( അല്‍ ബഖറ ) 2 : 186

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

എന്നെക്കുറിച്ച് എന്‍റെ അടിമകള്‍ നിന്നോട് ചോദിച്ചാല്‍ അപ്പോള്‍ നിശ്ചയം ഞാന്‍ അവരുടെ സമീപത്ത് തന്നെയുണ്ട്, വിളിക്കുന്നവന്‍റെ വിളിക്ക് ഞാനാണ് ഉത്തരം നല്‍കുന്നത്, അപ്പോള്‍ അവര്‍ എന്‍റെ വിളിക്ക് ഉത്തരം നല്‍കട്ടെ, അവര്‍ എന്നില്‍ (വിശ്വസിക്കേണ്ടവിധം) വിശ്വസിക്കുകയും ചെയ്യട്ടെ-അവര്‍ തന്‍റേട ത്തോടെ മുന്നോട്ട് പോകുന്നവരാകുന്നതിനുവേണ്ടി.

ഞാന്‍, നീ എന്നെല്ലാം പറയുന്നത് ആത്മാവിനെയാണ്. ആത്മാവാകട്ടെ ആയിരം സമുദായങ്ങളില്‍ പെട്ട എല്ലാ ജീവികള്‍ക്കും നാഥന്‍റേതുതന്നെയാണ്. അതില്‍ മനുഷ്യന് മാത്രമാണ് വിശേഷബുദ്ധി നല്‍കപ്പെട്ടിട്ടുള്ളത് എന്നും അവനെ മാത്രമാണ് അല്ലാഹുവിന്‍റെ പ്രതിനിധിയായി നിശ്ചയിച്ചിട്ടുള്ളത് എന്നുമുള്ള പ്രത്യേകതയാണുള്ളത്. പ്രസ്തുത ബോധമുള്ള വിശ്വാസി 'ഞങ്ങളെ ഒറ്റ ആത്മാവില്‍ നിന്ന് ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ ബീജത്തില്‍ നിന്നും സൃഷ്ടിച്ച ഒരുവന്‍ അതീവപരിശുദ്ധനാണ്' എന്ന് നാഥനെ ആത്മാവുകൊണ്ട് വാഴ്ത്തുന്നതും ആ ബോധത്തില്‍ എവിടെയും നിലകൊള്ളുന്നതുമാണ്. 50: 16 ല്‍, മനുഷ്യനില്‍ നാഥന്‍ അവന്‍റെ ജീവനാഡിയെക്കാള്‍ അടുത്താണ് ഉള്ളതെന്നും; 8: 24 ല്‍, വിശ്വാസികളേ! നിങ്ങള്‍ അറിഞ്ഞിരിക്കുക, നിശ്ചയം അല്ലാഹു വ്യക്തിയുടെയും അവന്‍റെ ഹൃദയത്തിന്‍റെയും ഇടയിലാണ് ഉള്ളത് എന്നും; 57: 4 ലും 58: 7 ലും നിങ്ങള്‍ എവിടെയാണെങ്കിലും അവന്‍ നിങ്ങളോടൊപ്പമുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ചവര്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ നാഥനെ കണ്ടുകൊണ്ട് വിശ്വാസിയായി മരണപ്പെടുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ 4: 118 ല്‍ വിവരിച്ച പ്രകാരം പിശാച് പാട്ടിലാക്കിയിരിക്കുന്നതിനാല്‍ അവരുടെ ഹൃദയത്തില്‍ പിശാചാണ് കുടികൊള്ളുന്നത്.

