( അല്‍ ബഖറ ) 2 : 148

وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَاسْتَبِقُوا الْخَيْرَاتِ ۚ أَيْنَ مَا تَكُونُوا يَأْتِ بِكُمُ اللَّهُ جَمِيعًا ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

എല്ലാ ഓരോരുത്തര്‍ക്കും ഒരു ലക്ഷ്യമുണ്ട്, അതിലേക്ക് അവന്‍ അവനെ തിരിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ നന്മകളിലേക്ക് ചേക്കേറുക, നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളെ എല്ലാവരെയും അല്ലാഹു കൊണ്ടുവരും, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിന്‍റെ മേലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാകുന്നു.

ഓരോരുത്തര്‍ക്കും ഭൗതിക ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ട്, അത് നേടിയെടുക്കാന്‍ അവന്‍റെ സര്‍വകഴിവുകളും സര്‍വസന്നാഹങ്ങളും സമയവും വിനിയോഗിക്കാന്‍ അവന്‍ തയ്യാറാകുന്നു. എന്നാല്‍ മനുഷ്യന്‍റെ യഥാര്‍ത്ഥ ജീവിതലക്ഷ്യം നേടിയെടുക്കാന്‍ അതിലേറെ സ്വന്തത്തെ അതിലേക്ക് തിരിക്കാന്‍ അവന്‍ തയ്യാറാകണം. കാരണം സ്വര്‍ഗത്തില്‍ വെച്ച് സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യന്‍റെയും വിധി, 32: 13 പ്രകാരം അടിസ്ഥാനപരമായി നരകത്തിലേക്കാണ് നിശ്ചയിച്ചുവെച്ചിട്ടുള്ളത്. ഓരോ വ്യക്തിക്കും തന്‍റെ ജീവിതത്തിന്‍റെ നാലാം ഘട്ടത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള സര്‍വ്വകഴിവുകളും, ഏല്‍പ്പിച്ചിട്ടുള്ള സര്‍വ്വവിഭവങ്ങളും സമ്പത്തുക്കളും നിശ്ചയിച്ചിട്ടുള്ള സമയവും അവസരങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം വിധി തിരുത്തി സ്വര്‍ഗത്തിലേക്കാക്കി മാറ്റാനാണ് മനുഷ്യനെ അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ഒരുവനെ അതില്‍ നിന്നും സദാ തടഞ്ഞുകൊണ്ടിരിക്കുന്ന പിശാചിനെ മറികടക്കാന്‍ കൂടി അവന് കഴിയണം. അതിന് നരകത്തിലേക്കുള്ള വിവിധ വഴികളും സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വേര്‍തിരിച്ച് കാണിച്ചുതരുന്ന ഉരക്കല്ലായ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് ആവര്‍ത്തിച്ച് വായിച്ച് മനസ്സിലാക്കേണ്ടതും അതിനെ മുഹൈമിനായി ഉപയോഗപ്പെടത്തി തന്‍റെ ജിന്നുകൂട്ടുകാരനെ/ജിന്നുകൂട്ടുകാരിയെ വിശ്വാസിയാക്കി മാറ്റാന്‍ കൂടി അവന്‍ പരിശ്രമിക്കേണ്ടതുണ്ട്. 'വിധി മാറ്റപ്പെടുകയില്ല, പ്രാർത്ഥനകൊണ്ടല്ലാതെ' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.  7: 200-202 കൂട്ടിവായിക്കുക. 6: 104 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല; മനുഷ്യന് അവന്‍ ഉ ദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് 53: 39 ലും, ആരാണോ സന്മാര്‍ഗമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചത്, അവര്‍ക്ക് സന്മാര്‍ഗം വര്‍ദ്ധിപ്പിച്ച് കൊടുക്കുകയും അവര്‍ക്ക് ഭയഭക്തി നല്‍കുകയും ചെയ്യുമെന്ന് 47: 17 ലും പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ കൊണ്ട് 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റിയാല്‍ മാത്രമേ 3: 102 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയായ നാഥന് സര്‍വ്വതും സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമായി മരണപ്പെടുകയുള്ളൂ. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം അവരുടെ ആത്മാവിനെതിരെ മരണസമയത്ത് 'നിശ്ചയം ഞങ്ങള്‍ കാഫിറുകളായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. അവരില്‍ നിന്നുള്ള ഏതൊരുത്തന്‍റെയും മരണസമയത്ത് നാഥന്‍ അവരോട് 'നിശ്ചയം നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ 3: 136 ല്‍ വിവരിച്ച പ്രകാരം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം സമ്പാദിക്കുന്നവരാണെങ്കില്‍ ഫുജ്ജാറുകള്‍ 3: 181-182 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരാണ്. 

'നന്മ' അദ്ദിക്ര്‍ തന്നെയാണ്. നന്മയിലേക്ക് ചേക്കേറുക എന്നുപറഞ്ഞാല്‍ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചുകൊണ്ട് അതിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റലും അതിന്‍റെ വിരോധങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞ് നില്‍ക്കലും ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ഉണര്‍ത്താനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കലുമാണ്. 17: 13-14 സൂക്തങ്ങളില്‍, എല്ലാ ഓരോ മനുഷ്യനും അവന്‍റെ കര്‍മ്മരേഖ അവന്‍റെ പിരടിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നും 15 വയസ്സിനുശേഷമുള്ള ഓരോ നിമിഷവും ആ റിക്കാര്‍ഡില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നും വിചാരണാനാളില്‍ എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുമ്പോള്‍ അവരവരുടെ കര്‍മ്മരേഖ തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് കൊടുക്കുമെന്നും നീ നിന്‍റെ ഗ്രന്ഥം വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീ തന്നെ ഏറ്റവും മതിയായവനാണ് എന്ന് പറയപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി തന്‍റെ കര്‍മ്മരേഖയില്‍ വിധിദിവസം തനിക്ക് അനുകൂലമായി സാക്ഷ്യം വഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താന്‍ ശ്രമിക്കുക. എന്നാല്‍ 999 ല്‍ പെട്ട ഫുജ്ജാറുകള്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരായതിനാല്‍ വിധിദിവസം തനിക്ക് പ്രതികൂലമായി സാക്ഷ്യം വഹിക്കുന്ന കാര്യങ്ങളാണ് കര്‍മ്മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കാഫിറുകള്‍ വിധിദിവസം തന്‍റെ കര്‍മ്മരേഖയിലുള്ളത് വായിച്ച് കുണ്ഠിതപ്പെടുന്നതും, 'ഓ ഇത് എന്തൊരു കഷ്ടം! എന്തൊരു ഗ്രന്ഥമാണിത്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടിട്ടില്ലല്ലോ' എന്ന് വിലപിക്കുകയും ചെയ്യുന്ന രംഗം 18: 49 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. സൂക്തം അവസാനിക്കുന്നത് 'അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും അതില്‍ കാണുന്നതാണ്, നിന്‍റെ നാഥന്‍ ഒരാളോടും അല്‍പം പോലും അനീതി കാണിക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. അനീതി കാണിക്കുകയില്ല എന്നുപറഞ്ഞാല്‍ ഉള്ളത് ഒഴിവാക്കുകയോ ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കുകയോ ഇല്ല എന്നാണ്. 2: 28, 106-107; 4: 100; 9: 100 വിശദീകരണം നോക്കുക.