كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ
മനുഷ്യരെല്ലാം ഒറ്റ സമുദായമായിരുന്നു, അപ്പോള്‍ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും മുന്നറിയിപ്പ് നല്‍കുന്നവരായും നബിമാരെ നിയോഗിച്ചു, ഗ്രന്ഥത്തില്‍ നിന്ന് അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ വിധി കല്പിക്കാന് വേണ്ടി അവരോടൊപ്പം ലക്ഷ്യത്തോടുകൂടി ഗ്രന്ഥവും ഇറക്കി, അവര്‍ക്കിടയിലെ താന്‍പോരിമ നിമിത്തം വ്യക്തമായ വെളിപാടുകള്‍ വന്നു കിട്ടിയതിനുശേഷമല്ലാതെ ഗ്രന്ഥം നല്‍കപ്പെട്ടവരായ അവര്‍ അതില്‍ ഭിന്നിച്ചിട്ടുമില്ല, അപ്പോള്‍ വിശ്വാസികളായവരെ അല്ലാഹു അവന്റെ സമ്മതപത്രം കൊണ്ട് സത്യത്തില്‍ നിന്ന് ഏതൊന്നിലാണോ അവര്‍ ഭിന്നിച്ചത് ആ കാര്യത്തില്‍ മാര്‍ഗദര്‍ശനം ചെയ്തു, അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ നേരെചൊവ്വെയുള്ള മാര്‍ഗത്തിലേക്ക് നയിക്കുന്നു.
മനുഷ്യരെല്ലാം ആദ്യത്തില്‍ ഒറ്റ സമുദായമാകാതിരുന്നില്ല എന്ന് 10: 19 ലും പറഞ്ഞിട്ടുണ്ട്. 2: 2 ല്‍ വിവരിച്ച പ്രകാരം ലൗഹുല്‍ മഹ്ഫൂളില്‍ സൂക്ഷിക്കപ്പെട്ട ഒറ്റ ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ് ഭൂമിയിലേക്ക് വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആദ്യമായി ശരീരത്തോടുകൂടിയ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് ആദ്യത്തെ പ്രവാചകനായ നൂഹിനാണ്. എല്ലാ പ്രവാചകന്മാര്ക്കും വെളിപാടും ത്രാസ്സുമായ ഗ്രന്ഥം നല്‍കിയിട്ടുണ്ട് എന്ന് 57: 25 ല്‍ പറഞ്ഞിട്ടുണ്ട്. ആ ഗ്രന്ഥമനുസരിച്ചാണ് എല്ലാ നബിമാരും വിധികല്പിച്ചിട്ടുള്ളത്. 2: 136 ല്‍ വിവരിച്ച പ്രകാരം എല്ലാ നബിമാരും ഒരേ ദൗത്യം നിര്വ്വഹിക്കുന്നതിനുവേണ്ടിയും ഇസ്ലാമിലുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. 16: 2, 36; 21: 24-25 വിശദീകരണം നോക്കുക. എക്കാലത്തും ഗ്രന്ഥം കിട്ടിയവര്‍ മാത്രമാണ് ഭിന്നിച്ചിട്ടുള്ളത് എന്ന് 42: 13-14 ലും 98: 4 ലും പറഞ്ഞിട്ടുണ്ട്. 45: 17 ല്‍, ഇസ്റാഈല്‍ സന്തതികളെക്കുറിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: അവര്‍ക്ക് നമ്മുടെ കല്പനയില് നിന്നുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി, എന്നാല്‍ അവര്‍ക്ക് വ്യക്തമായ അറിവ് വന്നുകിട്ടിയതിനുശേഷം അവര്‍ക്കിടയിലുള്ള താന്‍പോരിമ നിമിത്തമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല, നിശ്ചയം നിന്റെ നാഥന് അവര്‍ക്കിടയില്‍ വിധിദിവസം അവര്‍ ഭിന്നിച്ച വിഷയത്തില്‍ വിധികല്‍പിക്കുന്നതാണ്.
ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമായതുകൊണ്ട് 35: 32 ല്‍ പറഞ്ഞ പ്രകാരം അത് അനന്തരമെടുത്ത പ്രവാചകന്റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ മാത്രമാണ് ഭിന്നിച്ചുകൊണ്ടിരിക്കുന്നത്. നാഥനെ നിഷ്പക്ഷവാനായി പരിഗണിക്കാത്ത ഫുജ്ജാറുകളായ കുഫ്ഫാറുകളോട് പ്രവാചകന്റെ കൂടെയുള്ളവര്‍ കാര്‍ക്കശ്യത്തില്‍ പെരുമാറുന്നതാണ് എന്ന് 48: 29 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. പ്രവാചകന്റെ കൂടെയുള്ള വിശ്വാസികള്‍ എന്ന് പറയാതെ പ്രവാചകന്റെ കൂടെയുള്ളവര്‍ എന്ന് പറഞ്ഞതില്‍ നിന്നും അവര്‍ ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരാണെന്ന് മനസ്സിലാക്കാം. വിവിധ സംഘടനകളായിപ്പിരിഞ്ഞ് ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ക്ക് ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഈ സൂക്തത്തിലും 2: 255; 10: 100; 14: 1; 22: 65 തുടങ്ങി 30 സൂക്തങ്ങളിലും പരാമര്‍ശിച്ച 'സമ്മതപത്രം' കൊണ്ടുദ്ദേശിക്കുന്നത് 1: 5; 4: 68; 6: 153; 42: 52 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ തന്നെയാണ്. 16: 64 ല്‍, മനുഷ്യര്‍ ഏതൊരു വിഷയത്തിലാണോ ഭിന്നിച്ചിട്ടുള്ളത്, അത് അവര്‍ക്ക് വെളിവാക്കിക്കൊടുക്കുന്നതിനല്ലാതെ നിനക്ക് നാം ഈ ഗ്രന്ഥം ഇറക്കിയിട്ടില്ല, അത് വിശ്വാസികളായ ജനതക്ക് സന്മാര്ഗവും കാരുണ്യവും തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്.
അപ്രകാരം നാം നിനക്ക് നമ്മുടെ കല്പനയാലുള്ള ഒരു റൂഹിനെ ദിവ്യസന്ദേശമായി നല്കി, ഇതിനുമുമ്പ് നിനക്ക് എന്താണ് ഗ്രന്ഥമെന്നും എന്താണ് വിശ്വാസമെന്നും അറിയുമായിരുന്നില്ല, എന്നാല്‍ നാം ആ റൂഹിനെ (ഗ്രന്ഥത്തെ) ഒരു പ്രകാശമാക്കി, ആ ഗ്രന്ഥം കൊണ്ട് നമ്മുടെ അടിമകളില്‍ നാം ഉദ്ദേശിക്കുന്നവരെ നാം സന്മാര്ഗത്തിലാക്കുന്നു, നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് തന്നെയാണ് ജനങ്ങളെ മാര്‍ഗദര്‍ശനം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് 42: 52 ലും; ആരാണോ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളിലും പറഞ്ഞിട്ടുള്ളത് ഇത്തരം ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 16: 37 ല്‍, നീ അവരുടെ സന്മാര്‍ഗത്തിനുവേണ്ടി എത്ര തന്നെ പരിശ്രമിച്ചാലും ആരാണോ അവനെ സ്വയം വഴിപിഴപ്പിച്ചത്, അപ്പോള്‍ നിശ്ചയം അല്ലാഹു അവനെ ഒരിക്കലും സന്മാര്ഗത്തിലാക്കുകയില്ല, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 119, 176; 7: 178; 10: 108-109 വിശദീകരണം നോക്കുക.