( അല്‍ ബഖറ ) 2 : 130

وَمَنْ يَرْغَبُ عَنْ مِلَّةِ إِبْرَاهِيمَ إِلَّا مَنْ سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ

സ്വന്തത്തെ വിഡ്ഢിയാക്കിയവനല്ലാതെ ആരാണ് ഇബ്റാഹീമിന്‍റെ ചര്യ വെറുക്കുക, നിശ്ചയം ഇഹത്തില്‍ അവനെ നാം തെരഞ്ഞെടുത്തിട്ടുണ്ട്; നിശ്ചയം, പരത്തില്‍ അവന്‍ സജ്ജനങ്ങളില്‍ പെട്ടവന്‍ തന്നെയുമാകുന്നു.

നിശ്ചയം ഇബ്റാഹീം ഒറ്റയ്ക്ക് ഒരു സമുദായം തന്നെയായിരുന്നു, എപ്പോഴും നേരെച്ചൊവ്വെ അല്ലാഹുവിനെ വണങ്ങുന്നവനും ഒരിക്കലും ശിര്‍ക്ക് ചെയ്യാത്തവനും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവനുമായിരുന്നു എന്നും, അവനെ നാം തെരഞ്ഞെടുക്കുകയും ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്തു എന്നും, അവന് നാം ഇഹലോകത്ത് നന്മ നല്‍കി, നിശ്ചയം അവന്‍ പരത്തില്‍ സജ്ജനങ്ങളില്‍ പെട്ടവന്‍ തന്നെയാണ് എന്നും 16: 120-122 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജൂതക്രൈസ്തവരും മക്കാമുശ്രിക്കുകളുമെല്ലാം മറ്റു പ്രവാചകന്മാരെ തള്ളിപ്പറയുന്നുണ്ടെങ്കിലും അവര്‍ ആരും തന്നെ പ്രവാചകന്‍ ഇബ്റാഹീമിനെ തള്ളിപ്പറയുന്നില്ല. എന്നാല്‍ അവര്‍ ആരും തന്നെ ഇബ്റാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റിയിരുന്നില്ല. ഇന്ന് ഗ്രന്ഥത്തെ കളവാക്കുന്നവരും ആത്മാവിനെ പരിഗണിക്കാത്തവരുമായ ഫുജ്ജാറുകള്‍ പ്രവാചകന്‍ മുഹമ്മദിന്‍റെയും മാര്‍ഗം പിന്‍പറ്റുന്നവരല്ല, പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷത്തിന് ശേഷമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഈ ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 10: 60 ല്‍ വിവരിച്ച പ്രകാരം കാഫിറാണെന്ന് സാക്ഷ്യം വഹിച്ച് മരണപ്പെടുന്നവരുമാണ്. 19: 58 ല്‍ പറഞ്ഞ പ്രകാരം തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കാത്ത ഇവര്‍ ഒരു നബിയെയും പ്രവാചകനെയും പിന്‍പറ്റാത്തവരും നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരുമാണ്. 1: 6 വിശദീകരണം നോക്കുക.