فِي الدُّنْيَا وَالْآخِرَةِ ۗ وَيَسْأَلُونَكَ عَنِ الْيَتَامَىٰ ۖ قُلْ إِصْلَاحٌ لَهُمْ خَيْرٌ ۖ وَإِنْ تُخَالِطُوهُمْ فَإِخْوَانُكُمْ ۚ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ۚ وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ
ഇഹലോകത്തിലും പരലോകത്തിലും, അനാഥകളെക്കുറിച്ചും അവര്‍ നിന്നോട് ചോദിക്കുന്നുവല്ലോ, നീ പറയുക: അവര്‍ക്ക് ഗുണപ്രദമായ രീതിയില്‍ വര്‍ത്തിക്കലാണ് ഉത്തമം, ഇനി നിങ്ങള്‍ അവരോട് കൂട്ടിക്കലര്ത്തുകയാണെങ്കില് അവര്‍ നിങ്ങളുടെ സഹോദരന്മാര് തന്നെയല്ലേ, അല്ലാഹു സുകൃതം ചെയ്യുന്നവരില്‍ നിന്ന് നാശകാരിയെ അറിയുന്നവന് തന്നെയാകുന്നു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഞെരുക്കുക തന്നെ ചെയ്യുമായിരുന്നു, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞാനിയുമാകുന്നു.
മദ്യം എന്നുപറഞ്ഞതില്‍ കറുപ്പ്, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നു. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ചൂതാട്ടത്തില്‍ ശീട്ടുകളി, ലോട്ടറി തുടങ്ങി അര്‍ഹതയില്ലാതെ ചുളുവിലും എളുപ്പത്തിലും ചൂഷണത്തിന്റെ അടിസ്ഥാനത്തില്‍ പണം നേടുന്ന/നഷ്ടപ്പെടുന്ന എല്ലാ പ്രവൃത്തികളും ഉള്‍പ്പെടുന്നു. മദ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ആദ്യപടിയായി അവതരിച്ചിട്ടുള്ള സൂക്തമാണിത്. അതിനുശേഷം 4: 43 ല്‍ വിശ്വാസികളോട്, നിങ്ങള്‍ ലഹരി ബാധിച്ചവരായിക്കൊണ്ട്, പറയുന്നത് എന്താണെന്ന് തിരിച്ചറിയുന്നതുവരെ നമസ്കാരത്തോട് അടുക്കരുത് എന്ന് കല്പിച്ചുകൊണ്ട് മദ്യം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരം ഗുണത്തിലേറെ ദോഷമാണ് ചെയ്യുകയെന്നും, ആശയമറിയാതെ ഗ്രന്ഥം നമസ്കാരത്തിലാണെങ്കിലും പാരായണം ചെയ്യാന്‍ പാടില്ലെന്നും പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഉറക്കം അതിജയിച്ച അവസ്ഥയിലും അധികരിച്ച വിശപ്പും ക്ഷീണവുമുള്ള അവസ്ഥയിലും മലമൂത്രവിസര്‍ജ്ജനം ചെയ്യാനുണ്ടായിരിക്കെ അത് ചെയ്യാതെയും നമസ്കരിക്കരുതെന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. നിശ്ചയം മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അമ്പുകള്‍ കൊണ്ട് ഭാഗ്യം പരീക്ഷിക്കലുമെല്ലാം പിശാചിന്റെ പ്രവര്‍ത്തന ങ്ങളില്‍ പെട്ട മാലിന്യമാണെന്നും, അപ്പോള്‍ നിങ്ങള്‍ വിജയം വരിക്കുന്നവരാകുന്നതിനുവേണ്ടി അവനെ വര്‍ജ്ജിക്കുക, നിശ്ചയം പിശാച് മദ്യം കൊണ്ടും ചൂതാട്ടം കൊണ്ടും നിങ്ങള്‍ക്കിടയില്‍ ശത്രുതയും പോരും ഉണ്ടാക്കുന്നതിനും അദ്ദിക്റില്‍ നിന്നും 'അല്ലാഹ്' എന്ന സ്മരണയോടുകൂടിയുള്ള നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് ഉദ്ദേശിക്കുന്നത്, അപ്പോള്‍ നിങ്ങള്‍ വിരമിക്കുന്നില്ലെയോ എന്ന ആശയത്തിലുള്ള 5: 90-91 സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പിന്നീട് മദ്യം പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയുമുണ്ടായി.
