( അല്‍ ബഖറ ) 2 : 210

هَلْ يَنْظُرُونَ إِلَّا أَنْ يَأْتِيَهُمُ اللَّهُ فِي ظُلَلٍ مِنَ الْغَمَامِ وَالْمَلَائِكَةُ وَقُضِيَ الْأَمْرُ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ

മേഘക്കുടയും ചൂടി മലക്കുകളുടെ അകമ്പടിയോടെ അല്ലാഹു അവരിലേക്ക് വന്ന് കാര്യങ്ങള്‍ നടപ്പാക്കുകയല്ലാതെ ഇനി എന്താണ് അവര്‍ കാത്തിരിക്കുന്നത്? അല്ലാഹുവിലേക്ക് തന്നെയാണ് എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്.

6: 158 ഇതേ ആശയത്തിലുള്ളതാണ്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിശ്വാസം സ്വീകരിക്കാനും അതിന്‍റെ വിധിവിലക്കുകളനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി ജീവിക്കാനും തയ്യാറാവാതെ വിവിധ വിശ്വാസങ്ങളിലും സംഘടനകളിലും അകപ്പെട്ട് ലക്ഷ്യബോധം നഷ്ടപ്പെട്ട് ജീവിക്കുന്ന ഫുജ്ജാറുകളോട് അല്ലാഹു ചോദിക്കുകയാണ്: ഇനി മരണം ആസന്നമാകുമ്പോള്‍ വിശ്വസിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്, വിശ്വസിക്കാനും സല്‍ക്കര്‍മങ്ങള്‍ ചെയ്യാനും മരണം ആസന്നമാകാന്‍ കാത്തിരിക്കുകയാണോ? പ്രകാശമായ അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് അവന്‍റെ പ്രതിനിധികളായി ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍ മരണസമയത്ത് പ്രസന്നവദനനായി നാഥനെ കാണുന്നതാണ് എന്ന് 75: 22-23; 76: 11 സൂക്തങ്ങളിലും; ഫുജ്ജാറുകള്‍ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുക വഴി നാഥനെ വിസ്മരിച്ച് ജീവിക്കുന്നതിനാല്‍ ആത്മാവിനെതിരെ അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സ്വയം സാക്ഷ്യം വഹിക്കുന്നതും പിശാചിനെ ദുഃഖത്തോടുകൂടി കണ്ടുകൊണ്ട് ജീവന്‍ വെടിയുന്നതുമാണ് എന്ന് 7: 37; 69: 49-50; 75: 24-25 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. നാഥന് സര്‍വ്വവും സമര്‍പ്പിക്കാതെയും ആത്മാവിനെ ശുദ്ധീകരിക്കാതെയും നരകക്കുണ്ഠത്തിലേക്കുള്ള ടിക്കറ്റായ മിഥ്യാഗ്രന്ഥങ്ങള്‍ (ഫുജ്ജാര്‍ കിതാബുകള്‍) പിന്‍പറ്റുന്ന കാഫിറുകള്‍ മരണസമയത്ത്, 'അല്ലാഹുവിന്‍റെ കാര്യത്തില്‍ ഞാന്‍ അശ്രദ്ധനായല്ലോ, ഞാന്‍ അദ്ദിക്റിനെ പരിഹസിക്കുന്നവനായിരുന്നല്ലോ എന്നും, അല്ലാഹു എന്നെ സന്മാര്‍ഗത്തിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ സൂക്ഷ്മാലുക്കളില്‍ പെട്ടവനാകുമായിരുന്നല്ലോ, അല്ലെങ്കില്‍ എനിക്ക് ഒരു അവസരവും കൂടി ലഭിച്ചിരുന്നെങ്കില്‍ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവനാകുമായിരുന്നല്ലോ' എന്നും പറയുമ്പോള്‍ നാഥന്‍ അവനോട്, 'അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 57-59 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 25: 21-26 സൂക്തങ്ങളില്‍, നാമുമായി കണ്ടുമുട്ടണമെന്ന് പ്രതീക്ഷിക്കാത്തവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്തുകൊണ്ട് നമ്മുടെമേല്‍ മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ നാഥനെ നാം നേരില്‍ കാണുന്നില്ല? നിശ്ചയം, അവര്‍ സ്വന്തത്തോട് അഹങ്കരിക്കുകയും വമ്പിച്ച ഗര്‍വ്വില്‍ വല്ലാതെ അതിരുകവിയുകയും ചെയ്തിരിക്കുന്നു. മലക്കുകളെ അവര്‍ കാണുന്ന ദിനം; ഇത്തരം ഭ്രാന്തന്മാര്‍ക്ക് സന്തോഷകരമായിരിക്കുകയില്ല, അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും: ഒരു കാണാത്ത കന്മതില്‍ ഉണ്ടായിരുന്നെങ്കില്‍! അവരുടെ പ്രവൃത്തികളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം നാം മുമ്പില്‍ വെച്ചുകൊടുക്കുകയും അങ്ങനെ നാം അതിനെ ചിന്നിച്ചിതറിയ പൊടിപടലങ്ങളാക്കി മാറ്റുകയും ചെയ്യും. സ്വര്‍ഗത്തിനര്‍ഹരായവര്‍ അന്നേദിനം ഉത്തമമായ വിശ്രമസ്ഥലത്തും മധ്യാഹ്നം കഴിച്ചുകൂട്ടുന്നത് എറ്റവും നല്ല നിലയിലുമായിരിക്കും. അന്ത്യനാളില്‍ മേഘങ്ങളോടുകൂടി ആകാശം പൊട്ടിപ്പിളരുകയും മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങുകയും ചെയ്യുന്നതാണ്. കാഫിറുകള്‍ക്ക് വളരെ പ്രയാസമേറിയ അന്ന് രാജാധിപത്യം യഥാര്‍ത്ഥത്തില്‍ നിഷ്പക്ഷവാന് മാത്രമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. 3: 109; 8: 44; 22: 76; 35: 4; 57: 5 തുടങ്ങിയ സൂക്തങ്ങളും 'എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്കുതന്നെയാണ് മടക്കപ്പെടുക' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 4: 17-18; 25: 17-18, 27-30; 56: 83-87 വിശദീകരണം നോക്കുക.