( അല്‍ ബഖറ ) 2 : 124

وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ ۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِنْ ذُرِّيَّتِي ۖ قَالَ لَا يَنَالُ عَهْدِي الظَّالِمِينَ

ഇബ്റാഹീമിനെ തന്‍റെ നാഥന്‍ ചില വചനങ്ങള്‍ കൊണ്ട് പരീക്ഷിച്ച സന്ദര്‍ഭവും, അങ്ങനെ അവന്‍ അതെല്ലാം പൂര്‍ത്തീകരിച്ചപ്പോള്‍ അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ നിന്നെ ജനങ്ങള്‍ക്ക് നേതാവായി നിശ്ചയിക്കുകയാണ്, ഇബ്റാഹീം പറഞ്ഞു: എന്‍റെ സന്തതികളില്‍ നിന്നും; അവന്‍ പറഞ്ഞു: എന്‍റെ ഉടമ്പടി അക്രമികള്‍ക്ക് ബാധകമല്ല.

ഇബ്റാഹീം സ്വപിതാവ് ആസറിനെയും ജനങ്ങളെയും വിഗ്രഹാരാധന വെടിയുന്നതിനും അല്ലാഹുവിനെ ഏക ഇലാഹായി സ്വീകരിക്കുന്നതിനും വേണ്ടി വിളിച്ചപ്പോള്‍ നംറൂദിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം അദ്ദേഹത്തിന് തീക്കുണ്ഠം ഒരുക്കി. ഇബ്റാഹീമിനെ ചുട്ടുകരിക്കാന്‍ ആ തീക്കുണ്ഠത്തിലേക്ക് എറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ തെറ്റമ്പ് ഉപയോഗിച്ച് അവര്‍ അദ്ദേഹത്തെ അതിലേക്ക് എറിഞ്ഞു. എന്‍റെ കാര്യം നോക്കാന്‍ അല്ലാഹു ഏറ്റവും മതിയായവനാണ് എന്ന് പറഞ്ഞുകൊണ്ട് ഇബ്റാഹീം വെപ്രാളം കാണിക്കാതെ സമാധാനിച്ചു. അപ്പോള്‍ അല്ലാഹു ഇബ്റാഹീമിന് തീയിനെ തണുപ്പും സമാധാനവുമുള്ളതാക്കി മാറ്റി എന്ന് 21: 65-70; 29: 24 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 14: 39 പ്രകാരം, വാര്‍ദ്ധക്യകാലത്ത് സന്താനങ്ങളൊന്നുമില്ലാതിരുന്ന ഇബ്റാഹീമിന് നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ഇസ്മാഈലിനെ മകനായി നല്‍കി. ആ മകനെയും ഭാര്യ ഹാജറയെയും ആരോരുമില്ലാത്ത വെള്ളം പോലുമില്ലാത്ത കഅ്ബത്തിങ്കല്‍ കൊണ്ടുപോയി താമസിപ്പിക്കാന്‍ അല്ലാഹു കല്‍പിച്ചു. കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നു പോയപ്പോള്‍ അതിനുവേണ്ടി ഹാജറ സഫയിലും മര്‍വയിലും ഏഴ് പ്രാവശ്യം കയറിയിറങ്ങി. അവസാനം കുഞ്ഞിന്‍റെ കാലടിയില്‍ നിന്നുതന്നെ സംസം എന്ന ഉറവ പൊട്ടിയൊഴുകി. ഇസ്മാഈലിന് പതിനാല് വയസ്സ് പ്രായമായപ്പോള്‍ അല്ലാഹു അവനെ ബലിയര്‍പ്പിക്കാന്‍ കല്‍പിച്ചു. ഇബ്റാഹീം അതിനും തയ്യാറായപ്പോള്‍ മകനെ ബലിയറുക്കേണ്ടതില്ലെന്നും പകരം ഒരു ആടിനെ നല്‍കിക്കൊണ്ട് അല്ലാഹു ആ മഹത്തായ ബലികര്‍മ്മം പില്‍ക്കാലത്തുള്ള വിശ്വാസികള്‍ക്ക് ചര്യയായി (സുന്നത്ത്) നിശ്ചയിക്കുകയുണ്ടായി. 22: 78; 37: 100-109; 60: 4 വിശദീകരണം നോക്കുക.

ഇബ്റാഹീമിനെ ജനങ്ങള്‍ക്ക് നേതാവായി നിശ്ചയിക്കാന്‍ പോവുകയാണെന്ന് അല്ലാഹു പറഞ്ഞപ്പോള്‍ എന്‍റെ സന്താനപരമ്പരകളില്‍ നിന്നും നേതാക്കളെ നിശ്ചയിക്കണമെന്ന് ഇബ്റാഹീം ആവശ്യപ്പെട്ടെങ്കിലും ഉടമ്പടി പാലിക്കാത്ത അക്രമികള്‍ക്ക് അത് ലഭിക്കുകയില്ല എന്നാണ് അല്ലാഹു പറഞ്ഞത്. തങ്ങളുടെ പക്കലുള്ള വേദത്തില്‍ പരാമര്‍ശിച്ച പ്രവാചകനെയും ഗ്രന്ഥത്തെയും തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്ത ഇസ്റാഈല്‍ സന്തതികള്‍ അക്രമികളായിത്തീരുകയാണുണ്ടായത്. മൊത്തം ലോകര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്ത് ഗ്രന്ഥത്തിന്‍റെ ആളുകളാണെന്ന് അഭിമാനിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകത്ത് ഏറ്റവും വലിയ അക്രമികളും തെമ്മാടികളും. 2: 136; 6: 89-90, 153 വിശദീകരണം നോക്കുക.