وَلَا تَنْكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنْكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا ۚ وَلَعَبْدٌ مُؤْمِنٌ خَيْرٌ مِنْ مُشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُولَٰئِكَ يَدْعُونَ إِلَى النَّارِ ۖ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ ۖ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന സ്ത്രീകളെ അവര്‍ യഥാര്‍ത്ഥ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്യുകയുമരുത്, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന സ്ത്രീയേക്കാള്‍ ഉത്തമം വിശ്വാസിയായ അടിമസ്ത്രീ തന്നെയാണ്-അവള് നിങ്ങളെ എത്ര മോഹിപ്പിക്കുന്നുവെങ്കിലും ശരി, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്മാര്ക്ക് അവര്‍ യഥാര്‍ത്ഥ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുകയുമരുത്, അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷനേക്കാള്‍ വിശ്വാസിയായ അടിമ തന്നെയാണ് ഉ ത്തമം -അവന് നിങ്ങളെ എത്ര മോഹിപ്പിക്കുന്നുവെങ്കിലും ശരി, അക്കൂട്ടര്‍ നര കത്തിലേക്കാണ് വിളിക്കുന്നത്, അല്ലാഹുവാകട്ടെ അവന്റെ സമ്മതപത്രം കൊണ്ട് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമാണ് വിളിക്കുന്നത്, മനുഷ്യര്ക്കുവേ ണ്ടി അവന് അവന്റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ചുകൊടുക്കുന്നു, അവര്‍ ഹൃദയംകൊണ്ട് ഓര്മ്മിപ്പിക്കുന്നവരാകുന്നതിനുവേണ്ടി.
5: 5 ല്‍, നിങ്ങള്‍ക്ക് പരിശുദ്ധമായ എല്ലാ ഭക്ഷണവിഭവങ്ങളും മുമ്പ് വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണവിഭവങ്ങളും അനുവദിക്കപ്പെട്ടിരിക്കുന്നു, വിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെയും വേദക്കാരില്‍ നിന്നുള്ള ചാരിത്ര്യവതികളെയും അവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കൊണ്ട് വിവാഹം കഴിക്കല്‍ അനുവദിച്ചിരിക്കുന്നു -നിങ്ങള്‍ ജാരസന്താനങ്ങളെ തെരഞ്ഞെടുക്കാതിരിക്കാനും വ്യഭിചാരത്തില്‍ നിന്ന് അകന്നു നില്‍ക്കാനും വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. 4: 25 ല്‍, പതിവ്രതകളായ കുലീനസ്ത്രീകളെ വിവാഹം കഴിക്കുന്നതിന് വിവാഹമൂല്യം നല്കാന് സാമ്പത്തികശേഷി ഇല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. സ്വന്തത്തെയും കുടുംബാംഗങ്ങളെയും നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കല്‍ വിശ്വാസിയായ പുരുഷന്റെ ബാധ്യതയാണ് എന്ന് 66: 6 ലും; പുരുഷന്മാര് സ്ത്രീകളുടെ നിയന്ത്രാതാക്കളാണ് എന്ന് 4: 34 ലും പറഞ്ഞിട്ടുണ്ട്. വേദവാഹകരായ സ്ത്രീകളെ അവര്‍ വേദപരിജ്ഞാനമുള്ളവരായതുകൊണ്ട് വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ വിശ്വാസികളായ സ്ത്രീകളെ വേദക്കാരായ പുരുഷന്മാര്ക്ക് വിവാഹം ചെയ്തുകൊടുക്കരുതെന്ന് പ്രപഞ്ചനാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിക്കുന്നത് ഭംഗി, തറവാട്, ധനം, ദീന് എന്നീ നാല് കാര്യങ്ങള്‍ നോക്കിയാണ്. എന്നാല്‍ വിശ്വാസികളായ സ്ത്രീപുരുഷന്മാര് ദീനിനാണ് പ്രാമുഖ്യം നല്‍കേണ്ടത്, അല്ലാതെ മറ്റുമൂന്ന് കാര്യങ്ങള്‍ക്കല്ല എന്നാണ് അവര്‍ നിങ്ങളെ എത്ര മോഹിപ്പിക്കുന്നുണ്ടെങ്കിലും ശരി എന്ന് പറഞ്ഞതിന്റെ പൊരുള്‍.
അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള ബന്ധം മാത്രമേ പരലോകത്ത് ഗുണപ്രദമാവുകയുള്ളൂ. അതിനാല്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന പുരുഷന്മാരും സ്ത്രീകളും തമ്മിലാണ് വിവാഹം നടക്കേണ്ടത്. എങ്കില്‍ മാത്രമേ സജ്ജനങ്ങളായ സന്താനങ്ങളുണ്ടാവുകയും സ്വര്‍ഗത്തില്‍ ഒരുമിച്ച് ചേരുകയുമുള്ളൂ. ഇന്ന് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ ഫുജ്ജാറുകളെല്ലാം നാഥന്റെ ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളും യഥാര്‍ത്ഥ കാഫിറുകളുമായിത്തീര്ന്നിട്ടുള്ളതിനാല് അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ക്ക് നരകത്തിന്റെ വിറകുകളായ അവരില്‍ നിന്നുള്ളവരെ വിവാഹം ചെയ്യാവുന്നതല്ല. യഥാര്‍ത്ഥത്തില്‍, അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളേണ്ട ഇക്കാലത്ത് മര്‍യമിനെയും ആസ്യയെയും മാതൃകയായി സ്വീകരിച്ചുകൊണ്ട് വിവാഹം ചെയ്യാതെ നിലകൊള്ളുകയാണ് വേണ്ടത്. അങ്ങനെയാണ് മനുഷ്യരില്‍ നിന്ന് മലക്കുകളെ പ്രതിനിധികളായി നിശ്ചയിക്കുമെന്ന് 43: 60 ല്‍ പറഞ്ഞത് നടപ്പിലാവുക. എന്നാല്‍ ആത്മനിയന്ത്രണം പാലിച്ച് ജീവിക്കാന്‍ സാധിക്കുകയില്ല എന്ന് ഭയപ്പെടുന്നവര്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ താരതമ്യേന പ്രകൃതിജീവിതത്തില്‍ നിലകൊള്ളുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീപുരുഷന്മാരെ വിവാഹം കഴിക്കാവുന്നതാണ്. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളുമായും അതിനെ തള്ളിപ്പറയുന്ന കുഫ്ഫാറുകളുമായും വിവാഹബന്ധം എന്ന് മാത്രമല്ല, ആത്മാര്‍ത്ഥമായ ഒരു ബന്ധവും വെച്ചുപുലര്‍ത്താന്‍ വിശ്വാസിക്ക് പാടില്ല. കാരണം നരകത്തിന്റെ വിറകുകളായ അവര്‍ മറ്റുള്ളവരെ നരകത്തിലേക്കാണ് പിടിച്ചുവലിച്ച് കൊണ്ടുപോവുക. ഇവര്‍ രണ്ടുകൂട്ടരെയും ശിക്ഷിക്കാനാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73 സൂക്തങ്ങളിലും; ഈസാ രണ്ടാമത് വന്നാല്‍ ശപിക്കപ്പെട്ട ഇവര്‍ വധിക്കപ്പെടുമെന്ന് 33: 60-61 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.
അല്ലാഹുവാകട്ടെ അവന്റെ സമ്മതപത്രം കൊണ്ട് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമാണ് വിളിക്കുന്നത് എന്ന് പറഞ്ഞതിന്റെ വിവക്ഷ, അവന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസം രൂപപ്പെടുത്താനും തെറ്റുകുറ്റങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനുമുള്ള ഏക ഉപകരണമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് സ്വര്‍ഗത്തിലേക്കുള്ള ഏകപാതയില് സ്വയം മുന്നേറുക എന്നാണ്. അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ഏതൊരാള്‍ക്കും വിശ്വാസിയാകാവുന്നതാണ്. എന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസിയാക്കാന്‍ സാധ്യമല്ല തന്നെ. അപ്പോള്‍ മനുഷ്യര്‍ ഹൃദയം കൊണ്ട് ഓര്മ്മിക്കുന്നവരാകുന്നതിന് വേണ്ടി അവന് അവന്റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ചുകൊടുക്കുന്നു എന്ന് പറഞ്ഞതിന്റെ വിവക്ഷ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമുള്ള, ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പ്രചരിപ്പിക്കുക വഴി മനുഷ്യര്‍ പരസ്പരം തിരിച്ചറിഞ്ഞ് രക്തച്ചൊരിച്ചിലിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകാതെ സമാധാനത്തോടുകൂടി നിശ്ചയിച്ച അവധി എത്തുന്നതുവരെ ഇവിടെ ജീവിച്ചുപോകുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ല, അപ്പോള്‍ ഈ നാഥനെക്കുറിച്ച് നിങ്ങള്‍ മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ ചോദിച്ചിട്ടുണ്ട്. 14: 25; 28: 43, 46, 51; 39: 27; 44: 58 തുടങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത്, അവര്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഓര്മ്മിപ്പിക്കുന്നവരാകുന്നതിന് വേണ്ടി എന്ന ആശയത്തോടുകൂടിയാണ്. 24: 3, 31-32; 36: 10-11; 57: 27 വിശദീകരണം നോക്കുക.