إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا ۚ وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
നിശ്ചയം സഫായും മര്‍വഃയും അല്ലാഹുവിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്, അപ്പോള്‍ ആരാണോ ഹജ്ജ് അല്ലെങ്കില്‍ ഉംറ നിര്‍വ്വഹിക്കുന്നത്, അപ്പോള്‍ അവ രണ്ടും ചുറ്റുന്നതില്‍ അവന്‍റെമേല്‍ വിരോധമില്ല, ആരെങ്കിലും ഒരു നന്മ സ്വമേധയാ പ്രവര്‍ത്തിച്ചാല്‍ നിശ്ചയം അല്ലാഹു അത് വിലമതിക്കുന്ന സര്‍വ ജ്ഞാനി തന്നെയാണ്.
പ്രവാചകന്‍ ഇബ്റാഹീമിന്റെ പത്നി ഹാജറ പുത്രന്‍ ഇസ്മാഈലിനുവേണ്ടി വെള്ളം അന്വേഷിച്ചുകൊണ്ട് ഓടി സഫാ മര്‍വാ കുന്നുകളിന്മേല്‍ കയറിയിറങ്ങി വെള്ളം അന്വേഷിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് സഫാ-മര്‍വഃയുടെ ഇടയിലുള്ള നടത്തം ഹജ്ജിന്‍റെയും ഉംറയുടെയും അനുഷ്ഠാന കര്‍മ്മമായ സഅ്യ് (ഉദ്ദേശ്യം) ആയി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കാലക്രമേണ ഇസ്മാഈല്‍ സന്തതികള്‍ പിതാമഹന്മാരുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും കഅ്ബയില്‍ വരെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും അവയെ ആരാധിക്കുകയും ചെയ്ത് തുടങ്ങി. അവര്‍ 'ഇസാഫ്' എന്ന വിഗ്രഹത്തെ സഫായിലും 'നാഇലഃ' എന്ന വിഗ്രഹത്തെ മര്‍വഃയിലും നാട്ടിയിരുന്നു. ഈ വിഗ്രഹങ്ങള്‍ 'അസഫ' എന്ന പുരുഷന്‍റേതും 'നാഇലഃ' എന്ന സ്ത്രീയുടേതുമായിരുന്നു. അവര്‍ രണ്ടുപേരും കഅ്ബയുടെ പവിത്രത കളങ്കപ്പെടുത്തിക്കൊണ്ട് കഅ്ബയില്‍ വെച്ച് വ്യഭിചരിച്ചതിന്‍റെ പേരില്‍ അല്ലാഹു അവരെ കല്ലുകളാക്കി മാറ്റുകയാണുണ്ടായത്. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ മുന്നോട്ടോ പിന്നോട്ടോ ഇളകാന്‍ കഴിയാത്ത വിധം അവരെ ഒരു സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുക തന്നെ ചെയ്യുമായിരുന്നു എന്ന് 36: 67 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ (മരണപ്പെട്ടവര്‍) കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്കുകയില്ല എന്ന് 35: 14 ല്‍ പറഞ്ഞതിന്റെ വിവക്ഷ, അവിടെ നടക്കുന്ന ചലനങ്ങള്‍ ഈ വിഗ്രഹങ്ങളെ ഒരു പീഡനമെന്നോണം അല്ലാഹു കേള്‍പ്പിച്ചിരുന്നു എന്നാണ്. ഇസ്റാഈല്‍ സന്തതികളില്‍ അല്ലാഹുവിനെ ധിക്കരിച്ച് മീന്‍ പിടിച്ചവരെ 2: 66 പ്രകാരം കുരങ്ങന്മാരും, ഈസാനബിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരമായി ആകാശത്തുനിന്ന് ഇറക്കിയ ഭക്ഷണത്തളികയില്‍ നിന്ന് ഭക്ഷിച്ച ശേഷം അതിനെ നിഷേധിച്ച ജൂതന്മാരെ 5: 60 പ്രകാരം പന്നികളും ആക്കിയിട്ടുണ്ട്. എന്നാല്‍ അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനത അവസാനത്തെ ജനതയായതിനാലും എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം രൂപപ്പെട്ടതിനാലും ഇന്നത്തെ ജനതക്ക് അത്തരത്തിലുള്ള ശിക്ഷകള്‍ പരലോകത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അറിഞ്ഞിട്ട് കുറ്റം ചെയ്യുന്ന അവര്‍ നാളെ നരകത്തില്‍ പട്ടി, പന്നി, കുരങ്ങ്, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ രൂപത്തിലായിരിക്കും പുനര്‍ജീവിപ്പിക്കപ്പെടുക.
ഈ സൂക്തത്തിലൂടെ സഫാ-മര്‍വഃക്കിടയിലുള്ള നടത്തം ഹജ്ജിന്റേയും ഉംറയുടേയും ഭാഗമാണെന്ന് വിശ്വാസികളെ പഠിപ്പിക്കുകയാണ്. 3: 96 ല്‍ വിവരിച്ച പ്രകാരം മനുഷ്യരോടാണ് ഹജ്ജ് കല്‍പിച്ചിട്ടുള്ളതെങ്കിലും അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയുമുള്ളൂ എന്ന് 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസിയാകാതെ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യുന്ന ഫുജ്ജാറുകള്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 55, 85; 15: 44; 25: 65-66; 48: 6; 98: 6; 107: 4-5 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്.
9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ ഭരണപ്രഖ്യാപനം ഉണ്ടാകുന്നതോടുകൂടി അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അനുയായികളും ഇജാസില്‍ നിന്ന് പുറത്താക്കപ്പെടുന്നതും, 2: 62 ല്‍ വിവരിച്ച പ്രകാരം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുമാണ്. 2: 52, 144, 152; 7: 205-206 വിശദീകരണം നോക്കുക.