( അല്‍ ബഖറ ) 2 : 209

فَإِنْ زَلَلْتُمْ مِنْ بَعْدِ مَا جَاءَتْكُمُ الْبَيِّنَاتُ فَاعْلَمُوا أَنَّ اللَّهَ عَزِيزٌ حَكِيمٌ

നിങ്ങള്‍ക്ക് വ്യക്തമായ വെളിപാടുകള്‍ വന്നുകിട്ടിയ ശേഷവും നിങ്ങള്‍ തെന്നിപ്പോവുകയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അറിയുക: നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞനാകുന്നു.

'ഞാനില്ല, എന്‍റേതൊന്നുമില്ല, എല്ലാം അല്ലാഹുവിന്‍റെതാണ്' എന്ന് മനസാ-വാചാ-കര്‍മ്മണാ അംഗീകരിച്ച് സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തി, അല്ലാഹുവിന്‍റെ പ്രതിനിധികളായിക്കൊണ്ട് ജീവിക്കുകയാണ് ഇസ്ലാമില്‍ പരിപൂര്‍ണ്ണമായി പ്രവേശിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയായതിനുശേഷം അതിന്‍റെ മൊത്തം വിധിവിലക്കുകള്‍ പിന്‍പറ്റുമ്പോള്‍ മാത്രമേ പരിപൂര്‍ണ്ണമായി ഇസ്ലാമില്‍ പ്രവേശിക്കുകയുള്ളൂ. അത്തരം വിശ്വാസി 5: 44, 45, 47 സൂക്തങ്ങള്‍ പ്രകാരം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് ഇവിടെ വെച്ചുതന്നെ വിധികല്‍പിക്കുന്നതാണ്. അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമേ 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ (മുസ്ലിമായി) മരണപ്പെടുകയുള്ളൂ. അല്ലാത്ത ഫുജ്ജാറുകളെല്ലാം 7: 37 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക. 33: 35 ല്‍, നിശ്ചയം, സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വണക്കമുള്ള പുരുഷന്മാരും സ്ത്രീകളും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്മാരും സ്ത്രീകളും ക്ഷമാലുക്കളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ഭയപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും വ്രതമനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അവര്‍ക്കെല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് എന്നും; 98: 7-8 സൂക്തങ്ങളില്‍, നിശ്ചയം വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാകുന്നു കരയിലെ ഏറ്റവും ഉത്തമരായ ജീവികള്‍. അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കലുള്ള പ്രതിഫലം താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യാനുഗ്രഹ സ്വര്‍ഗപ്പൂന്തോപ്പുകളാണ്, അവര്‍ അതില്‍ എന്നെന്നും നിത്യവാസികളാണ്, അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അതുതന്നെയാണ് തന്‍റെ നാഥനെ ഭയപ്പെടുന്നവനുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 

നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ഫുജ്ജാറുകള്‍ വായിച്ച ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അവയെ അവഗണിക്കുന്നവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്? നിശ്ചയം, ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുക തന്നെ ചെയ്യും എന്നും ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. അദ്ദിക്ര്‍ നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കെ പിശാചിന്‍റെ കാല്‍പ്പാടുകള്‍ നിങ്ങള്‍ പിന്‍പറ്റരുത് എന്നും, അല്ലാഹു തൃപ്തിപ്പെട്ട ഏകമാര്‍ഗമായ ഇസ്ലാമിന്‍റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് പിശാചിന്‍റെ മാര്‍ഗമായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ മാര്‍ഗത്തിലേക്ക് പോയാല്‍ അവന്‍റെ കൂടെ നിങ്ങള്‍ നരകക്കുണ്ഠത്തില്‍ സഹവസിക്കേണ്ടി വരും എന്നുമാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സത്യപ്പെടുത്താതെ ഇവിടെ ജീവിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 17: 96-97; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 136, 168-169; 4: 136 വിശദീകരണം നോക്കുക.