( അല്‍ ബഖറ ) 2 : 187

أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ ۗ عَلِمَ اللَّهُ أَنَّكُمْ كُنْتُمْ تَخْتَانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ ۖ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ۚ وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ

നോമ്പുകാല രാത്രികളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്ത്രീകളുമായി സംസര്‍ഗത്തിലേര്‍പ്പെടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു, അവര്‍ നിങ്ങളുടെ വസ്ത്രവും നിങ്ങള്‍ അവരുടെ വസ്ത്രവുമാകുന്നു, നിശ്ചയം നിങ്ങള്‍ സ്വന്തത്തെ വഞ്ചിച്ചു കൊണ്ടിരുന്നത് അല്ലാഹു അറിഞ്ഞിട്ടുണ്ട്, അപ്പോള്‍ അവന്‍ നിങ്ങളുടെമേല്‍ മടങ്ങുകയും നിങ്ങളെത്തൊട്ട് വിടുതി ചെയ്യുകയും ചെയ്തിരിക്കുന്നു, അതുകൊണ്ട് ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവരുമായി സംസര്‍ഗത്തിലേര്‍പ്പെട്ടുകൊള്ളുക, അല്ലാഹു അതുവഴി നിങ്ങള്‍ക്ക് രേഖപ്പെടുത്തിയത് നിങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക, പ്രഭാതത്തില്‍ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ നിങ്ങള്‍ക്ക് വ്യക്തമാകുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, പിന്നീട് നിങ്ങള്‍ രാത്രിയാകുന്നതുവരെ നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യുക, പള്ളികളില്‍ നിങ്ങള്‍ ഭജനമിരിക്കുമ്പോള്‍ നിങ്ങള്‍ അവരുമായി സംസര്‍ഗത്തിലേര്‍പ്പെടരുത്, ഇതെല്ലാം അല്ലാഹു നിശ്ചയിച്ച അതിരുകളാകുന്നു, അപ്പോള്‍ അതുകൊള്ളെ നിങ്ങള്‍ അടുക്കുക പോലും ചെയ്യരുത്, അപ്രകാരം അല്ലാഹു അവന്‍റെ സൂക്തങ്ങളെ മനുഷ്യര്‍ക്കുവേണ്ടി വ്യക്തമാക്കിക്കൊടുക്കുന്നു -അവര്‍ സൂക്ഷ്മതയുള്ളവര്‍ ആകുന്നതിന് വേണ്ടി.

ജാഹിലിയ്യാകാലത്ത് സ്ത്രീകളും പുരുഷന്മാരും നഗ്നരായിട്ടാണ് കഅ്ബ പ്രദക്ഷിണം ചെയ്തിരുന്നത്, എന്നാല്‍ അവര്‍ രാത്രിയില്‍ ഇരുട്ടായ കിടപ്പറയില്‍ ഓരോരുത്തരും പൂര്‍ണ്ണമായി മറച്ചിട്ടാണ് കിടന്നിരുന്നത്. ആണിന് പെണ്ണിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവരുടെ പുതപ്പ് അല്‍പ്പം നീക്കി അല്ലാഹു കാണും എന്ന ഭയത്തില്‍ ഒളിച്ചായിരുന്നു സംസാരിച്ചിരുന്നത്. 11: 5 ല്‍ അവരുടെ ഈ സ്വഭാവത്തെ ഖണ്ഡിച്ചുകൊണ്ട്, നിശ്ചയം അവര്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് മാറിടങ്ങള്‍ വെളിവാക്കാന്‍ മടിച്ച് വസ്ത്രം കൊണ്ട് മൂടുമ്പോഴും മാത്രല്ല, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും എല്ലാം അല്ലാഹു അറിയുന്നു, നിശ്ചയം അവന്‍ നെഞ്ചുകളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. കിടപ്പറയില്‍ ആണും പെണ്ണും ഒരേ വസ്ത്രത്തിനുള്ളില്‍ കിടക്കുന്നത് അല്ലാഹു അനുവദിച്ചിട്ടുള്ളതാണെന്നും പൂര്‍ണ നഗ്നരായിരിക്കാന്‍ അനുവദിക്കപ്പെട്ട മൂന്ന് സമയങ്ങളില്‍ വസ്ത്രം അഴിച്ചുവെക്കല്‍ അവര്‍ക്ക് അനുവദനീയമാണെന്നും 24: 58 ലൂടെ അല്ലാഹു വിശ്വാസികളെ പഠിപ്പിച്ചിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനുള്ള ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ് അദ്ദിക്ര്‍. എന്നാല്‍ ആത്മാവിനെ പരിഗണിക്കാത്തതുകാരണം ഫുജ്ജാറുകള്‍ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കുകയില്ല. അതുവഴി അവര്‍ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരാണ്. 4: 142-143 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നിര്‍വഹിക്കുന്ന നമസ്കാരങ്ങളില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് കര്‍മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 4: 23 ല്‍ വിവരിച്ച പ്രകാരം വല്ലവനും ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തെ നോക്കിയാല്‍ അവന് അവളുടെ മാതാവിനെയും മകളെയും വിവാഹം ചെയ്യല്‍ നിഷിദ്ധമായിക്കഴിഞ്ഞു എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പഠിപ്പിച്ചതിന്‍റെ പിന്നിലുള്ള യുക്തി പുരുഷന്‍ സ്വന്തം ഭാര്യയുടെ യോനി ശരിക്കും കാണണമെന്നും അതുവഴി എല്ലാ സ്ത്രീകള്‍ക്കും തന്‍റെ ഭാര്യയുടേതുപോലെയുള്ള ലൈംഗികാവയവമാണ് ഉള്ളതെന്ന് മനസ്സിലാക്കി അതുകൊണ്ട് മറ്റ് സ്ത്രീകളുടെ യോനി കാണാന്‍ ഒരിക്കലും ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യരുത് എന്നുമാണ്. 10: 61 വിശദീകരണം നോക്കുക. 