ഈ സൂക്തത്തില്‍ എത്രയാണ്, എന്താണ് ചെലവഴിക്കേണ്ടത് എന്ന് ചോദിച്ചതിന് മറുപടിയായി 'ചെലവ് കഴിച്ച് ബാക്കിയുള്ളതെല്ലാം ചെലവഴിക്കുക' എന്ന് പറയാനാണ് പ്രവാചകനോട് കല്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ആര്‍ക്കൊക്കെയാണ് ചെലവഴിക്കേണ്ടതെന്ന് 2: 215 ല്‍ പറഞ്ഞിട്ടുണ്ടെങ്കിലും, പിന്നീട് 9: 60 അവതരിപ്പിച്ചുകൊണ്ട് സകാത്തിന്റെ അവകാശികള്‍ ആരാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഇഹപരജീവിതവിജയത്തെക്കുറിച്ച് നിങ്ങള്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നവരാകുന്നതിനുവേണ്ടി അല്ലാഹുവിന്റെ സൂക്തങ്ങള്‍ വ്യക്തമായി വിവരിച്ചുതരുന്നു എന്ന് പറഞ്ഞാല്‍, മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് ഭൂമിയിലേക്ക് നിയോഗിച്ചത് ഭൂമിയില്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ അല്ലാഹു നല്കിയ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ വെച്ച് സമ്പാദിക്കാനും മരണത്തോടുകൂടി സമ്പാദിച്ച സ്വര്‍ഗം അനന്തരമെടുക്കാനുമാണ്. അതിനുള്ള ഉപകരണമാണ് ഏറ്റവും വലിയ അനുഗ്രഹവും ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍.
അനാഥകള്‍ക്ക് അവരുടെ ധനം നല്‍കുക, നിങ്ങള്‍ പരിശുദ്ധമായതിന് പകരം മ്ലേഛമായത് എടുക്കരുത്, നിങ്ങളുടെ ധനവും അവരുടെ ധനവും കൂട്ടിക്കലര്‍ത്തരുത്, നിശ്ചയം അത് വമ്പിച്ച അപരാധം തന്നെയാണ് എന്ന സൂക്തം 4: 2 ഉം; നിശ്ചയം അനാഥകളുടെ ധനം അവിഹിതമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തീയാണ് നിറക്കുന്നത്, അവര്‍ നരകത്തില്‍ കരിക്കപ്പെടുക തന്നെ ചെയ്യും എന്ന സൂക്തം 4: 10 ഉം അവതരിക്കപ്പെട്ടപ്പോള്‍ അനാഥകളുടെ ധനം അറിയാതെ തങ്ങളുടെ ധനത്തില്‍ കൂടിക്കലര്‍ന്നാല്‍ നരകത്തില്‍ പോകേണ്ടി വരുമല്ലോ എന്ന് മദീനയിലുള്ള വിശ്വാസികള്‍ക്ക് വലിയ പരിഭ്രമമുണ്ടായി. അപ്പോഴാണ് ഈ സൂക്തത്തിലൂടെ അവര്‍ നിങ്ങളുടെ സഹോദരങ്ങള്‍ തന്നെയാണ്; നിങ്ങളുടെ ഭക്ഷണവിഭവങ്ങള്‍ കൂടിക്കലരുകയാണെങ്കില്‍ അത് അവര്‍ക്ക് ദോഷം വരുന്ന വിധത്തിലായിരിക്കരുത്, അനാഥകള്‍ക്ക് നിങ്ങളുടേതിനേക്കാള്‍ മുന്‍ഗണന കൊടുക്കണം, കരുതിക്കൂട്ടി അവരുടെ ധനം തിന്നുകയോ അവര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും നിങ്ങളില്‍ നിന്ന് ഉണ്ടാവുകയോ അരുത് എന്ന ഉപദേശം അല്ലാഹു നല്‍കുന്നത്. വിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം മക്കളേക്കാള്‍ അനാഥകള്‍ക്ക് എല്ലാ വിഷയത്തിലും പ്രാധാന്യം കൊടുക്കുന്നതാണ്. അനാഥകളെ ബഹുമാനിക്കുന്നവരാണ് വിശ്വാസികളും വിജയം വരിക്കുന്നവരും എന്ന് 89: 17 ല്‍ പറഞ്ഞിട്ടുണ്ട്. 2: 177; 76: 8-9; 90: 15 വിശദീകരണം നോക്കുക.