( അല്‍ ബഖറ ) 2 : 216

كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ ۖ وَعَسَىٰ أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ ۖ وَعَسَىٰ أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ ۗ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ

യുദ്ധം നിങ്ങളുടെമേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു -അത് നിങ്ങള്‍ക്ക് വെറുപ്പുള്ളതാണെങ്കിലും ശരി, നിങ്ങള്‍ വെറുക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമായേക്കാം, നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അത് നിങ്ങള്‍ക്ക് തിന്മയുമായേക്കാം, അല്ലാഹു അറിയുന്നു, നിങ്ങളോ അറിവില്ലാത്തവരുമാകുന്നു.

പുരുഷന്മാരില്‍ നിന്ന് ബലഹീനന്മാരായിട്ടുള്ളവരും സ്ത്രീകളും കുട്ടികളും 'ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഈ അക്രമികളില്‍ നിന്ന് പുറപ്പെടുവിച്ചാലും, ഞങ്ങള്‍ക്ക് നിന്നില്‍ നിന്നുള്ള ഒരു സംരക്ഷകനെയും സഹായിയെയും നിയോഗിച്ച് തന്നാലും' എന്ന് നാഥനോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നിരിക്കെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുപറ്റി എന്ന് 4: 75 ല്‍ ചോദിക്കുന്നു. തങ്ങളുടെ കൈകള്‍ ചുരുട്ടുക, നമസ്കാരം നിലനിര്‍ത്തുക എന്ന് പറയപ്പെട്ടിരുന്ന ഒരു വിഭാഗം ജനതയിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞുവോ? അങ്ങനെ അവരില്‍ ഒരു വിഭാഗം അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ അല്ലെങ്കില്‍ അതിലുപരി ജനങ്ങളെ ഭയപ്പെടുന്നു. അവര്‍ ചോദിക്കുകയും ചെയ്യുന്നു: ഞങ്ങളുടെ നാഥാ, എന്താണ് ഞങ്ങള്‍ക്ക് യുദ്ധം കല്‍പിക്കപ്പെട്ടത്? അത് അല്‍പകാലത്തേക്ക് പിന്തിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ. അവരോട് പറയുക: ഐഹികലോകത്തെ വിഭവങ്ങള്‍ തുച്ഛമാണ്, പരലോകമാണ് അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്, നിങ്ങള്‍ തരിമ്പുപോലും അനീതി കാണിക്കപ്പെടുന്നവരാവുകയില്ല എന്ന് 4: 77 ലും പറഞ്ഞിട്ടുണ്ട്. യുദ്ധം അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അതുവഴി ഇഹലോകത്തിന് പകരം പരലോകം വാങ്ങുകയാണ് എന്നും വിശ്വാസികള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ കപടവിശ്വാസികളായിരുന്നു അതില്‍ നീരസം പ്രകടിപ്പിച്ച് പിന്തിരിഞ്ഞിരുന്നത്. 4: 66, 74 വിശദീകരണം നോക്കുക. അവരെക്കുറിച്ച് 47: 20 ല്‍, യുദ്ധം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഒരു സൂറത്ത് അവതരിക്കപ്പെട്ടാല്‍ തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ മരണവെപ്രാളം പൂണ്ട് കണ്ണ് ചുഴറ്റിയെറിയുന്നവരെപ്പോലെ നിന്നെ നോക്കുന്നതായി കാണാം എന്നും പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമോ വധമോ ഇല്ല. മറിച്ച്, അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുന്ന കാഫിറുകളോട് അ ധികരിച്ച ജിഹാദ് മാത്രമാണുള്ളത്. അതോടൊപ്പം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനും മനുഷ്യര്‍ പരസ്പരം തിരിച്ചറിഞ്ഞ് മാനുഷിക ഐക്യം സ്ഥാപിതമാകാ നും രക്തച്ചൊരിച്ചിലും നശീകരണപ്രവര്‍ത്തനങ്ങളും ഇല്ലാതാക്കാനും ഇസ്ലാമിനെ മായ്ച്ചുകളഞ്ഞ് കുഫ്ര്‍ വ്യവസ്ഥ നടപ്പില്‍ വരുത്തുന്ന മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാട് നീട്ടാനും ലക്ഷ്യം വെച്ചുകൊണ്ട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ദേശ-ഭാഷ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും വേണം. 2: 232; 3: 66; 16: 74; 24: 19 തുട ങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത് അല്ലാഹു അറിയുന്നു, നിങ്ങളോ അറിവില്ലാത്തവരുമാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 2: 190-193; 33: 12-13, 73 വിശദീകരണം നോക്കുക.