( അല്‍ ബഖറ ) 2 : 160

إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ

പശ്ചാത്തപിക്കുകയും കര്‍മ്മങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും (ഒളിപ്പിച്ചുവെച്ചത്) വ്യക്തമാക്കുകയും ചെയ്തവര്‍ ഒഴികെ, അപ്പോള്‍ അക്കൂട്ടരുടെമേല്‍ ഞാന്‍ മടങ്ങുന്നതാണ്, ഞാന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാനാകുന്നു.

33: 72-73 സൂക്തങ്ങളില്‍ പറഞ്ഞ ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റുന്ന, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചു പുലര്‍ത്തുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് അവരെ വേര്‍തിരിക്കുന്നത് എന്നും അവര്‍ക്ക് ദുഷിച്ച പരിണിതിയാണുള്ളത് എന്നും, നാഥന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട അവര്‍ക്ക് നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാണെന്ന് 4: 145 ലും; എന്നാല്‍ അവരില്‍ ആരാണോ സത്യമായ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെടുമ്പോള്‍ കഴിഞ്ഞുപോയ ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ക്ക് പൊറുക്കലിനെത്തേടുകയും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതം പിന്‍പറ്റുകയും നാഥനെ മുറുകെപ്പിടിക്കുകയും ജീവിതം നാഥന് സമര്‍പ്പിക്കുകയും ചെയ്യുന്നത്, അവര്‍ വിശ്വാസിയുടെ കൂടെയാണെന്ന് 4: 146 ലും പറഞ്ഞിട്ടുണ്ട്. 'ഒളിപ്പിച്ചുവെച്ചത് വ്യക്തമാക്കുകയും ചെയ്തവര്‍ ഒഴികെ' എന്നത് കൊണ്ടുദ്ദേശിക്കുന്നത് അവര്‍ ജനങ്ങളെ ഭയപ്പെട്ടുകൊണ്ടോ സംഘടനാ താല്‍പര്യം മുന്‍നിര്‍ത്തിയോ ഭൗതികനേട്ടങ്ങള്‍ക്ക് വേണ്ടിയോ മൂടിവെച്ചിരുന്നത് ജനങ്ങളോട് തുറന്ന് പറയുന്നത് വരെ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയില്ല എന്നാണ്. തെമ്മാടികളല്ലാതെ അദ്ദിക്ര്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ലും; തെമ്മാടികള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ലും പറഞ്ഞിട്ടുണ്ട്. അതിനാല്‍ തെമ്മാടികളായ കപടവിശ്വാസികള്‍ 32: 22 ല്‍ പറഞ്ഞ പ്രകാരം നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് വ്യക്തമായി ഉണര്‍ത്തപ്പെട്ടാല്‍ പോലും അവര്‍ മൂടിവെച്ചിരുന്നത് ജനങ്ങളോട് തുറന്ന് പറയാന്‍ തയ്യാറാവുകയില്ല. 2: 6-7, 12, 39 വിശദീകരണം നോക്കുക.