( അല്‍ ബഖറ ) 2 : 214

أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ ۖ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ

നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് കഴിഞ്ഞുപോയിട്ടുള്ള അനുഭവങ്ങളൊന്നും നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടില്ലായെന്നിരിക്കെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ കണക്കുകൂട്ടുന്നുവോ? വിപത്തുകളും ദുരിതങ്ങളും അവരെ പിടികൂടി, എപ്പോഴാണ് അല്ലാഹുവിന്‍റെ സഹായം എന്ന് പ്രവാചകനും അവനോടൊപ്പമുള്ള വിശ്വാസികളും വിളിച്ചുകേഴുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു, അറിഞ്ഞിരിക്കുക: നിശ്ചയം അല്ലാഹുവിന്‍റെ സഹായം അടുത്ത് തന്നെയാണുള്ളത്.

എത്രയെത്ര നബിമാരും അവരോടൊപ്പം എത്രയെത്ര പ്രൗഢന്മാരായ അനുയായികളുമാണ് യുദ്ധം ചെയ്തിട്ടുള്ളത്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവരെ ബാധിച്ചതില്‍ അവര്‍ മനം ഇടിഞ്ഞവരായിട്ടില്ല, അവര്‍ ബലഹീനത പ്രകടിപ്പിച്ചിട്ടില്ല, അവര്‍ അസത്യത്തിന്‍റെ മുമ്പില്‍ തലകുനിച്ചിട്ടുമില്ല, അല്ലാഹുവോ ഇത്തരം ക്ഷമാശീലരെ ഇഷ്ടപ്പെടുന്നവനാകുന്നു എന്ന് 3: 146 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് പരീക്ഷണത്തിന് വിധേയമാക്കാനാണ്. പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ച് നിലകൊള്ളുന്നവര്‍ മാത്രമേ പരീക്ഷണങ്ങളില്‍ വിജയിക്കുകയുള്ളൂ. മുന്‍ഗാമികളില്‍ സംഭവിച്ചിട്ടുള്ളതുപോലെ വഹിക്കാന്‍ കഴിയാത്ത പരീക്ഷണങ്ങളൊന്നും ഞങ്ങള്‍ക്ക് നല്‍കരുതെന്ന് പ്രാര്‍ത്ഥിക്കാന്‍ 2: 285-286 സൂക്തങ്ങളിലൂടെ അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതല്ല, നിങ്ങളില്‍ നിന്ന് ആരാണ് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതെന്നും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും വിശ്വാസികളെയുമല്ലാതെ മറ്റാരെയും ആത്മമിത്രവും അഭയമരുളുന്നവനുമായി തെരഞ്ഞെടുക്കാത്തവരാരെന്നും അല്ലാഹു ഇനിയും അറിഞ്ഞിട്ടില്ല എന്നിരിക്കെ നിങ്ങള്‍ വെറുതെയങ്ങ് വിട്ടയക്കപ്പെടുമെന്ന് കണക്കുകൂട്ടുന്നുവോ എന്ന് 9: 16 ലും; നിങ്ങളില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നതെന്നും ആരാണ് അവന്‍റെ മാര്‍ഗത്തില്‍ ക്ഷമ കൈക്കൊള്ളുന്നതെന്നും അല്ലാഹു ഇനിയും അറിഞ്ഞ് കഴിഞ്ഞിട്ടില്ല എന്നിരിക്കെ എളുപ്പത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ കണക്കുകൂട്ടുന്നുവോ എന്ന് 3: 142 ലും ചോദിക്കുന്നുണ്ട്. സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ 73: 19; 76: 29; 80: 11 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് പ്രഭാത-പ്രദോഷങ്ങളില്‍ വായിച്ച് തിലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിച്ചുകൊണ്ടും, 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച ജീവിതരീതിയും പ്രാര്‍ത്ഥനാരീതിയും പിന്‍പറ്റിക്കൊണ്ടും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റേണ്ടതാണ്. 2: 155-157, 186; 7: 94-96; 22: 78 വിശദീകരണം നോക്കുക.