( അല്‍ ബഖറ ) 2 : 14

وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ

വിശ്വാസികളായവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, എന്നാല്‍ അവരുടെ പിശാചുക്കളുമായി തനിച്ചായിരിക്കുമ്പോള്‍ അവര്‍ പറയും: നിശ്ചയം ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്, നിശ്ചയം ഞങ്ങള്‍ അവരെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്.

അവസരവാദികളായ ഇത്തരം കപടവിശ്വാസികള്‍ വിശ്വാസികളുടെ സാമീപ്യത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നവരും നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്നവരുമാണ്. എന്നാല്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കാത്തവരും അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയണമെന്ന ബോധമില്ലാത്തവരും മറ്റുള്ള ജനങ്ങളെക്കൂടി നരകത്തിലേക്ക് ക്ഷണിക്കുന്നവരും ഗ്രന്ഥം പഠിച്ച് പൂര്‍ത്തിയായവരാണെന്ന അഹങ്കാരത്തില്‍ നിലകൊള്ളുന്നവരുമായിരിക്കും. വേദനാജനകമായ ശിക്ഷയാണ് 31: 5-6 സൂക്തങ്ങളിലൂടെ അല്ലാഹു അവര്‍ക്ക് സന്തോഷവാര്‍ത്തയായി അറിയിച്ചിട്ടുള്ളത്. ഇന്ന് എല്ലാ പള്ളികളിലും നമസ്കാരത്തിന് നേതൃത്വം നല്‍കുകയും പ്രഭാഷണം നടത്തുകയും ചെ യ്തുകൊണ്ട് ഗ്രന്ഥത്തെ മൂടിവെക്കുകയും സൂക്തങ്ങള്‍ വളച്ചൊടിക്കുകയും ചെയ്യുന്ന ക പടവിശ്വാസികളായ ഇമാമുമാരും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവരുടെ പിന്നില്‍ നമസ്ക്കരിക്കുകയും അവരുടെ സംസാരം കേട്ടിരിക്കുകയും ചെയ്യുന്ന കാഫിറുകളായ അനുയായികളും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്ന് 4: 140 ല്‍ നാഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവരിലെ കപടവിശ്വാസികളെക്കുറിച്ച് അവര്‍ നരകകവാടത്തില്‍ നിന്നുകൊണ്ട് ജനങ്ങളെ അതിലേക്ക് മാടിവിളിക്കുന്നവരാണ് എന്നാണ് നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെ 'കളവ് പറയുന്ന ഒറ്റയാന്‍' എന്ന് പരിഹസിക്കുന്ന അക്രമികളായ ഫുജ്ജാറുകള്‍ യഥാര്‍ത്ഥത്തില്‍ അവരെത്തന്നെയാണ് പരിഹസിച്ചുകൊണ്ടിരിക്കുന്നത്. 83: 7 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയില്‍ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് നല്‍കപ്പെടുകയോ തുന്നല്‍കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ നാഥനെ സേവിക്കുന്നതിന് പകരം 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 6: 4-5; 10: 17-18; 11: 8 വിശദീകരണം നോക്കുക.