يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِأَنْ تَأْتُوا الْبُيُوتَ مِنْ ظُهُورِهَا وَلَٰكِنَّ الْبِرَّ مَنِ اتَّقَىٰ ۗ وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ
ചന്ദ്രോദയത്തെക്കുറിച്ച് (ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച്) അവര്‍ നിന്നോട് ചോദിക്കുന്നു; നീ പറയുക: അത് ജനങ്ങള്‍ക്ക് സമയം നിര്‍ണ്ണയിക്കുന്നതിനും ഹജ്ജിനുമുള്ളതാകുന്നു, നിങ്ങള്‍ വീടുകളില്‍ അതിന്‍റെ പിറകിലൂടെ പ്രവേശിക്കുന്നതില്‍ പുണ്യമൊന്നുമില്ല, എന്നാല്‍ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കലാണ് പുണ്യം, നിങ്ങള്‍ വീടുകളില്‍ അതിന്‍റെ യഥാര്‍ത്ഥ വാതിലുകളിലൂടെത്തന്നെ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക -നിങ്ങള്‍ വിജയികളാവുക തന്നെ വേണം എന്നതിനുവേണ്ടി.
ജാഹിലിയ്യാകാലത്തെ വിവിധ അന്ധവിശ്വാസങ്ങളുടെ കൂട്ടത്തില്‍ ഹജ്ജ് മാസം പിറന്നാല്‍ ജനങ്ങള്‍ മാസപ്പിറവി കാണാതിരിക്കാന്‍ തങ്ങളുടെ വീടുകളില്‍ പ്രവേശിച്ചിരുന്നത് പുറകിലൂടെ ചുമരുകള്‍ തുരന്നോ അല്ലെങ്കില്‍ കിളിവാതിലിലൂടെയോ ആയിരുന്നു. ചന്ദ്രോദയം കണ്ട് ഹജ്ജിന്‍റെ സമയം മനസ്സിലാക്കിയശേഷം ഹജ്ജിന് പങ്കെടുക്കാതിരുന്നാലുള്ള മനഃസാക്ഷിക്കുത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്. ആകാശഭൂമികളിലും നിങ്ങളിലും സംഭവിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ളതാണെന്നും അതെല്ലാം ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും ഉടമ എന്ന് 55: 17 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ സൂര്യനും ചന്ദ്രനും ഭൂമിയുടെ രണ്ട് അര്‍ദ്ധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നുവെന്നാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ മരണസമയത്ത് ഓരോരുത്തരും ജിന്നുകൂട്ടുകാരനോട്: നിനക്കും എനിക്കുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ വഴിദൂരമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, നീ എത്ര ദുഷിച്ച കൂട്ടുകാരന്‍ എന്ന് പറയുമെന്ന് 43: 38 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ചയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് പറഞ്ഞത് ലോകത്ത് എവിടെയും ഒരു ദിവസത്തിന്‍റെ വ്യത്യാസമില്ല, മറിച്ച് രാവിന്‍റേയോ പകലിന്‍റേയോ വ്യത്യാസം മാത്രമേയുള്ളൂ എന്നതിനാലാണ്. അതുകൊണ്ട് ഭൂമിയുടെ കേന്ദ്രവും ഖിബ്ലയുമായ മക്കയില്‍ എന്നാണോ ചന്ദ്രപ്പിറവി, അതനുസരിച്ച് ലോകം മുഴുവന്‍ പിന്‍പറ്റുകയാണ് വേണ്ടത്. അതിന് ഉചിതമായ രീതിയിലാണ് ത്രികാലജ്ഞാനിയായ നാഥന്‍ നാടുകളുടെ കേന്ദ്രവും മനുഷ്യര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ആദ്യ ആരാധനാലയമായ കഅ്ബ സ്ഥിതി ചെയ്യുന്നതുമായ മക്കയെ സംവിധാനിച്ചിട്ടുള്ളത്.
വീടുകളുടെ യഥാര്‍ത്ഥ വാതിലുകളിലൂടെ പ്രവേശിക്കുക എന്നുപറഞ്ഞാല്‍ എല്ലാ വിഷയങ്ങളിലും തുറന്ന സമീപനം കൈക്കൊള്ളുക, വളവും ഒളിവും തിരിവും ഒന്നുമില്ലാതെ അല്ലാഹുവിനെ കണ്ടുകൊണ്ട് അഥവാ അല്ലാഹു കാണുന്നുണ്ട് എന്ന ബോധത്തില്‍ പ്രകാശമായ അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ചരിക്കുക എന്നാണ്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച ലോകത്തെങ്ങുമുള്ള കെട്ടജനതക്ക് ലോകത്തെവിടെയുമുള്ള രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ ഒരുദിവസത്തിന്‍റെ മാറ്റമില്ല എന്ന പ്രാഥമിക അറിവുപോലുമില്ലാത്തതിനാല്‍ അവര്‍ നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ മൂന്നോ നാലോ വ്യത്യസ്ത ദിനങ്ങളിലായി വിവിധ നാടുകളില്‍ ചന്ദ്രോദയം ദര്‍ശിക്കുന്നതിനനുസരിച്ച് നടത്തുന്ന മുശ്രിക്കുകളാണ്.
9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠാഗ്നി വാഗ്ദാനം ചെയ്യപ്പെട്ട കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നാഥനെ വിസ്മരിച്ചവരുമാണ്. അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്ന അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരായതിനാല്‍ ആത്മാവിനെ പരിഗണിക്കാത്തവരും നാഥന്‍റെ ഭൂമിയിലെ ആദ്യവീടായ കഅ്ബയെ ഖിബ്ലയായി അംഗീകരിക്കാത്തവരും, 38: 24 ല്‍ വിവരിച്ച പ്രകാരം പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ഖിബ്ലയായി -ശ്രദ്ധാകേന്ദ്രമായി- സ്വീകരിക്കുന്നവരാണ്. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ പ്രഖ്യാപനമുണ്ടാകുന്നതോടെ മാലിന്യമായ അവര്‍ അവിടെനിന്നും പുറത്താക്കപ്പെടുന്നതും ദൈവസ്മരണയില്‍ നിലകൊള്ളുന്ന മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് അവിടേക്ക് പ്രവേശനം നല്‍കപ്പെടുന്നതുമാണ്. അതോടുകൂടി ഇജാസിന് പുറത്ത് ജീവിക്കുന്ന മാലിന്യമായ ഫുജ്ജാറുകള്‍ക്ക് ഇജാസിലേക്ക് പ്രവേശനം വിലക്കുന്നതാണ്. 3: 130, 200; 5: 35, 90, 100; 7: 69; 8: 45; 22: 77; 24: 31; 63: 10 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നതും 'നിങ്ങള്‍ വിജയികളാവുക തന്നെ വേണം' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 1-5, 177; 4: 150-151 വിശദീകരണം നോക്കുക.