( അല്‍ ബഖറ ) 2 : 179

وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ

ഓ ബുദ്ധിയുള്ളവരേ! പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്-നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിരിക്കുകതന്നെ വേണം എന്നതിനുവേണ്ടി.

ആരാണോ കൊല നടത്തിയത് അവനെത്തന്നെയാണ് പ്രതിക്രിയയായി വധിക്കേണ്ടത്, എന്നല്ലാതെ പകരം മറ്റൊരാളെ പ്രതിക്രിയയായി വധിക്കാവുന്നതല്ല. ഇനി അബദ്ധത്തില്‍ കൊല സംഭവിക്കുകയും വധിക്കപ്പെട്ടവന്‍റെ അനന്തരാവകാശി കൊല നടത്തിയവന് പ്രതിക്രിയ മാപ്പാക്കിക്കൊടുക്കുകയുമാണെങ്കില്‍ ന്യായമായ രീതിയിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടതാണ്. അത് അവന്‍ ഏറ്റവും നല്ല നിലക്ക് അനന്തരാവകാശികള്‍ക്ക് കൊടുത്തുവീട്ടുകയും വേണം. ഉടമയായ നാഥനില്‍ നിന്നുള്ള ഈ കാരുണ്യവും ലഘൂകരണവും അവഗണിച്ച് പ്രതിക്രിയക്ക് പകരം കൂടുതല്‍ ആളുകളെ കൊല്ലുകയോ ദാരുണമായ രീതിയില്‍ പ്രതിക്രിയ നടത്തുകയോ നഷ്ടപരിഹാരം നിശ്ചയിച്ച് അത് കൊടുക്കാതിരിക്കുകയോ നഷ്ടപരിഹാരം സ്വീകരിച്ച ശേഷവും പ്രതിക്രിയ നടത്തുകയോ ചെയ്താല്‍ അവര്‍ അതിക്രമകാരികളാണ്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത്. 17: 33 ല്‍, അല്ലാഹു കൊല്ലല്‍ നിഷിദ്ധമാക്കിയിട്ടുള്ള ഒരു ആത്മാവിനെയും നിങ്ങള്‍ ന്യായമായിക്കൊണ്ടല്ലാതെ വധിക്കരുത്, ആരെങ്കിലും അക്രമപരമായി കൊല ചെയ്യപ്പെട്ടാല്‍ അവന്‍റെ രക്ഷാധികാരിക്ക് പ്രതിക്രിയ നടപ്പിലാക്കുവാന്‍ നാം അധികാരം നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവന്‍റെ അനന്തരാവകാശികളുടെ ഇംഗിതം ആരാഞ്ഞിട്ടാണ് ഭരണാധികാരി പ്രതിക്രിയ നടപ്പാക്കുകയോ നഷ്ടപരിഹാരം നല്‍കി പ്രതിക്രിയ ഒഴിവാക്കുകയോ ചെയ്യേണ്ടത്.

ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ അബദ്ധത്തിലല്ലാതെ വധിക്കുകയില്ല, ഇനി അ ബദ്ധത്തില്‍ വധിച്ചാല്‍ വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും വധിക്കപ്പെട്ടവ ന്‍റെ കുടുംബാംഗങ്ങള്‍ വിട്ടുവീഴ്ച ചെയ്തുകൊടുത്തിട്ടില്ലെങ്കില്‍ നല്ല നിലക്കുള്ള നഷ്ടപരിഹാരം നല്‍കുകയും വേണം എന്ന് 4: 92 ലും; കരുതിക്കൂട്ടി ഒരു വിശ്വാസിയെ ആരെ ങ്കിലും കൊന്നാല്‍ അവന്‍റെ പ്രതിഫലം നരകക്കുണ്ഠമാണ്, അതില്‍ അവന്‍ ശാശ്വതനു മാണ്, അവന്‍റെ മേല്‍ അല്ലാഹുവിന്‍റെ കോപവും ശാപവും ഉണ്ട്, അവന് വമ്പിച്ച ശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട് എന്ന് 4: 93 ലും പറഞ്ഞിട്ടുണ്ട്. ആദം സന്താനമായ ഖാബീല്‍, സ ഹോദരന്‍ ഹാബീലിനെ മനസ്സറിഞ്ഞ് കരുതിക്കൂട്ടി വധിച്ചതിനാല്‍ ലോകത്ത് നടക്കുന്ന എല്ലാ കൊലപാതകങ്ങളുടെയും ശിക്ഷയുടെ ഒരു വിഹിതം ഖാബീലിനുണ്ടെന്ന് പ്രപ ഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും ഒരാള്‍ പ്രതിക്രിയയായിക്കൊണ്ടല്ലാതെ അല്ലെങ്കില്‍ ഭൂമിയില്‍ നാശമുണ്ടാക്കിയതിനല്ലാതെ ഒരു ആത്മാവിനെ വധിക്കുകയാണെങ്കില്‍ അവന്‍ മൊത്തം മനുഷ്യരെ വധിച്ചതുപോലെയാണെന്നും, ആരെങ്കിലും ഒരു ആത്മാവിനെ ജീവിപ്പിച്ചാല്‍ മൊത്തം മനുഷ്യരെ ജീവിപ്പിച്ചതുപോലെ യാണെന്നും 5: 32 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ അടുക്കല്‍ ഓരോ ആത്മാവും പവി ത്രമാണ്. ആത്മാവും ജീവനും കൂടിയ റൂഹ് അല്ലാഹുവിന്‍റെ റൂഹിന്‍റെ ഭാഗമായതിനാല്‍ റൂഹിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്ന 'വധം' അല്ലാഹുവിനെത്തന്നെ വധിക്കുന്നതിന് തുല്യമാണ്. അത് അനുവദിച്ചാല്‍ വധത്തില്‍ അതിരുകവിയുകയും ഭൂമിയില്‍ ര ക്തം ചിന്തുകയും ഭൂമിയുടെ നാശത്തിനു തന്നെ കാരണമാവുകയും ചെയ്യും. അപ്പോള്‍ ഭൂമിയെ അതിന്‍റെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്താനും ശാന്തിയും സമാധാനവുമുള്ള പ്രകൃതി ജീവിതം നയിക്കാനും വധത്തിന് പ്രതിക്രിയ നടപ്പിലാക്കുന്നത് നിര്‍ബന്ധമാണെന്ന് ബുദ്ധിമാന്മാര്‍ക്ക് മനസ്സിലാകും. സ്രഷ്ടാവിനെ തിരിച്ചറിഞ്ഞവരും മനുഷ്യര്‍ ആരാണെന്നും ഭൂമിയില്‍ അവര്‍ക്കുള്ള സ്ഥാനമെന്താണെന്നും ജീവിതലക്ഷ്യമെന്താണെന്നും തിരിച്ചറിഞ്ഞവരാണ് ഈ ബുദ്ധിമാന്മാര്‍. 2: 44-45, 112; 7: 205-206 വിശദീകരണം നോക്കുക.