ഇലാഹായി അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ എന്ന് അംഗീകരിക്കുന്നവരാണ് വിശ്വാസികള്‍. സ്ഥായിയായ ഉത്തരം നല്‍കുന്ന അല്ലാഹുവിനെ മാത്രമേ അവര്‍ വിളിക്കുകയുള്ളൂ. 'അപ്പോള്‍ അവര്‍ എന്‍റെ വിളിക്ക് ഉത്തരം നല്‍കട്ടെ, അവര്‍ എന്നില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കുകയും ചെയ്യട്ടെ' എന്ന് പറഞ്ഞതിനാല്‍ വിളിക്ക് ഉത്തരം ലഭിക്കാന്‍ രണ്ട് ഉപാധികള്‍ വെച്ചിട്ടുണ്ട്: (1) നാഥന്‍റെ വിളിക്ക് ഉത്തരം നല്‍കുക (2) നാഥനില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കുക. നാഥന്‍റെ വിളിക്ക് ഉത്തരം നല്‍കുക എന്നുപറഞ്ഞാല്‍ 2: 2 ല്‍ വിവരിച്ച പ്രകാരം അവനില്‍ നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റുക എന്നാണ്. നാഥനില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കലാണ്. അത്തരം വിശ്വാസിക്ക് മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയും അവരുടെ കര്‍മങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുമുള്ളൂ എന്ന് ഈ സൂക്തത്തിലും; നാഥന്‍റെ സൂക്തങ്ങളെ മൂടിവെക്കുകയും അവനെ കണ്ടുമുട്ടണമെന്ന ബോധമില്ലാതെ ജീവിക്കുകയും ചെയ്യുന്ന കാഫിറുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയി എന്ന് 18: 103-106; 25: 23; 47: 8-9 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെയല്ല എന്ന് 13: 14 ലും 40: 50 ലും പറഞ്ഞിട്ടുണ്ട്. 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ആരാണോ അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ച് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്‍പിക്കുന്നത്, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ 7: 8-9 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രാസായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിധി കല്‍പിക്കുന്ന ദിവസം തൂക്കം ലഭിക്കുകയുള്ളൂ. ഗ്രന്ഥം കിട്ടുന്നതിനുമുമ്പ് തെറ്റുകുറ്റങ്ങളില്‍ മുഴുകി ആത്മാവിനോട് അക്രമം കാണിച്ച് ജീവിക്കുന്നവരോട് 39: 53 ല്‍, 'നിങ്ങള്‍ നാഥന്‍റെ കാരുണ്യത്തില്‍ ആശയറ്റവരാകരുത്, നാഥന്‍ തെറ്റുകുറ്റങ്ങളെല്ലാം ഒറ്റയടിക്ക് പൊറുത്തുതരുന്ന ഏറെ കാരുണ്യവാനാണ്' എന്ന് പറഞ്ഞശേഷം 39: 54-55 സൂക്തങ്ങളില്‍, അതിന് രണ്ട് ഉപാധികളായി 'നിങ്ങള്‍ ആത്മാവുകൊണ്ട് നാഥനിലേക്ക് തിരിഞ്ഞ് സര്‍വ്വതും നാഥന് സമര്‍പ്പിക്കുക' എന്നും, 'ഏറ്റവും നല്ലത് -അദ്ദിക്ര്‍- പിന്‍പറ്റുക' എന്നും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനെ എല്ലായ്പ്പോഴും സ്മരിച്ച് നിലകൊള്ളുന്നവനാണ് 3: 190-191 സൂക്തങ്ങളില്‍ പറഞ്ഞ ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി.

ആരാണോ അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുകയും ചെയ്തത്, അപ്പോള്‍ അവന്‍റെ കാര്യങ്ങള്‍ നാം എളുപ്പമാക്കിക്കൊടുക്കും എന്ന് 92: 5-7 സൂക്തങ്ങളിലും; ആരാണോ പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും നല്ലതായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുകയും ചെയ്തത്, അവന്‍റെ എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കിക്കൊടുക്കുമെന്ന് 92: 8-10 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് കൊണ്ടും അതിനോട് അഹങ്കാരം നടിച്ച് കൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകളോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് മരണസമയത്ത് നാഥന്‍ പറയുമെന്ന് 39: 58-59 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 256; 3: 79-80; 7: 146-147 വിശദീകരണം നോക്കുക.