وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنْتُمْ تَعْلَمُونَ
നിങ്ങള്‍ പരസ്പരം നിങ്ങളുടെ ധനം അവിഹിതമായി തിന്നുകയുമരുത്, കുറ്റകരമായി ജനങ്ങളുടെ ധനത്തില്‍ നിന്ന് ഒരു ഭാഗം തിന്നുന്നതിനുവേണ്ടി വാദിച്ചുകൊണ്ട് നിങ്ങള്‍ വിധികര്‍ത്താക്കളെ സമീപിക്കുകയുമരുത് -നിങ്ങള്‍ അറിവുള്ളവരായിരിക്കെ.
4: 29 ല്‍ വിശ്വാസികളെ വിളിച്ച്: പരസ്പരം മനസ്സുകൊണ്ട് തൃപ്തിപ്പെട്ട കച്ചവടത്തിലൂടെയല്ലാതെ നിങ്ങള്‍ നിങ്ങളുടെ ധനം പരസ്പരം അവിഹിതമായി തിന്നരുത്, നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുകയുമരുത് എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്കിടയില്‍ അന്യായമായി ധനം തിന്നുന്ന സാഹചര്യമുണ്ടായാല്‍ വിരോധവും വിദ്വേഷവും വളരുകയും കൊലയും രക്തം ചിന്തലും നാശവും വര്‍ദ്ധിക്കുകയും ചെയ്യും. കള്ളക്കേസുകളുമായി കോടതിയെ സമീപിക്കരുത്, കോടതിയില്‍ നിന്ന് അവരവര്‍ക്ക് അനുകൂലമായ വിധി ലഭിക്കുന്നതിന് വേണ്ടി കൈക്കൂലി കൊടുക്കരുത്, കൈക്കൂലി വാങ്ങരുത്, കളവ് പറയരുത്, കള്ളസാക്ഷ്യം വഹിക്കരുത് എന്നെല്ലാമാണ് സൂക്തം പഠിപ്പിക്കുന്നത്; മാത്രമല്ല, പലിശ, ചൂതാട്ടം, കള്ള് തുടങ്ങിയ പൈശാചിക വൃത്തികളിലൂടെയും കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മായം ചേര്‍ക്കല്‍, കുഴല്‍പ്പണം, ആളുകളുടെ അറിവില്ലായ്മ ചൂഷണം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികളിലൂടെ സമ്പാദിക്കുന്നതെല്ലാം അവിഹിതവും അത് തങ്ങളുടെ കുടുംബാംഗങ്ങളെ തീറ്റാന്‍ പാടില്ലാത്തതുമാണെന്നും ഈ സൂക്തം പഠിപ്പിക്കുന്നു.
എന്നാല്‍ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാനുള്ള ഉരക്കല്ലായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആത്മാവില്ലാതെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 5: 100 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെ ശുദ്ധീകരിക്കാതെ അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നവരും അതുവഴി സ്വന്തത്തെയും കുടുംബാംഗങ്ങളെയും നിഷിദ്ധം ഭക്ഷിപ്പിക്കുന്നവരുമാണ്. നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അവര്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്പാടുകള് പിന്‍പറ്റുന്നവരാണ്. 2: 172-174; 5: 90-91; 7: 157; 52: 26-27 വിശദീകരണം നോക്കുക.