( അല്‍ ബഖറ ) 2 : 125

وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِلنَّاسِ وَأَمْنًا وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَنْ طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ

ആ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് ഒരു അഭയസ്ഥാനവും ഒരുമിച്ച് ചേരാനുള്ള കേന്ദ്രവുമാക്കിയതും ഓര്‍ക്കേണ്ടതാണ്, ഇബ്റാഹീം നിന്ന സ്ഥലത്തെ നിങ്ങള്‍ പ്രാര്‍ത്ഥനാ സ്ഥലമായി സ്വീകരിക്കുവീന്‍, ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം കരാര്‍ ചെയ്യുകയും ചെയ്തു: നിശ്ചയം നിങ്ങള്‍ രണ്ടുപേരും എന്‍റെ വീടിനെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും കുനിയുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി ശുദ്ധീകരിച്ചുവെക്കുക.

മനുഷ്യര്‍ക്കുള്ള ഭൂമിയിലെ ആദ്യത്തെ ആരാധനാലയമാണ് മക്കയിലുള്ള കഅ്ബ. അത് അനുഗ്രഹീതവും മൊത്തം ലോകര്‍ക്ക് സന്മാര്‍ഗവുമാണ്, അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളും ഇബ്റാഹീമിന്‍റെ സ്ഥാനവുമുണ്ട് എന്ന് 3: 96-97 സൂക്തങ്ങളിലും; എന്നില്‍ ഒന്നിനേയും പങ്കുചേര്‍ക്കരുതെന്ന് പറഞ്ഞുകൊണ്ടും പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും കുനിയുന്നവര്‍ക്കും സാഷ്ടാംഗപ്രണാമം ചെയ്യുന്നവര്‍ക്കുമായി എന്‍റെ വീട് നീ ശുദ്ധീകരിച്ച് വെക്കണമെന്ന് പറഞ്ഞുകൊണ്ടും ഇബ്റാഹീമിന് ആ വീടിന്‍റെ സ്ഥാനം നിര്‍ണ്ണയിച്ച് കൊടുത്തതും ഓര്‍ക്കേണ്ടതാണ് എന്ന് 22: 26 ലും പറഞ്ഞിട്ടുണ്ട്. ഇബ്റാഹീം കഅ്ബ പടുത്തുയര്‍ത്താന്‍ വേണ്ടി കയറി നിന്ന കല്ലിനാണ് 'ഇബ്റാഹീമിന്‍റെ സ്ഥാനം'(മഖാമുഇബ്റാഹീം) എന്ന് പറയുന്നത്. അദ്ദേഹത്തിന്‍റെ പാദസ്പര്‍ശമേറ്റ ആ കല്ല് ഇന്ന് കഅ്ബയുടെ അടുത്ത് ഒരു കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ച് വെച്ചിട്ടുണ്ട്. അതിനരികില്‍ വെച്ച് അല്ലാഹുവിന് സാഷ്ടാംഗപ്രണാമം ചെയ്യുന്നതില്‍ പുണ്യമുണ്ട്. എന്നാല്‍ തിക്കും തിരക്കും കാരണം സൗകര്യക്കുറവാണെങ്കില്‍ ഹറമില്‍ എവിടെ വെച്ച് സാഷ്ടാംഗപ്രണാമം നിര്‍വ്വഹിച്ചാലും മതി. 2: 41-43 വിശദീകരണം നോക്കുക.

അല്ലാഹു അവന്‍റെ ഭവനത്തെ മനുഷ്യര്‍ക്ക് മൊത്തമുള്ള ഒരു അഭയസ്ഥാനവും ഒരുമിച്ച് ചേരാനുള്ള കേന്ദ്രവുമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റു വിഷയങ്ങളില്‍ എന്ന പോലെ അല്ലാഹുവിന്‍റെ ഭവനത്തിന്‍റെ കാര്യത്തിലും അങ്ങോട്ടുള്ള തീര്‍ത്ഥാടനത്തിന്‍റെ കാര്യത്തിലും ഫുജ്ജാറുകള്‍ വ്യതിചലിച്ചുപോയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഫുജ്ജാറുകളാണ് ഗ്രന്ഥത്തില്‍ പറഞ്ഞ കാഫിറുകളും മുശ്രിക്കുകളും എന്നിരിക്കെ അവര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ കാഫിറുകളും മുശ്രിക്കുകളുമെന്ന് മുദ്രകുത്തി അവര്‍ക്ക് അല്ലാഹുവിന്‍റെ ഭവനമായ കഅ്ബയിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ആത്മാവില്ലാത്ത ഈ യഥാര്‍ത്ഥ മുശ്രിക്കുകള്‍ അവരുടെ പ്രാര്‍ത്ഥന 8: 35 ല്‍ പറഞ്ഞ പ്രകാരം ആര്‍പ്പും വിളിയുമാക്കി മാറ്റിയിരിക്കുകയാണ്. അവരുടെ തെറ്റുകുറ്റങ്ങള്‍ക്കുള്ള ഒരു മറയായിക്കൊണ്ടാണ് ഇന്ന് ഇവര്‍ അവിടെ ഹജ്ജും ഉംറയുമെല്ലാം നിര്‍വ്വഹിച്ച് പോരുന്നത്. അതില്‍ സങ്കുചിതത്വം, ദേശീയത, ലോകമാന്യം, കച്ചവടതാല്‍പര്യങ്ങള്‍ തുടങ്ങിയ ജാഹിലിയ്യാസംസ്കാരങ്ങള്‍ വീണ്ടും കടന്നുവന്നിട്ടുള്ളതായി കാണാം. വിശ്വാസിയാകാനും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും 2: 186 സൂക്തങ്ങളില്‍ പറഞ്ഞ രണ്ട് ഉപാധികള്‍ പാലിക്കാത്തതാണ് ഇതിനെല്ലാം കാരണം. മക്കാ-മദീനാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇജാസില്‍ മഹ്ദിയുടെ പ്രത്യക്ഷപ്പെടലോടുകൂടി 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ അടിസ്ഥാനത്തില്‍ നീതിയോടു കൂടിയുള്ള ഭരണം ഇജാസില്‍ നടപ്പിലാകുന്നതാണ്. തുടര്‍ന്ന് ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് ചേക്കേറുന്നതും അവിടെയുള്ള 48: 6 ല്‍ പറഞ്ഞ കപടവിശ്വാസികളും മുശ്രിക്കുകളും മസീഹുദ്ദജ്ജാലിന്‍റെ ആധിപത്യത്തിലുള്ള ഇതര പ്രദേശങ്ങളിലേക്ക് പുറത്താക്കപ്പെടുന്നതുമാണ്. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനിയായ ലൈംഗികാസ്വാദനത്തില്‍ ഏര്‍പ്പെടാതെ കാട്ടിലും പൊത്തിലും മലയിലും ഭഗവാനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള സന്യാസി-സന്യാസിനിമാര്‍ക്കാണ് കൂടുതലായും ഇജാസിലേക്ക് പ്രവേശനം ലഭിക്കുക. അങ്ങനെ അവസാനകാലത്ത് പാമ്പ് മാളത്തിലേക്ക് ഉള്‍വലിയുന്നതുപോലെ ഇസ്ലാം ഇജാസിലേക്ക് ഉള്‍വലിയുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത് നടപ്പിലാകുന്നതാണ്. 2: 114; 28: 57; 29: 67 വിശദീകരണം നോക്കുക.