( അല്‍ ബഖറ ) 2 : 136

قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ

നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്നുകൊണ്ടും ഇബ്റാഹീമിലേക്കും ഇസ്മാഈലിലേക്കും ഇസ്ഹാഖിലേക്കും യഅ്ഖൂബിലേക്കും ഗോത്രവര്‍ഗക്കാരിലേക്കും അവതരിപ്പിക്കപ്പെട്ട ഒന്നുകൊണ്ടും മൂസാക്കും ഈസാക്കും നല്‍കപ്പെട്ട ഒന്നുകൊണ്ടും തങ്ങളുടെ നാഥനില്‍ നിന്ന് എല്ലാ നബിമാര്‍ക്കും നല്‍കപ്പെട്ട ഒന്നുകൊണ്ടും വിശ്വസിച്ചിരിക്കുന്നു, അവരില്‍ നിന്ന് ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല, ഞങ്ങള്‍ അവന് സര്‍വ്വസ്വം സമര്‍പ്പിച്ചവരുമാകുന്നു.

3: 84 ഇതേ ആശയത്തിലുള്ള സൂക്തമാണ്. ഇവിടെ വിശ്വാസികളോട് പ്രഖ്യാപിക്കാനാണ് കല്‍പിക്കുന്നതെങ്കില്‍ 3: 84 ല്‍ പ്രവാചകനോടും അതുവഴി വിശ്വാസികളോടും പ്രഖ്യാപിക്കാനാണ് കല്‍പിക്കുന്നത്. എല്ലാ പ്രവാചകന്മാരും ഒരേ ആശയം പ്രചരിപ്പിക്കുന്നതിനുവേണ്ടി ഏകനായ അല്ലാഹുവിനാല്‍ അയക്കപ്പെട്ടവരാണ്. 2: 2, 213 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഒറ്റഗ്രന്ഥം (അല്‍കിതാബ്) മാത്രമേ ആദ്യം മുതല്‍ അവസാനം വരെ വന്നിട്ടുള്ളൂ. 7: 158; 34: 28 സൂക്തങ്ങളില്‍ അന്ത്യപ്രവാചകനായ മുഹമ്മദിനെ മൊത്തം മനുഷ്യര്‍ക്കുള്ള ദൂതനായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും; 21: 107 ല്‍, പ്രവാചകന്‍ മുഹമ്മദിനെ സര്‍വ്വലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട് എന്നിരിക്കെ പ്രവാചകന്‍ മുഹമ്മദാണ് ഇസ്ലാം സ്ഥാപിച്ചതെന്നും അദ്ദേഹം മുസ്ലിംകളുടെ മാത്രം പ്രവാചകനാണെന്നും പറയുന്നവരും വിശ്വസിക്കുന്നവരുമായ ഫുജ്ജാറുകളെല്ലാം കാഫിറുകളാണ്. 313 പ്രവാചകന്മാര്‍ ഉള്‍പ്പെടെ 1,24,000 ത്തില്‍ പരം നബിമാര്‍ കാലാകാലങ്ങളിലായി നാഥനില്‍ നിന്ന് നിയോഗിക്കപ്പെട്ടിട്ടുണ്ട്. 4: 163 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും ഗ്രന്ഥം നല്‍കപ്പെട്ടിട്ടുണ്ട്. നബിമാര്‍ക്ക് ദിവ്യബോധനമാണ് നല്‍കപ്പെട്ടിട്ടുള്ളത്. രാമനും കൃഷ്ണനുമെല്ലാം ഇക്കൂട്ടരില്‍ ഉള്‍പ്പെട്ടവരായിരിക്കാം. യഥാര്‍ത്ഥ വിശ്വാസികള്‍ പ്രവാചകന്മാര്‍ക്കിടയിലോ നബിമാര്‍ക്കിടയിലോ യാതൊരു വ്യത്യാസവും കല്‍പിക്കാത്തവരുമാണ്. 3: 79 ല്‍ പറഞ്ഞ നാഥന്‍റെ പ്രൗഢരായ പ്രതിനിധികള്‍ക്ക് വിചാരണയില്ലാതെത്തന്നെ സ്വര്‍ഗത്തില്‍ പോകാന്‍ സാധിക്കുന്നതാണ്. എന്നാല്‍ 7: 6 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്മാരും നബിമാരും വിചാരണക്ക് ശേഷമാണ് സ്വര്‍ഗത്തില്‍ പോവുക. 

ഗോത്രവര്‍ഗക്കാര്‍ എന്നതുകൊണ്ടുള്ള വിവക്ഷ യഅ്ഖൂബ് നബിയുടെ പത്ത് പുത്രന്മാരുടെയും യൂസുഫ് നബിയുടെ രണ്ട് പുത്രന്മാരുടെയും സന്താനപരമ്പരകളാണ്. അവര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവെന്ന് 7: 160 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കപ്പെട്ട എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും വിശ്വാസികളുടെയും സ്വഭാവം നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കപ്പെട്ടാല്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുക എന്നതാണ് എന്ന് 19: 58 ല്‍ പറഞ്ഞിട്ടുണ്ട്. 2: 109; 42: 13-14; 98: 4 വിശദീകരണം നോക്കുക.