുതന്നെയാണ്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റില്‍ നിന്ന് ഇക്കാര്യം വന്നുകിട്ടിയതിനുശേഷം ദേഹേച്ഛയെയോ ഭൂരിപക്ഷത്തിന്‍റെ വഴിയോ പിന്‍പറ്റിയാല്‍ പരലോകത്തില്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരുമെന്ന് വിശ്വാസികളെ ഈ സൂക്തം താക്കീത് നല്‍കുകയും ചെയ്യുന്നു. നീ പറയുക: നിശ്ചയം അല്ലാഹുവിന്‍റെ സന്മാര്‍ഗം (അദ്ദിക്ര്‍), അത് മാത്രമാണ് സന്മാര്‍ഗം എന്ന് 6: 71 ലും; നിശ്ചയം സന്മാര്‍ഗം അത് അല്ലാഹുവില്‍ നിന്നുള്ളത് മാത്രമാണ് എന്ന് 3: 73 ലും; അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗവും സത്യാസത്യ വിവേചനമാനദണ്ഡവുമാണെന്ന് 2: 185 ലും പറഞ്ഞിട്ടുണ്ട്. 

ഖിബ്ല മാറ്റത്തെക്കുറിച്ച് പറഞ്ഞശേഷം 2: 145 ല്‍ അല്ലാഹു പറയുന്നു: അറിവില്‍ നിന്ന് നിനക്ക് വന്ന് കിട്ടിയതിനുശേഷം നീയെങ്ങാനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുകയാണെങ്കില്‍ നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും. അല്ലാഹു ഇറക്കിയതുകൊണ്ട് അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക, നീ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റരുത്, അല്ലാഹു അവതരിപ്പിച്ച ചിലതില്‍ നിന്നെ അവര്‍ നാശത്തിലകപ്പെടുത്തുന്നത് സൂക്ഷിക്കുകയും ചെയ്യുക, അവര്‍ പിന്തിരിയുകയാണെങ്കില്‍ നീ അറിഞ്ഞിരിക്കുക, അവരുടെ കുറ്റകൃത്യങ്ങളുടെ ഫലം അവരെ ബാധിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കുകയാണ്, ജനങ്ങളില്‍ അധികപേരും തെമ്മാടികള്‍ തന്നെയാണ് എന്ന് 5: 49 ല്‍ പറഞ്ഞിട്ടുണ്ട്. 10: 15-16 സൂക്തങ്ങളില്‍, നാഥന്‍റെ വ്യക്തമായ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കപ്പെട്ടാല്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്ത ജനം പറയുന്നു: ഇതല്ലാത്ത വേറെ ഒരു വായന നീ കൊണ്ടുവരിക, അല്ലെങ്കില്‍ ഇതില്‍ ചില ഭേദഗതികള്‍ വരുത്തുക. പ്രവാചകാ, അവരോട് പറയുക: ഇത് എന്നില്‍ നിന്നുള്ളതല്ലാത്തതിനാല്‍ എന്‍റെ വകയായി അതില്‍ എന്തെങ്കിലും മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ എനിക്ക് സാധ്യമല്ല, നിശ്ചയം ഞാന്‍ എനിക്ക് ലഭിക്കുന്ന ദിവ്യബോധനങ്ങളല്ലാതെ പിന്‍പറ്റുന്നവനല്ല, നിശ്ചയം ഞാന്‍ എന്‍റെ നാഥനോട് ധിക്കാരം കാണിക്കുകയാണെങ്കില്‍ ഒരു നാളിലെ ഭയങ്കരമായ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു. നീ പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഈ ഗ്രന്ഥം ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ച് തരുമായിരുന്നില്ല, ഇതിനെ സംബന്ധിച്ച് നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു, അപ്പോള്‍ ഇതിനുമുമ്പ് ഞാന്‍ കുറേ കൊല്ലങ്ങള്‍ നിങ്ങളില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്താശക്തി ഉപയോഗപ്പെടുത്തുന്നില്ലേ എന്ന് പറഞ്ഞിട്ടുണ്ട്. 2: 38; 22: 77-78; 42: 52 വിശദീകരണം നോക്കുക.