رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنَا أُمَّةً مُسْلِمَةً لَكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
ഞങ്ങളുടെ നാഥാ! ഞങ്ങളെ നിനക്ക് സര്‍വ്വാര്‍പ്പണം ചെയ്യുന്നവരാക്കേണമേ, ഞങ്ങളുടെ സന്താനപരമ്പരകളില്‍ നിന്ന് നിനക്ക് സര്‍വ്വാര്‍പ്പണം ചെയ്യുന്ന ഒരു സമുദായത്തെയും നീ ഉണ്ടാക്കേണമേ, ഞങ്ങളുടെ അനുഷ്ഠാനകര്‍മ്മങ്ങള്‍ ഞങ്ങള്‍ക്ക് നീ കാണിച്ചുതരേണമേ, ഞങ്ങളുടെ മേല്‍ നീ മടങ്ങുകയും ചെയ്യേണമേ, നിശ്ചയം നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാന് തന്നെയാകുന്നു.
നാട്, വീട്, ജാതി, മതം, കാലം, മാതാപിതാക്കള്‍, ലിംഗം തുടങ്ങിയവയൊന്നും തെരഞ്ഞെടുക്കാനുള്ള അവകാശം ഒരാള്ക്കുമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് അല്ലാഹുവിന്റെ തൃപ്തിയില്‍ മറ്റുള്ളവരെ തൃപ്തിപ്പെട്ടുകൊണ്ടും അല്ലാഹുവിന്റെ കോപത്തില്‍ മറ്റുള്ളവരോട് കോപം പുലര്‍ത്തിക്കൊണ്ടും അല്ലാഹുവിന്റെ തൃപ്തിയില്‍ നല്കിക്കൊണ്ടും അല്ലാഹുവിന്റെ അതൃപ്തിയില്‍ നല്കാതിരുന്നുകൊണ്ടും മനസാ-വാചാ-കര്‍മ്മണാ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമാണ് ഉടമയായ നാഥന് സര്‍വ്വാര്‍പ്പണം ചെയ്തുകൊണ്ടുള്ള (മുസ്ലിമായിക്കൊണ്ടുള്ള) ജീവിതം. സത്യമായ അദ്ദിക്റിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ പ്രസ്തുത ജീവിതവ്യവസ്ഥക്കാണ് ഇസ്ലാം എന്ന് പറയുന്നത്. വിശ്വാസിയായ ഒരാളെ മുസ്ലിമായിക്കൊണ്ടുള്ള ജീവിതത്തില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ആചാരാനുഷ്ഠാന കര്മ്മങ്ങള്ക്കാണ് മനാസിക്ക് എന്ന് പറയുന്നത്. ഇബാദത്തിന് ആരാധന എന്ന് അര്‍ത്ഥം വരുന്നില്ല. മറിച്ച് സേവനം എന്നാണ് അര്‍ത്ഥം. അല്ലാഹ് എന്ന സ്മരണ ഇല്ലാതെയുള്ള ഏത് അനുഷ്ഠാനകര്മ്മവും കാഫിറായ പിശാചിനുള്ളതാണ്. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് ഫുജ്ജാറുകള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമാണ്. 43: 67 ല്‍, അന്നേദിനം സാഹോദര്യബന്ധങ്ങളെല്ലാം പരസ്പരം ശത്രുതയിലായിരിക്കും -സൂക്ഷ്മാലുക്കള്‍ തമ്മിലുള്ളതൊഴികെ എന്നും; 43: 68 ല്‍, ഓ എന്റെ അടിമകളേ! ഇന്നേദിനം നിങ്ങളുടെ മേല്‍ ഭയപ്പെടാനൊന്നുമില്ല, നിങ്ങള്‍ ദുഃഖിക്കുന്നവരാവുകയുമില്ല എന്നും; 43: 69 ല്‍, അവര്‍ നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വാസികളായവരും അവര്‍ സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കുന്നവരുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 99, 121; 6: 162 വിശദീകരണം നോക്കുക.