( അല്‍ ബഖറ ) 2 : 147

الْحَقُّ مِنْ رَبِّكَ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ

സത്യം നിന്‍റെ നാഥനില്‍ നിന്നുള്ളതാകുന്നു -അപ്പോള്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടവനാകരുത്.

3: 60 ല്‍ ഈ സൂക്തം ആവര്‍ത്തിക്കുന്നുണ്ട്. സത്യം അദ്ദിക്റാണ്. ത്രികാലജ്ഞാനമായ അത് ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞുപോയതോ ഇപ്പോഴുള്ളതോ വരാനുള്ളതോ ആയ ഏതൊരു കാര്യത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ ദൂരീകരിക്കേണ്ടത്. 56: 95; 69: 51 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തിയവര്‍ മാത്രമാണ് ദൃഢബോധ്യമുള്ളവര്‍. അവര്‍ക്ക് ഒരു കാര്യത്തെക്കുറിച്ചും സംശയമുണ്ടാവുകയില്ല. സത്യം വന്നുകഴിഞ്ഞു, ഇനി മിഥ്യ ആരംഭിക്കുകയോ ആവര്‍ത്തിക്കുകയോ ഇല്ല എന്ന് പ്രഖ്യാപിക്കാന്‍ 34: 49 ലൂടെ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. സ്രഷ്ടാവിന് സൃഷ്ടികളുടെമേലുള്ള പ്രത്യേകതയാണ് അദ്ദിക്റിന് ഇതരഗ്രന്ഥങ്ങളുടെമേലുള്ളത് എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യാഗ്രന്ഥങ്ങളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും. 7: 52 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത ഫുജ്ജാറുകള്‍ 2: 78 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ളവരും ഊഹങ്ങള്‍ പിന്‍പറ്റുന്നവരുമാണ്. കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കള്‍ 10: 33 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായതിനാല്‍ അവര്‍ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടാലും വിശ്വാസികളാവുകയില്ല. 2: 119; 10: 57-58, 94, 108 വിശദീകരണം നോക്കുക.