റമളാനിന്‍റെ രാവുകളില്‍ സ്ത്രീസംസര്‍ഗം നിഷിദ്ധമാണെന്ന് സ്വയം കരുതുകയും എന്നാല്‍ ഇരുട്ടില്‍ അല്ലാഹു കാണുന്നില്ല എന്ന വികലമായ ധാരണ വെച്ചുപുലര്‍ത്തിക്കൊണ്ട് ആത്മനിയന്ത്രണം കൈവിട്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതിനെക്കുറിച്ചാണ് 'നിങ്ങള്‍ നിങ്ങളെ സ്വയം വഞ്ചിച്ചത് അല്ലാഹു അറിഞ്ഞിട്ടുണ്ട്' എന്ന് പറഞ്ഞത്. റമളാനിന്‍റെ രാവുകളില്‍ തീറ്റയും കുടിയും ലൈംഗികബന്ധവുമെല്ലാം മറ്റ് സമയങ്ങളെപ്പോലെ അനുവദിച്ചിട്ടുണ്ടെന്നും റമളാനിന്‍റെ പകലില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ മാത്രമേ ഇതെല്ലാം നിഷിദ്ധമാക്കിയിട്ടുള്ളൂ എന്നുമാണ് സൂക്തത്തിലൂടെ പഠിപ്പിക്കുന്നത്.

സമയമറിയുന്നതിന് വാച്ച്, ക്ലോക്ക് തുടങ്ങിയ ഉപകരണങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടാകുമെന്നറിയാവുന്ന ത്രികാലജ്ഞാനിയായ അല്ലാഹു തന്നെ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാകുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക എന്ന് പറഞ്ഞതുകൊണ്ട് ബാങ്ക് വിളിച്ചയുടനെ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് നിര്‍ത്തി വ്രതത്തില്‍ പ്രവേശിക്കേണ്ടതില്ല എന്നും, മറിച്ച് പ്രഭാതം വിടരുന്നതുവരെ ആവശ്യത്തിനു വേണ്ട ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാമെന്നുമാണ് മനസ്സിലാക്കേണ്ടത്. രണ്ടാമത്തെ ബാങ്ക് (ഇഖാമത്ത്) കൊടുക്കുന്നതുവരെ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെയും പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് മറ്റുള്ള മേഖലകളിലെല്ലാം വ്യതിചലിച്ചതുപോലെത്തന്നെ ബാങ്ക് വിളിച്ചയുടനെ ഭക്ഷണ പാനീയങ്ങള്‍ അവസാനിപ്പിച്ച് വ്രതത്തില്‍ പ്രവേശിക്കുന്നവരാണ് ഭൂരിപക്ഷം ഫുജ്ജാറുകളും. 22: 11 ല്‍, അല്ലാഹുവിനെ ഒരു വരയില്‍ നിന്ന് സേവിക്കുന്നവര്‍ ജനങ്ങളിലുണ്ട് എന്ന് അല്ലാഹു വിമര്‍ശിച്ച് പറഞ്ഞ കൂട്ടത്തിലാണ് അവര്‍ ഉള്‍പ്പെടുക.

