( അല്‍ ബഖറ ) 2 : 137

فَإِنْ آمَنُوا بِمِثْلِ مَا آمَنْتُمْ بِهِ فَقَدِ اهْتَدَوْا ۖ وَإِنْ تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ

അപ്പോള്‍ നിങ്ങള്‍ ഏതൊന്നുകൊണ്ടാണോ വിശ്വസിച്ചിട്ടുള്ളത്, അതുപോലെയുള്ളതുകൊണ്ട് അവരും വിശ്വസിക്കുകയാണെങ്കില്‍, അപ്പോള്‍ നിശ്ചയം അവര്‍ സന്മാര്‍ഗത്തിലായി, ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അവര്‍ ഭിന്നിപ്പിലാണ്, അപ്പോള്‍ അവരെത്തൊട്ട് നിനക്ക് അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞനുമാണ്.

അദ്ദിക്റിനെ സന്മാര്‍ഗമായി സ്വീകരിച്ച് അതിനെ പിന്‍പറ്റുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ വിശ്വാസികള്‍. അദ്ദിക്ര്‍ മൊത്തം ഉപയോഗപ്പെടുത്താതെ ഗ്രന്ഥത്തില്‍ നിന്ന് ചിലത് എടുക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യുന്നവര്‍ ഇസ്ലാമാകുന്ന മൊത്തം വൃക്ഷത്തെ സ്വീകരിക്കാതെ കൊമ്പും പിടിച്ച് ഭിന്നിച്ചുപോയവരും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാണ്. 2: 176 ല്‍, ഗ്രന്ഥത്തില്‍ ഭിന്നിച്ചവര്‍ നിശ്ചയം സത്യത്തില്‍ നിന്ന് വളരെ ദൂരം അകന്നുപോയി എന്നും പറഞ്ഞിട്ടുണ്ട്. അവരുടെ എല്ലാ ഉപദ്രവങ്ങളില്‍ നിന്നും നിന്നെ സഹായിക്കാന്‍ അല്ലാഹു മതി എന്ന് ഈ സൂക്തത്തിലും, ജനങ്ങളില്‍ നിന്നുള്ള ഉപദ്രവത്തെത്തൊട്ട് നിന്നെ സഹായിക്കാന്‍ അല്ലാഹു മതി എന്ന് 5: 67 ലും പറഞ്ഞിട്ടുണ്ട്. നിന്നോട് കല്‍പിക്കപ്പെട്ടതുപോലെ നീ ഗ്രന്ഥം കൊണ്ട് മുന്നേറുകയും ചെയ്യുക, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെ അവഗണിക്കുക, പരിഹസിക്കുന്നവരെത്തൊട്ട് നിന്നെ സഹായിക്കാന്‍ നാം തന്നെ മതിയായവനാകുന്നു എന്ന് 15: 94-95 ലും പറഞ്ഞിട്ടുണ്ട്. പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുകയും അതുകൊണ്ട് അതിനെ മൂടിവെക്കുന്ന യഥാര്‍ത്ഥ കാഫിറുകളോട് ജിഹാ ദ് ചെയ്യുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക് അറബി ഖുര്‍ആന്‍ വായിക്കുന്ന 8: 22 ല്‍ പറഞ്ഞ ദുഷിച്ച ജീവികളില്‍ നിന്നുള്ള ഉപദ്രവങ്ങളും എതിര്‍പ്പുകളും മാത്രമല്ല, ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള ഉപദ്രവങ്ങളും എതിര്‍പ്പുകളും ബാധിക്കുകയില്ല എന്ന് സാരം. 2: 38-39, 48; 4: 115; 47: 32 വിശദീകരണം നോക്കുക.