( അല്‍ ബഖറ ) 2 : 171

وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَاءً وَنِدَاءً ۚ صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ

കാഫിറുകളായവരുടെ ഉപമ, വിളിയും തെളിയുമല്ലാതെ യാതൊന്നും കേള്‍ക്കാത്ത കാലികളോട് ഇടയന്‍ ഒച്ചയിടുന്നതുപോലെയാകുന്നു-അവര്‍ ബധിരരും മൂകരും അന്ധരുമാണ്, അതിനാല്‍ അവര്‍ ചിന്തിക്കാത്തവരുമാകുന്നു.

ലോകത്തുള്ള എല്ലാ കാര്യങ്ങളും കേള്‍ക്കുമെങ്കിലും ജീവിതലക്ഷ്യം പരിചയപ്പെടുത്തുന്ന അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറില്ലാത്തവരാണ് സൂക്തത്തില്‍ പറഞ്ഞ ബധിരരായ കാഫിറുകള്‍. എല്ലാം കാണാനുള്ള കണ്ണുണ്ടെങ്കിലും ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കാണാന്‍ കാഴ്ച ഉപയോഗപ്പെടുത്താത്തവരാണ് അന്ധര്‍. ആളുകളെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന സംസാരശേഷിയുള്ള വാഗ്മികളാണെങ്കിലും അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നു പോലും പറയാന്‍ വായ തുറക്കാത്ത കപടവിശ്വാസികളാണ് ഊമകള്‍. ഇത്തരം കാഫിറുകളോട് അദ്ദിക്റിനെക്കുറിച്ച് പറഞ്ഞാല്‍ ഇടയന്‍ കന്നുകാലികളോട് ഒച്ചയിടുന്ന ഫലം പോലും ലഭിക്കുകയില്ല എന്നാണ് സൂക്തത്തില്‍ പറയുന്നത്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല; ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരുടെമേല്‍ അതിനെ ഒരു മാലിന്യമാക്കുകയും ചെയ്തിരിക്കുന്നു എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. 7: 179 ല്‍ നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവരെ 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് ഉപമിച്ചിട്ടുള്ളതെങ്കില്‍, 62: 5 ല്‍ ഗ്രന്ഥം വഹിക്കുന്ന അക്രമികളായ ഇവരെ ഉപമിച്ചിട്ടുള്ളത് വഹിക്കുന്നത് എന്തെന്നറിയാതെ ഭാരം വഹിക്കുന്ന കഴുതകളോടാണ്. 

25: 43-44 സൂക്തങ്ങളില്‍ ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്ത ഇവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ഇല്ല എന്നും; അവര്‍ കന്നുകാലികളേക്കാള്‍ വഴിപിഴച്ചവരാണ് എന്നും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം കിട്ടിയതിനുശേഷം ആശയം പഠിക്കാന്‍ ശ്രമിക്കാതെ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ മറ്റ് ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്ന ബുദ്ധിജീവികളെന്ന് സ്വയം അഭിമാനിക്കുന്നവരും ഇക്കൂട്ടത്തിലാണ്. അദ്ദിക്ര്‍ കിട്ടിയിട്ട് മൂടിവെക്കുന്ന കാഫിറുകള്‍ ഇഹത്തില്‍ കന്നുകാലികളെപ്പോലെ തിന്ന് കുടിച്ച് സുഖിക്കുന്നവരാണ്, അവരുടെ പരലോകഭവനം നരകക്കുണ്ഠവുമാണ് എന്ന് 47: 12 ലും; നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുന്നവര്‍ അന്ധകാരത്തില്‍ കഴിഞ്ഞു കൂടുന്ന ബധിരരും ഊമകളുമാണെന്ന് 6: 39 ലും പറഞ്ഞിട്ടുണ്ട്. അവരില്‍ ചിലര്‍ നിന്നെ ശ്രദ്ധിച്ച് കേള്‍ക്കുന്നവരുണ്ട്, എന്നാല്‍ ചിന്തിക്കാത്ത ബധിരരെ നീ കേള്‍പ്പിക്കുന്നവനാണോ എന്ന് 10: 42 ലും; അവരില്‍ ചിലര്‍ നിന്നെ നോക്കുന്നവരുണ്ട്, അപ്പോള്‍ ഉള്‍ക്കാഴ്ച കാണാത്ത ഇത്തരം അന്ധരെ നീ സന്മാര്‍ഗത്തിലാക്കുമോ എന്ന് 10: 43 ലും ചോദിക്കുന്നു. 27: 80; 30: 52 എന്നീ സൂക്തങ്ങളില്‍: നിശ്ചയം മരിച്ചവരെയും വിളി കേള്‍ക്കാതെ പിന്തിരിഞ്ഞുപോകുന്ന ബധിരരെയും നീ കേള്‍പ്പിക്കുകയില്ല എന്നും; 27: 81; 30: 53 എന്നീ സൂക്തങ്ങളില്‍, നീ ഒരിക്കലും അന്ധന്മാരെ അവരുടെ വഴികേടില്‍ നിന്ന് സന്മാര്‍ഗത്തിലേക്കാക്കുന്നവനല്ല, നമ്മുടെ സൂക്തങ്ങളില്‍ വിശ്വസിച്ച് സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിക്കുന്നവരെയല്ലാതെ നീ കേള്‍പ്പിക്കുന്നവനുമല്ല എന്നും പറഞ്ഞിട്ടുണ്ട്. 43: 40 ല്‍, അപ്പോള്‍ നീ വ്യക്തമായ വഴികേടിലുള്ള ബധിരരെ കേള്‍പ്പിക്കുന്നവനും അന്ധരെ വഴികാട്ടുന്നവനുമാണോ എന്ന് ചോദിച്ചിട്ടുണ്ട്. 2: 6-7; 18: 101 വിശദീകരണം നോക്കുക.