നിങ്ങള്‍ക്ക് അല്ലാഹു അവരില്‍ രേഖപ്പെടുത്തിയത് അന്വേഷിക്കുക എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം വികാരം അല്ലാഹു മനുഷ്യന് നല്‍കിയതാണെന്നും അത് ശമിപ്പിക്കാനുള്ള മാര്‍ഗവും അവന്‍ തന്നെയാണ് നല്‍കിയതെന്നും അത് ശമിപ്പിക്കുന്നത് അവന്‍റെ തൃപ്തിയിലും അവന്‍ കാണുന്നുണ്ടെന്ന ബോധത്തിലുമായിരിക്കണം എന്നുമാണ്. ദൈവസ്മരണയില്‍ ആത്മാവും ആത്മാവും ഒന്നായിച്ചേരുന്ന (ഇണചേരുന്ന) പ്രവൃത്തിയാണ് ഇസ്ലാമില്‍ ഏറ്റവും വലിയ ഇബാദത്ത്. ലൈംഗികബന്ധം സജ്ജനങ്ങളായ സന്താനോല്‍പാദനത്തിനുവേണ്ടിയുള്ളതുകൂടി ആയതുകൊണ്ട് ആ ഉദ്ദേശ്യവും ഇതിന്‍റെ വിവക്ഷയില്‍ വരുന്നുണ്ട്. 2: 223 ല്‍, നിങ്ങള്‍ 'നിങ്ങള്‍ക്കുവേണ്ടി മുന്‍കൂട്ടി ഒരുക്കിവെക്കുക' എന്ന് പറഞ്ഞതും ദൈവസ്മരണയില്‍ നിലകൊള്ളുന്ന സജ്ജനങ്ങളായ സന്താനോല്‍പാദനം നടത്തുക എന്ന ഉദ്ദേശ്യത്തിലാണ്. എന്നാല്‍ മാത്രമേ പിന്‍ഗാമികളില്‍ നിന്ന് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന സജ്ജനങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഏതൊരു പ്രവൃത്തിയും അല്ലാഹുവിന്‍റെ നാമത്തിലാണ് ആരംഭിക്കേണ്ടത് എന്നതിനാല്‍ ഇണ ചേരുമ്പോള്‍ അല്ലാഹുവിന്‍റെ നാമത്തില്‍, 'അല്ലാഹുവേ, ഞങ്ങളെത്തൊട്ടും ഞങ്ങള്‍ക്ക് ഈ പ്രവൃത്തിയിലൂടെ നല്‍കുന്നതിനെത്തൊട്ടും പിശാചിനെ (ഇടപെടാനനുവദിക്കാതെ) അകറ്റേണമേ' എന്ന് ആണും പെണ്ണും പ്രത്യേകം ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 222 വിശദീകരണം നോക്കുക. 4: 119 ല്‍, ഞാന്‍ അവരുടെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുമെന്ന് പിശാച് പറഞ്ഞതിന്‍റെ വിവക്ഷയില്‍ സന്താനോല്‍പാദനത്തെ തടയലും ഉള്‍പ്പെടുന്നതാണ്. എന്നാല്‍ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്ര്‍ കടിച്ചുപിടിച്ച് നിലകൊള്ളാനാണ് ഒറ്റപ്പെട്ട വിശ്വാസിയോട് കല്‍പിച്ചിട്ടുള്ളത് എന്നതിനാല്‍ ഇന്ന് വിവാഹമോ സന്താനോല്‍പാദനമോ ഇല്ല. 66: 11-12 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിശ്വാസികള്‍ മര്‍യം, ആസ്യ എന്നിവരെ മാതൃകയായി സ്വീകരിക്കേണ്ട കാലഘട്ടമാണിത്. 43: 60; 57: 27 വിശദീകരണം നോക്കുക. മനുഷ്യര്‍ സൂക്ഷ്മതയുള്ളവരായി മാറുന്നതിനുവേണ്ടിയാണ് ഇത്തരം സൂക്തങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ മാനുഷികഐക്യവും ശാന്തിയും നിലനിര്‍ത്തുക എന്ന ലക്ഷ്യം വെച്ച് മൊത്തം മനുഷ്യര്‍ക്ക് ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. 4: 1, 23; 7: 189; 30: 21 വിശദീകരണം നോക്കുക.