كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ
നിങ്ങളില്‍ ഒരുത്തന് മരണം ആസന്നമായാല്‍ അവന്‍ ധനം വിട്ടുപോകുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായ രീതിയില്‍ വസ്വിയ്യത്ത് ചെയ്യല്‍ നിങ്ങളുടെമേല്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, സൂക്ഷ്മാലുക്കളുടെ മേല്‍ ഇത് ഒരു ബാധ്യതയാണ്.
സൂറ: അന്നിസാഇല്‍ അനന്തരാവകാശ നിയമം അവതരിപ്പിക്കുന്നതിനുമുമ്പ് അതരിച്ച സൂക്തമാണ് ഇത്. ധനം വിട്ടേച്ച് മരിച്ചുപോകുന്നവര്‍ മരിക്കുന്നതിന് മുമ്പുതന്നെ അവരുടെ ധനം മാതാപിതാക്കള്‍ക്കും മക്കള്‍ക്കും മറ്റുകുടുംബാംഗങ്ങള്‍ക്കും ന്യായമായ വിഹിത പ്രകാരം വസ്വിയ്യത്ത് ചെയ്യണമെന്നായിരുന്നു കല്‍പന. എന്നാല്‍ സൂറ: അന്നിസാഇല്‍ അനന്തരാവകാശനിയമം അവതരിപ്പിച്ചതോടുകൂടി ഈ സൂക്തത്തിന്‍റെ കല്‍പനയായ വസ്വിയ്യത്ത് മൂന്നിലൊന്നായി ചുരുക്കുകയും, അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല എന്ന് നിയമമാക്കുകയും ചെയ്തു. 'വസ്വിയ്യത്ത്' ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നടത്തുന്നതും അനന്തരമെടുക്കല്‍ അയാളുടെ മരണശേഷം അവകാശികള്‍ നടത്തുന്നതുമാണ്. രണ്ടും നടപ്പില്‍ വരുന്നത് അയാളുടെ മരണശേഷം മാത്രമാണ്. ഒരു വിശ്വാസി എപ്പോഴും മരണം മുന്നില്‍ കണ്ടുകൊണ്ട് നിലകൊള്ളണമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. സൂക്ഷ്മാലുക്കളുടെ മേല്‍ അത് ഒരു ബാധ്യതയാണ് എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന മറ്റൊരു സൂക്തമാണ് 2: 241.
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 2: 2 ല്‍ വിവരിച്ച പ്രകാരം അതിനെ സന്മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സൂക്ഷ്മാലുക്കള്‍. ആത്മാവിനെ പരിഗണിക്കാത്തവരും ജീവിതലക്ഷ്യമില്ലാത്തവരുമായ ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ജീവിതം കൊണ്ട് അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 2: 106-107; 4: 11-12; 5: 105-106 വിശദീകരണം നോക്കുക.